* ഈ ‘യാത്ര’യുടെ വിശദാംശങ്ങള് അറിയാന്‍ എന്റെ വെബ്‌സൈറ്റിലേക്കു വരാം.
Tuesday, 18 September 2012
‘അരവൈദ്യ’ന്റെ ‘ഓപ്പറേഷന്’...!
* ഈ ‘യാത്ര’യുടെ വിശദാംശങ്ങള് അറിയാന്‍ എന്റെ വെബ്‌സൈറ്റിലേക്കു വരാം.
Saturday, 25 August 2012
അമ്മ - ടീച്ചർ - അമ്മ
1985-ന്റെ രണ്ടാം പകുതിയിലൂടെ കടന്നുപോകുകയാണ് എന്റെ യാത്ര - ടീച്ചറുടെ മകന്‍ എന്ന ‘ലേബല്‍’ വഹിക്കുന്നതു കൊണ്ട് അദ്ധ്യാപകരും മുതിര്‍ന്ന ക്ലാസ്സുകളിലെ ചേട്ടന്മാരും ചേച്ചിമാരും ക്ലാസ്സിലെ കൂട്ടുകാരുമൊക്കെ നല്‍കുന്ന പ്രത്യേക പരിഗണനയുടെ സുഖം ആസ്വദിച്ചുകൊണ്ട് ടീച്ചര്‍മാരുടെയും സഹപാഠികളുടെയും സ്നേഹഭാജനമായി കഴിഞ്ഞിരുന്ന ആ മൂന്നാം ക്ലാസ്സുകാരന്റെ നാളുകള്‍ എല്ലാ അര്‍ത്ഥത്തിലും ആഹ്ലാദം നിറഞ്ഞതായിരുന്നു. എന്നും രാവിലെ സ്കൂളിലേക്കുള്ള ഓട്ടത്തില്‍ തുടങ്ങുന്ന സന്തോഷം വൈകീട്ട് കൂട്ടുകാരോടൊപ്പം കളിച്ചുല്ലസിച്ച് വീട്ടില്‍ തിരിച്ചെത്തുന്നതുവരെ നീളും. രാവിലെ ഒന്‍പതര കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടില്‍നിന്ന് ഇറങ്ങി രണ്ടുകിലോമീറ്ററോളം ഓടിക്കിതച്ച്, ബെല്ലടിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാവും സ്കൂളിലെത്തുന്നത്. പിന്നെ ഉച്ച വരെ ക്ലാസ്സില്‍ കൂട്ടുകാരുടെ കൂടെ കളിചിരികളും വികൃതികളും ‘തല്ലുകൊള്ളിത്തര’ങ്ങളും ചില്ലറ പിണക്കങ്ങളുമൊക്കെയായി കഴിയുന്ന ആഹ്ലാദനിമിഷങ്ങള്‍. ഉച്ചയ്ക്ക് വീട്ടില്‍പ്പോയി ഊണുകഴിക്കുന്ന കുട്ടികള്‍ അവരുടെ വീടുകളിലേക്കോടുകയും മറ്റുള്ളവര്‍ സ്കൂളിലെ ‘ഔദ്യോഗിക ഉച്ചഭക്ഷണ’മായ ഉപ്പുമാവിനു വേണ്ടി കാത്തുനില്‍ക്കുകയോ വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഉച്ചഭക്ഷണപ്പൊതികള്‍ തുറക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ ഓഫീസ് റൂമിലായിരിക്കും എന്റെ സ്ഥാനം - സഹപ്രവര്‍ത്തകരോടൊപ്പം ഊണുകഴിക്കാനിരിക്കുന്ന അമ്മയുടെ അടുത്ത്. അമ്മ ചോറു കൊണ്ടുവരുന്ന മൂന്നു തട്ടുകളുള്ള ‘ടിഫിന്‍ കാരിയറി‘ന്റെ രണ്ടാമത്തെ തട്ട് എനിക്കുള്ളതാണ്. (മുകളിലെ തട്ടില്‍ കറിയും ഏറ്റവും അടിയിലത്തെ വലിയ തട്ടില്‍ അമ്മയ്ക്കുള്ള ചോറുമായിരിക്കും.) അദ്ധ്യാപകര്‍ തമ്മില്‍ കറികളും മറ്റും പങ്കിടുന്ന പതിവിന്റെ ഫലമായി കിട്ടുന്ന വൈവിധ്യമാര്‍ന്ന ഊണാണ് അടുത്ത സന്തോഷം. ഭക്ഷണം കഴിഞ്ഞ് രണ്ടുമണിക്ക് ക്ലാസ് തുടങ്ങുന്നതു വരെ സ്കൂളിന്റെ മുറ്റത്തും അടുത്തുള്ള പറമ്പുകളിലുമൊക്കെയായി കൂട്ടുകാരോടൊപ്പം ഓട്ടവും ചാട്ടവുമൊക്കെയായി ആസ്വദിക്കാനുള്ള സമയം. വൈകീട്ട് നാലുമണിക്ക് സ്കൂള്‍ വിട്ടുകഴിഞ്ഞാല്‍ കൂട്ടുകാരോടൊപ്പം റോഡ് മുഴുവന്‍ കൈയടക്കിക്കൊണ്ട് വീട്ടിലേക്കുള്ള മടക്കയാത്ര ആഹ്ലാദത്തിന്റെ അടുത്ത ഘട്ടമാകും.
ഒരു ദിവസം പതിവുപോലെ ഉച്ചയ്ക്ക് ഓഫീസ് റൂമിലെത്തിയപ്പോള്‍ മേശയും ബെഞ്ചുകളുമൊക്കെ പതിവു സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നീക്കിയിട്ടിരിക്കുന്നു. (ഓഫീസ് റൂമില്‍ കസേരയുണ്ടായിരുന്നത് ഹെഡ്‌മാസ്റ്റര്‍ക്കു മാത്രം. മറ്റ് അദ്ധ്യാപകര്‍ക്കെല്ലാം കൂടി ഒരു വലിയ മേശയും - അതോ രണ്ടു മേശകള്‍ ചേര്‍ത്തിട്ടിരുന്നതാണോ? ഓര്‍മയില്ല - രണ്ടു ബെഞ്ചുകളുമാണ് ഉണ്ടായിരുന്നത്.) അകത്ത് എന്തോ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. അമ്മയും മറ്റ് അദ്ധ്യാപകരും ഉച്ചഭക്ഷണപ്പാത്രങ്ങളുമായി പുറത്തേക്കിറങ്ങുന്നു. രാധ ടീച്ചര്‍, സുമേധ ടീച്ചര്‍, സുശീല ടീച്ചര്‍, ശാന്ത ടീച്ചര്‍, കരുണന്‍ മാഷ്... എല്ലാവരും ഉണ്ട്. അമ്മയുടെ പിന്നാലെ ഞാനും ആ ‘ജാഥ’യില്‍ ചേര്‍ന്നു. വരാന്തയിലൂടെയുള്ള യാത്ര ഓഫീസ് റൂമിന്റെ പിന്നിലായി ആറ്, ഏഴ് ക്ലാസ്സുകള്‍ നടക്കുന്ന ഹാളിലേക്ക്.
ആ നടപ്പിനിടയില്‍ യാദൃശ്ചികമായി എന്റെ നോട്ടം തൊട്ടുമുന്‍പില്‍ നടക്കുന്ന അമ്മയുടെ കൈയിലെ ടിഫിന്‍ കാരിയറിലായി. മൂന്നു തട്ടുകളും അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ‘പട്ട’യും അതിനെ മുകളിലെ തട്ടിന്റെ മൂടിയുമായി ബന്ധിപ്പിക്കുന്ന സ്പൂണിന്റെ ആകൃതിയിലുള്ള ‘ആണി‘യും ചേര്‍ന്ന സംവിധാനം എന്നിലെ ‘മെക്കാനിക്കി’നെ ഉണര്‍ത്തിയത് പെട്ടെന്നായിരുന്നു. ആ ‘സ്പൂണ്‍’ എടുത്തുമാറ്റിയാല്‍ എങ്ങനെയിരിക്കും? മുഴുവനായി ഊരിയെടുക്കാതെ പാതി മാത്രം വലിച്ചെടുത്താലോ? (കൈയില്‍ കിട്ടുന്നതെന്തും ‘അഴിച്ചുപണി’യാനുള്ള ഈ ‘കുരുത്തംകെട്ട’ പ്രവണത എനിക്ക് പണ്ടേ ഉണ്ടായിരുന്നതാണ്. രണ്ടോ അതിലധികമോ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയ എന്തു സാധനവും - ഏതെങ്കിലും കളിപ്പാട്ടമോ ഉപകരണമോ എന്തുമാവാം - എന്റെ കൈയില്‍ കിട്ടിയാല്‍ അരമണിക്കൂറിനകം അതിന്റെ ‘പരിപ്പെടുത്തിരിക്കും’ ഞാന്‍!) ആലോചിച്ച് തലപുകയ്ക്കാനൊന്നും നിന്നില്ല. മെല്ലെ കൈ നീട്ടി ആ ‘സ്പൂണില്‍’ പിടിച്ച് വലിച്ചെടുത്തു. മുന്‍പരിചയമില്ലാഞ്ഞതുകൊണ്ടോ വലിച്ചതിന്റെ ‘ടൈമിങ്’ ശരിയല്ലാഞ്ഞതുകൊണ്ടോ എന്നറിയില്ല, മുകളിലെ രണ്ടു തട്ടുകളും ഒന്നിച്ച് മറിഞ്ഞുവീണു - ആദ്യം വരാന്തയിലേക്ക്, പിന്നെ അവിടെനിന്ന് മുറ്റത്തേക്കും. നടുവിലെ തട്ടിലുണ്ടായിരുന്ന ചോറ് ഏതാണ്ട് മുഴുവനും മുറ്റത്ത് ചിതറിവീണു. മുകളിലെ തട്ടിന് മൂടിയുടെ സംരക്ഷണമുണ്ടായിരുന്നതുകൊണ്ട് കാര്യമായ നഷ്ടം സംഭവിച്ചില്ല. വീഴ്ചയുടെ ആഘാതത്തില്‍ മൂടി തുറന്നുപോയെങ്കിലും കറിയുടെ പകുതിയോളം പാത്രത്തില്‍ - ത്തന്നെ ശേഷിച്ചു. അടിയിലത്തെ തട്ട് പട്ടയില്‍ കുടുങ്ങിക്കിടന്നതുകൊണ്ടാവാം വീഴാതെ നിന്നത്.
ഞാന്‍ ഒപ്പിച്ച വികൃതി കണ്ടില്ലെന്നു നടിക്കാനാവില്ലായിരുന്നു അമ്മയ്ക്ക്. (അതെനിക്കുമറിയാമായിരുന്നു!) വഴക്കിന്റെ പെരുമഴയ്ക്കു പിന്നാലെ അമ്മയുടെ കൈയും എന്റെ മേല്‍ വീഴുമെന്നാണ് കരുതിയതെങ്കിലും ഒപ്പമുണ്ടായിരുന്ന ടീച്ചര്‍മാര്‍ ഇടപെട്ടതുകൊണ്ടാണോ എന്നറിയില്ല, അതുമാത്രം ഉണ്ടായില്ല. നിലത്തുവീണ തട്ടുകള്‍ എന്നെക്കൊണ്ടുതന്നെ എടുപ്പിച്ച് അമ്മ ഏറ്റവും അടുത്തുള്ള വാതിലിലൂടെ ഹാളിലേക്കു കടന്ന് മറ്റു ടീച്ചര്‍മാരോടൊപ്പം ഏഴാം ക്ലാസ്സിലേക്കു നടന്നു. പിന്നാലെ ഞാനും. ടിഫിന്‍ കാരിയറിന്റെ തട്ടുകള്‍ ഡെസ്കിന്മേല്‍ വെച്ച ശേഷം ബെഞ്ചില്‍ ഇരിക്കുന്നതിനു പകരം എന്നോട് അവിടെ നില്‍ക്കാന്‍ പറഞ്ഞിട്ട് അമ്മ ക്ലാസ്സിലെ മേശയുടെ അടുത്തേക്കു നടന്നു. ‘പി പി’ ഇതെന്തിനുള്ള പുറപ്പാടാണെന്നറിയാതെ സഹപ്രവര്‍ത്തകരും അമ്മയുടെ മനസ്സിലിരിപ്പ് എന്തെന്നറിയാതെ ഞാനും ചെന്നുപെട്ട ആശയക്കുഴപ്പത്തിന് ഏതാനും നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായുള്ളൂ. മേശയില്‍ നിന്ന് അമ്മ പുറത്തെടുത്ത ‘സാധനം‘ കണ്ടതോടെ കാര്യങ്ങളുടെ കിടപ്പ് വ്യക്തമായി.
അത് ഒരു തുടക്കമായിരുന്നു - വരാനിരിക്കുന്ന അനേകം അനുഭവങ്ങള്‍ക്ക് ഒരു ചെറിയ തുടക്കം. സ്കൂളില്‍ അധ്യാപകരും വീട്ടില്‍ പത്തു വര്‍ഷത്തോളം അച്ഛനും അതിനിപ്പുറം എന്റെ പ്രിയപ്പെട്ട അഞ്ജുച്ചേച്ചിയും പലപ്പോഴായി ‘സ്നേഹപൂര്‍വം’ ‘സമ്മാനിച്ച’ ചെറുതും വലുതുമായ ഒട്ടേറെ ചൂരല്‍പ്രഹരങ്ങളുടെ മധുരസ്മരണകള്‍ അവശേഷിപ്പിച്ച പതിനാറു വര്‍ഷക്കാലയളവിലെ അനുഭവങ്ങള്‍ പലതും മറവിക്ക് വഴിമാറിയെങ്കിലും സ്നേഹം ചൂരലിന്റെ രൂപത്തില്‍ ‘അവതരി’ച്ച ആദ്യത്തെ അനുഭവമെന്ന നിലയിലും അമ്മയുടെ കൈയില്‍ നിന്ന് കിട്ടിയ ആദ്യത്തെയും അവസാനത്തെയും ചൂരല്‍പ്രയോഗം എന്ന നിലയിലും ഇരുപത്താറു വര്‍ഷം മുന്‍പത്തെ ആ നിമിഷങ്ങള്‍ ഇന്നും എന്റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു.
** Images of tiffin carrier and cane are used for the purpose of representation only.
Tuesday, 15 March 2011
ഒരു ‘താഡന’ത്തിന്റെ കഥ!
Saturday, 1 May 2010
ഫോണുകള്‍ ചോരുന്നത് അഥവാ കഥകള്‍ ഉണ്ടാകുന്നത്
സത്യസന്ധമായ നിസ്വാര്‍ഥ ജനസേവനമല്ലാതെ മറ്റു യാതൊരു വിധ താല്പര്യങ്ങളുമില്ലാത്ത അച്ചായന്മാരുടെയും വീരന്മാരുടെയും ‘ഫാക്ടറി’കളില്‍ രാവും പകലും പേനയുന്തിയും കട്ടയടിച്ചും വളര്‍ന്നു വരുന്ന ഭാവനാസമ്പന്നരായ കഥാകൃത്തുക്കളില്‍ നിന്ന് ഉറവെടുക്കുന്ന ഇതുപോലുള്ള കഥകള്‍ തുടര്‍ന്നും അനര്‍ഗളം പ്രവഹിക്കുമെന്ന് ദശലക്ഷക്കണക്കിന് വായനക്കാര്‍ പ്രതീക്ഷിക്കുന്നു. സത്യസന്ധവും കാര്യമാത്രപ്രസക്തവുമായ ലേഖനങ്ങളോ റിപ്പോര്‍ട്ടുകളോ പ്രസിദ്ധീകരിച്ച് പാവം കഥാകൃത്തുക്കളുടെ സര്‍ഗശേഷിയും ആത്മവീര്യവും ‘ചോര്‍ത്തി’ക്കളയുന്ന ‘കടുംകൈകള്‍’ ഇനിയെങ്കിലും ആവര്‍ത്തിക്കരുത് എന്നും താല്പര്യപ്പെടുന്നു!
---------------------------------------------------------------------------
കടപ്പാട്: ‘മനോരമ’ പത്രത്തിന്റെ കോപ്പി ലഭ്യമാക്കിയ ‘ദേശാഭിമാനി’ കണ്ണൂര്‍ യൂണിറ്റ്; പത്ര കട്ടിങ് സ്കാന്‍ ചെയ്ത് അയച്ചു തന്ന സുഹൃത്ത് ഭാനുപ്രകാശ് എന്നിവരോട്.
Saturday, 20 March 2010
ആദ്യ പ്രണയം...
(ഈ 'പ്രണയ കഥ'യെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടെ വരാം.)
Tuesday, 16 March 2010
ബാധ്യത...!
പൊന്‍മുടി, ഡിസംബര്‍ 21, 2016
.....
അത്യാധുനിക ഇലക്‍ട്രോണിക് നിയന്ത്രണ സംവിധാനങ്ങളോടുകൂടിയ, ഇറക്കുമതി ചെയ്ത ബസ്സിന്റെ രണ്ടാമത്തെ മാത്രം യാത്രയായിരുന്നു ഇത്. അപ്രതീക്ഷിതമായി ഉണ്ടായ കാറ്റിലും മഴയിലും റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന മരത്തില്‍ ഉരസിയ ഉടനെ ബസ് നിയന്ത്രണം വിടുകയായിരുന്നു. ഡ്രൈവറുടെ ശ്രദ്ധ തെറ്റിയാല്‍ പോലും പ്രത്യേക ‘നൈറ്റ് വിഷന്‍’ കാമറയില്‍ പകര്‍ത്തുന്ന റോഡിന്റെ ദൃശ്യങ്ങള്‍ കംപ്യൂട്ടര്‍ സഹായത്തോടെ വിശകലനം ചെയ്ത് ഗതി നിയന്ത്രിക്കുന്ന ‘ഇന്റലിജന്റ് ഡ്രൈവ്’ സംവിധാനമുള്ള ബസ്സിന്റെ നിയന്ത്രണ സംവിധാനം തകരാറിലായതാണ് അപകടത്തിനിടയാക്കിയത്. കമ്പ്യൂട്ടര്‍ സംവിധാനത്തിന്റെ നിര്‍മാണത്തില്‍ തന്നെ സാങ്കേതിക പിഴവുകള്‍ ഉണ്ടായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായതായി സാങ്കേതിക വിദഗ്‌ദ്ധര്‍ പറഞ്ഞു. അപകടത്തിന് അല്പം മുന്‍പ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലാകുന്ന സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ തനിക്ക് പരിശീലനം നല്‍കിയിരുന്നില്ലെന്ന് ഡ്രൈവര്‍ പറഞ്ഞതായി പരിക്കേറ്റ യാത്രക്കാര്‍ പറഞ്ഞു. ഡ്രൈവര്‍ അബോധാവസ്ഥയിലായതിനാല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.
അപകടത്തില്‍ പെട്ടവര്‍ക്ക് അടിയന്തര വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സംഭവ സ്ഥലം സന്ദര്‍ശിച്ച ആരോഗ്യമന്ത്രി സഫിയാബീവി പറഞ്ഞു. ജില്ലാ ആശുപത്രിയുടെ പുതിയ ബ്ലോക്ക് ഉദ്‌ഘാടനം ചെയ്യാന്‍ എത്തിയ മന്ത്രി അപകട വാര്‍ത്ത അറിഞ്ഞ് ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി സംഭവസ്ഥലത്ത് എത്തുകയായിരുന്നു.
സഹായധനം നല്‍കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പൊന്‍മുടി ബസ് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അടിയന്തര സഹായമായി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരെ ഇന്ന് സന്ദര്‍ശിക്കുമെന്നും അടിയന്തര മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പ്രസ്തുത സഹായവും നഷ്ടപരിഹാരവും നാട്ടുകാരില്‍ നിന്ന് ഈടാക്കേണ്ടിവരുമെന്ന് നിയമ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബസ്സുകള്‍ ഇറക്കുമതി ചെയ്യുന്നതിനു മുന്നോടിയായി മെഴ്‌സിഡസ്, ‘ഇന്റലിജന്റ് ഡ്രൈവ്’ സംവിധാനം ഡിസൈന്‍ ചെയ്ത അമേരിക്കന്‍ കമ്പനിയായ ‘റോബോഡ്രൈവ്’ എന്നീ കമ്പനികളുമായും യു എസ് - ജര്‍മന്‍ സര്‍ക്കാരുകളുമായും കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറുകളുടെ തുടര്‍ച്ചയായി കഴിഞ്ഞ മാസം പാസ്സാക്കിയ മോട്ടോര്‍ വാഹന (അപകട ബാധ്യത) (ഭേദഗതി) നിയമ പ്രകാരം ഇറക്കുമതി ചെയ്ത ബസ്സ് അപകടത്തില്‍ പെട്ടാല്‍ നിര്‍മാണത്തിലെ പിഴവാണ് കാരണമെങ്കില്‍ പോലും നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത പഞ്ചായത്ത് / നഗരസഭയ്ക്കാണെന്നതാണ് പ്രദേശവാസികള്‍ക്ക് ബാധ്യതയാകുന്നതെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.
......
പിന്‍കുറിപ്പ്: ഈ ‘ഭാവി പത്ര വാര്‍ത്ത’യ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ആണവ ബാധ്യതാ നിയമവുമായി യാതൊരു ബന്ധവും ഇല്ല എന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു...!!
Friday, 18 May 2007
ഓര്‍മകള്‍...
മനസ്സിന്റെ ഏതോ കോണില്‍ മായാതെ, ഒളി മങ്ങാതെ കിടന്നിരുന്ന സുഖമുള്ള കുറേ ഓര്‍മകള്‍. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മധുരമുള്ള ഓര്‍മകള്‍ക്കിടയില്‍ ഒരു സ്വകാര്യ നൊമ്പരം പോലെ ഒരു മുഖം കടന്നു വന്നു - കല്യാണിക്കുട്ടി ടീച്ചര്‍ - എന്റെ ‘ടീച്ചറമ്മ’. മാനവികതയുടെ ഏറ്റവും ഉദാത്തമായ ഭാവത്തിന്റെ - മാതൃത്വത്തിന്റെ - മാധുര്യവും നിര്‍വൃതിയും അനുഭവിക്കാന്‍ ഭാഗ്യമില്ലാതെ പോയ ഒരു പാവം ‘അമ്മ’. ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരായിരം കുഞ്ഞുങ്ങള്‍ക്ക് അളവില്ലാത്ത സ്നേഹവും വാത്സല്യവും ആവോളം വിളമ്പി നിര്‍വൃതിയടഞ്ഞ ആ അമ്മയുടെ അടുത്തെത്താന്‍ ഒരു നിമിഷം കൊതിച്ചുപോയി. മൊബൈലിലെ ‘കോണ്‍ടാക്റ്റ് ലിസ്റ്റ്’ല്‍ നിന്ന് നമ്പര്‍ പരതിയെടുക്കാന്‍ പോലും മിനക്കെടാതെ ‘സ്പീഡ് ഡയല്‍ മോഡി’ല്‍ ‘8’ ഡയല്‍ ചെയ്ത് കാത്തിരിക്കേ കാതില്‍ മുഴങ്ങുന്ന റിങ്ങിനൊപ്പം ഹൃദയം വല്ലാതെ പിടയ്ക്കുന്നതു പോലെ തോന്നി. ടീച്ചര്‍ ഫോണെടുത്തപ്പോള്‍ നാവില്‍ അറിയാതെ വന്നത് ‘അമ്മേ’ എന്ന്. ആ വിളിയോട് പ്രതികരിക്കാന്‍ കുറച്ചു നേരമെടുത്തു, ടീച്ചര്‍. ‘അമ്മേ’ എന്ന വിളി ഒരിക്കലെങ്കിലും ഒന്നു കേള്‍ക്കാന്‍ വര്‍ഷങ്ങളായി കൊതിച്ചിരുന്ന ആ മനസ്സിന്റെ തുടിപ്പ് ആ നിശ്ശബ്ദതയുടെ നിമിഷങ്ങളില്‍ കാതുകളില്‍ മുഴങ്ങുന്നതു പോലെ തോന്നി. ‘മോനേ… നീ…’ അങ്ങകലെ എവിടെയോ നിന്നെന്നോണം വാക്കുകള്‍ ഒഴുകിയെത്തി. ഒരൊറ്റ നിമിഷം – മനസ്സുകൊണ്ട് പത്തൊന്‍പതു വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക് പറന്നെത്താന്‍ അതു മതിയായിരുന്നു എനിക്ക് – ടീച്ചറുടെ പ്രിയപ്പെട്ട ‘കുട്ടി’യായിരുന്ന ആ പത്തുവയസ്സുകാരനാവാന്‍.
ആറു മിനിറ്റോളം നീണ്ട സംഭാഷണത്തിനൊടുവില്‍ ‘എന്‍ഡ്’ ബട്ടണമര്‍ത്തി മൊബൈലിനെ വിശ്രമിക്കാന്‍ വിട്ടു കഴിഞ്ഞിട്ടും മനസ്സ് വര്‍ത്തമാനകാലത്തിലേക്ക് തിരികെ വരാന്‍ മടിച്ചുനില്‍ക്കുന്നതു പോലെ തോന്നി. അമ്മയുടെ സ്നേഹത്തിന്റെ ശീതളച്ഛായയുപേക്ഷിച്ച് തലയ്ക്കു മുകളില്‍ ‘ഡെമോക്ലിസിന്റെ വാളു‘ പോലെ ഭീഷണിയുയര്‍ത്തുന്ന ‘ഡെഡ് ലൈനു’കളുടെ പൊള്ളുന്ന തീക്ഷ്ണതയിലേക്കു വരാന്‍ മടി തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...? ‘പ്രശ്ന നിവാരണ പദ്ധതി’ക്ക് ‘താല്‍ക്കാലിക മോറട്ടോറിയം’ പ്രഖ്യാപിച്ച് മനസ്സിനെ സ്വച്ഛമായി വിഹരിക്കാന്‍ വിട്ട് കസേരയില്‍ പിന്നോട്ടു ചാഞ്ഞ് ഞാന്‍ മെല്ലെ കണ്ണുകളടച്ചു. ടീച്ചറെക്കുറിച്ച് ഓര്‍ക്കുമ്പോളൊക്കെ മനസ്സില്‍ തെളിയാറുള്ള ദൃശ്യങ്ങള്‍ക്ക് ഇന്ന് മിഴിവേറിയതു പോലെ തോന്നി. അവിടെ...
*****
ക്ലാസ്സിനു മുന്‍പില്‍ മേശയുടെ അടുത്ത് നില്‍ക്കുകയാണ്‍ ടീച്ചര്‍, വലതു കൈയില്‍ ചൂരലുമായി. ടീച്ചറുടെ മുന്‍പില്‍ തെല്ലൊന്ന് കുനിഞ്ഞ മുഖവുമായി നില്‍ക്കുന്നു, ഒരു പത്തുവയസ്സുകാരന്‍. എന്തോ വികൃതി കാണിച്ചതിന് അവനെ ശിക്ഷിക്കാനൊരുങ്ങുകയാണെങ്കിലും ടീച്ചറുടെ മുഖത്ത് ഗൌരവത്തിന്റെയോ ദേഷ്യത്തിന്റെയോ ലാഞ്ഛന പോലുമില്ല. പകരം.… ആരുമറിയാതെ ഉള്ളിലൊതുക്കിയ ഒരു സ്വകാര്യ ദു:ഖത്തിന്റെ നേര്‍ത്ത അലകള്‍ ആ മുഖത്ത് തെളിയുന്നുണ്ടോ...? അറിഞ്ഞുകൂടാ.… തന്റെ പ്രിയപ്പെട്ട ടീച്ചറുടെ കൈയില്‍ നിന്ന് തല്ലു കിട്ടാന്‍ പോകുന്നു എന്ന തിരിച്ചറിവിന്റെ ആഘാതത്തിലും ആ അഞ്ചാം ക്ലാസ്സുകാരന്റെ മുഖത്ത് തല്ലിനെക്കുറിച്ചുള്ള ഭയാശങ്കകളില്ല. പകരം ടീച്ചറുടെ ദു:ഖം സ്വയം ഏറ്റുവാങ്ങിയോ എന്നു തോന്നിക്കുമാറുള്ള ഒരു വിഷാദച്ഛായ. താന്‍ ഏറ്റവുമധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ടീച്ചറെക്കൊണ്ട് ചൂരലെടുപ്പിക്കേണ്ടിവന്നതിലുള്ള വിഷമമാണ് ആ പത്തുവയസ്സുകാരന്റെ മുഖത്ത്.
‘നീ... നീ എന്തിനാണതു ചെയ്തത്...? അപകടമാണെന്ന് അറിയില്ലേ? ബാലന്‍സ് കിട്ടാതെ വീണിരുന്നെങ്കില്‍ എന്താകുമായിരുന്നു...?’ ടീച്ചറുടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ അവന് ഉത്തരമില്ലായിരുന്നു. ‘സോറി ടീച്ചര്‍… ആ സമയത്ത് ആലോചിക്കാതെ ചെയ്തുപോയതാണ്.…’ ‘ങും... ഇനിയത് ആവര്‍ത്തിക്കരുത്... അതിന്...’ ക്ലാസ്സിലെ തന്റെ ‘ബെസ്റ്റ് സ്റ്റുഡന്റി’നെ ശിക്ഷിക്കേണ്ടിവരുന്നതിന്റെ വിഷമം ഉള്ളിലൊതുക്കി ടീച്ചര്‍ അവനു നേരെ ചൂരല്‍ ഓങ്ങി. ടീച്ചറുടെ വാക്കുകളില്‍ നിറഞ്ഞു നിന്ന സ്നേഹവാത്സല്യങ്ങളെക്കുറിച്ചുളള തിരിച്ചറിവിന്റെ നിറവില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായി അവന്‍ മെല്ലെ മുഖം കുനിച്ചു.
മികച്ച ഒട്ടേറെ അധ്യാപകരുടെ ക്ലാസ്സുകളില്‍ ഇരിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട് എനിക്ക്. അവരില്‍ മിക്കവാറും എല്ലാവരുടെയും സ്നേഹം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. (ചിലരുടെയെങ്കിലും ‘സ്നേഹ’ത്തിന് ചൂരലിന്റെ മുഖമായിരുന്നു!) പക്ഷേ അവരില്‍ നിന്നൊക്കെ വ്യത്യസ്തമായി ഹൃദ്യമായ ഒരനുഭവം - അതായിരുന്നു കല്യാണിക്കുട്ടി ടീച്ചര്‍. സ്വപ്നങ്ങളില്‍പ്പോലും കടന്നുവരാനാവും വിധം എന്റെ മനസ്സിനെ കീഴടക്കുന്നതില്‍ ടീച്ചറോളം വിജയിച്ചവര്‍ വേറെയില്ല. വലതു കൈയില്‍ ചൂരലും മുഖത്ത് നേര്‍ത്ത ഒരു വിഷാദഛായയും മനസ്സു നിറയെ സ്നേഹത്തിന്റെ നറും പാലുമായി നില്‍ക്കുന്ന ടീച്ചറും തന്റെ പ്രിയപ്പെട്ട ടീച്ചറുടെ സ്നേഹവാത്സല്യങ്ങള്‍ നിറഞ്ഞ ചെറുപ്രഹരങ്ങള്‍ നിറഞ്ഞ മനസ്സോടെ ഏറ്റുവാങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന പത്ത് - പതിനൊന്നു വയസ്സുകാരനും സ്കൂള്‍ ജീവിത നാളുകളിലെ എന്റെ സ്വപ്നങ്ങളില്‍പ്പോലും നിറഞ്ഞു നില്‍ക്കാറുണ്ടായിരുന്നു.
മക്കളില്ലാത്തതുകൊണ്ടാവാം, ടീച്ചറുടെ മനസ്സില്‍ കുട്ടികള്‍ക്ക് എന്നും മക്കളുടെ സ്ഥാനമായിരുന്നു. തന്റെ ഉള്ളിലെ മാതൃത്വത്തിന്റെ മാധുര്യം ‘മക്കള്‍’ക്ക് ആവോളം പകര്‍ന്നു നല്‍കാനായിരുന്നു ടീച്ചര്‍ക്കിഷ്ടം, എന്നും. അപൂര്‍വമായെങ്കിലും വടിയെടുക്കുമ്പോള്‍ പോലും ആ മുഖത്ത് ദേഷ്യമല്ല, ‘മക്കളെ’ തല്ലേണ്ടിവരുന്നതിലുള്ള വിഷമമാണ് തെളിയാറുള്ളത്.
മാനവികതയുടെ ഏറ്റവും ഉദാത്തമായ ഭാവമാണ് മാതൃത്വമെന്നു പറയാറുണ്ട്. ആ മാതൃത്വത്തിന് പ്രത്യക്ഷരൂപമെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതിന് ടീച്ചറുടെ മുഖമായിരിക്കും എന്നാണ് എനിക്ക് എന്നും തോന്നിയിട്ടുള്ളത് - എനിക്കു മാത്രമല്ല, എന്നെങ്കിലും ടീച്ചറുടെ ശിഷ്യരായിരിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള എല്ലാവര്‍ക്കും അതുതന്നെ തോന്നിയിട്ടുണ്ടാകും, ഒരിക്കലെങ്കിലും.
വെറും രണ്ടു തവണ മാത്രമേ ആ ചൂരലിന്റെ ‘മധുരം’ നുകരാന്‍ ഭാഗ്യമുണ്ടായിട്ടുള്ളൂ എനിക്ക്. എങ്കില്‍പ്പോലും ഒരു ‘ശിക്ഷാ ഉപകരണം’ എന്നതിലുപരിയായി ചൂരലിനു സ്നേഹത്തിന്റെ മുഖവും സ്വീകരിക്കാനാവുമെന്ന് എനിക്കു കാണിച്ചുതന്ന ടീച്ചര്‍ക്ക് എന്റെ മനസ്സില്‍ അമ്മയുടെ രൂപമാണ്, അന്നും ഇന്നും. എന്നും അങ്ങനെതന്നെയായിരിക്കുകയും ചെയ്യും. നാട്ടില്‍ നിന്ന് അകന്നുള്ള ജീവിതം തുടങ്ങിയിട്ട് ഒരു വ്യാഴവട്ടത്തോളമായെങ്കിലും നാട്ടിലെത്തുമ്പോഴൊക്കെ ടീച്ചറുടെ അടുത്തെത്താന്‍ മറക്കാറില്ല ഞാന്‍, എത്ര തിരക്കായിരുന്നാലും. ആ സന്ദര്‍ശനങ്ങള്‍ പലപ്പോഴും അവസാനിക്കുന്നത് ഞാന്‍ ആ പാദങ്ങള്‍ തൊട്ടു വന്ദിക്കുന്നതോടെയാവും - ജന്മം നല്‍കിയില്ലെങ്കിലും ഒരായുഷ്കാലത്തേക്കു വേണ്ട സ്നേഹം മുഴുവന്‍ ഏതാനും മാസങ്ങള്‍ കൊണ്ട് പകര്‍ന്നുനല്‍കിയ ആ ‘അമ്മ’യോടുള്ള സ്നേഹാദരങ്ങളുടെ ബഹിര്‍സ്ഫുരണമായി. (സത്യം പറയാമല്ലോ, ഇന്നു വരെ എന്റെ സ്വന്തം അമ്മയുടെ മുന്‍പില്‍ പോലും അങ്ങനെ ചെയ്യാന്‍ തോന്നിയിട്ടില്ല എനിക്ക്!)
ഞാന്‍ ഒരിക്കലും ഒരു ഈശ്വര വിശ്വാസിയായിരുന്നില്ല. എങ്കില്‍പ്പോലും ഗുരുവിനെ മാതാപിതാക്കള്‍ക്കും സര്‍വോപരി ദൈവത്തിനും തുല്യമായി കാണുന്ന പൌരാണിക സങ്കല്പത്തോട് എനിക്കെന്നും എന്തോ ഒരു ഇഷ്ടം തോന്നിയിരുന്നു. ജന്മം നല്‍കിയ മാതാപിതാക്കള്‍ക്കു പോലും വിലയില്ലാതാകുന്ന, അവരെ ഓര്‍ക്കാന്‍ ‘മാതൃദിന’വും ‘പിതൃദിന’വും ‘പിതാമഹദിന’വുമൊക്കെ വേണ്ടിവരുന്ന ‘ഉത്തരാധുനിക’ കാലഘട്ടത്തില്‍ ‘ഗുരു സാക്ഷാത് പരബ്രഹ്മ:’ എന്ന മഹത്തായ സങ്കല്പത്തിന് എത്രത്തോളം വിലയുണ്ടാകുമെന്നറിയില്ല. എങ്കിലും അതില്‍ക്കുറഞ്ഞ മറ്റൊരു സ്ഥാനവും മതിയാവില്ലെന്ന് ഞാന്‍ കരുതുന്ന, എന്റെ പ്രിയപ്പെട്ട ‘അമ്മ’യ്ക്ക് - കല്യാണിക്കുട്ടി ടീച്ചര്‍ക്ക് - എന്റെയീ വാക്കുകള്‍ പൂജാ പുഷ്പങ്ങളായി സമര്‍പ്പിക്കട്ടെ. ഒപ്പം ആ അമ്മയെക്കുറിച്ചുള്ള ഓര്‍മകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയ ‘സ്വര’ത്തിനും നന്ദി പറഞ്ഞുകൊള്ളട്ടെ.
Thursday, 1 March 2007
ആദ്യ വരികള്‍ എങ്ങനെയെഴുതണം...
അങ്ങനെ ഞാന്‍ ആ അതിപ്രധാനമായ തീരുമാനത്തിലെത്തി - എനിക്കും വേണം ഒരു ബ്ലോഗ്!
തീരുമാനം എടുത്താല്‍പ്പിന്നെ എത്രയും പെട്ടെന്ന് അതു നടപ്പാക്കുക എന്നതാണ് എന്റെ ശീലം. അതുകൊണ്ട് ഉടനെതന്നെ ജോലി തുടങ്ങി. നോക്കട്ടെ... ഞാനെഴുതിയാല്‍ ബൂലോഗം എഴുമോന്ന്...! ഹല്ല പിന്നെ..! (എന്തോ... വല്ലോം പറഞ്ഞോ...? അതേ... വാക്കുകള്‍ക്ക് കോപ്പിറൈറ്റൊന്നുമില്ലല്ലോ... ഉണ്ടോ...? ഇനി അഥവാ ഉണ്ടെങ്കിലും ചിലമ്പിനഴിയത്ത് കാളി ഉടയാന്‍ ചന്ത്രക്കാറന്റെ* പേരില്‍ റൈറ്റൊന്നുമില്ലാന്ന് എനിക്കുറപ്പാ...)
അങ്ങനെ എഴുതിത്തുടങ്ങാന്‍ തീരുമാനിച്ച് ‘റ്റെംപ്ലേറ്റ്’ ഒക്കെ തീരുമാനിച്ചു. അപ്പൊഴാണ് ഒരു പ്രശ്നം - ആദ്യ ബ്ലോഗില്‍ എന്തെഴുതണം...? എങ്ങനെ എഴുതണം...? ഒരു വല്ലാത്ത പ്രശ്നം തന്നെ! നല്ലൊരു ഉത്തരം കിട്ടാതെ ആലോചിച്ച് തല പുകഞ്ഞു തുടങ്ങി. കൈവിരലുകള്‍ അറിയാതെ കീബോര്‍ഡിനു മേല്‍ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു. (അതെനിക്കു പണ്ടേയുള്ള പ്രശ്നമാണ് - എന്തെങ്കിലും കാര്യമായി ആലോചിക്കുമ്പോഴൊക്കെ വല്ലതും കുത്തിക്കുറിച്ചുകൊണ്ടിരിക്കും. കയ്യില്‍ പേനയോ മറ്റോ ഉണ്ടെങ്കില്‍ പേപ്പറില്‍, കമ്പ്യൂട്ടറിനു മുന്‍പിലാണെങ്കില്‍ കീബോര്‍ഡില്‍...)
അങ്ങനെ ആലോചിച്ച് തല പുകഞ്ഞു തുടങ്ങിയപ്പോള്‍ പെട്ടെന്ന് ‘സ്ഥലകാല ബോധം’ വന്നതു പോലെ ഞാന്‍ മുന്‍പിലിരുന്ന മോണിറ്ററിലേക്കു നോക്കി. അവിടെ ഒരു പേജു നിറയെ ചിതറിക്കിടക്കുന്നു... എന്റെ ചിന്തകള്‍! ഒരു നിമിഷം - എന്റെ മനസ്സിലേക്ക് ഒരു തോന്നല്‍ - ഒരു ആശയം - ഒരു മിന്നല്‍പ്പിണറായി കടന്നു വന്നു. ഈ കിടക്കുന്ന ചിതറിയ ചിന്തകള്‍ തന്നെ ആയാലോ ആദ്യ ബ്ലോഗില്‍...? ഉത്തരം ഉടന്‍ വന്നു - മതി!
അതെ, മനസ്സില്‍ പിണര്‍ ആയി കടന്നു വന്ന ആ തോന്നല്‍ അങ്ങനെ എന്റെ ആദ്യ ബ്ലോഗിന്റെ പേരായി, അതിലെ ആദ്യ പോസ്റ്റും...!
:
:
:
:
:
:
(*: സി. വി. രാമന്‍ പിള്ളയുടെ ‘ധര്‍മരാജാ’ എന്ന ആഖ്യായികയിലെ കഥാപാത്രം. ‘ചന്ത്രക്കാറന്‍ ഭരിച്ചാല്‍ തിരുവിതാംകോട് ഭരുമോ’ എന്ന് രാജ്യഭരണം പിടിച്ചെടുക്കുന്നതു സ്വപ്നം കാണുന്ന അയാളുടെ ആത്മഗതം നോവലില്‍.)




