Tuesday, 16 March 2010

ബാധ്യത...!

ബസ് കൊക്കയിലേക്കു മറിഞ്ഞ് 30 മരണം

പൊന്‍‌മുടി, ഡിസംബര്‍ 21, 2016

വിനോദസഞ്ചാരികളുമായി മൂന്നാറിലേക്കു പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് കൊക്കയിലേക്കു മറിഞ്ഞ് 30 പേര്‍ മരിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ പത്തു പേര്‍ക്ക് ഗുരുതമാ‍യി പരിക്കേറ്റു. ഇവിടെ നിന്ന് എട്ടു കിലോമീറ്റര്‍ അകലെ സംസ്ഥാനപാതയിലെ മൂന്നാം ഹെയര്‍‌പിന്‍ വളവില്‍ ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. തിരുവനന്തപുരത്തെ വിവേകാനന്ദ ട്രാവല്‍‌സ് ഒരുക്കിയ ഒരു പാക്കേജ് ടൂറിന്റെ ഭാഗമായി എത്തിയ സംഘം സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നല്ല വേഗതയിലായിരുന്ന ബസ്സ് വളവു തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് നാല്പതടിയോളം താഴേക്ക് മറിയുകയായിരുന്നു.

.....
.....

അത്യാധുനിക ഇലക്‍ട്രോണിക് നിയന്ത്രണ സംവിധാനങ്ങളോടുകൂടിയ, ഇറക്കുമതി ചെയ്ത ബസ്സിന്റെ രണ്ടാമത്തെ മാത്രം യാത്രയായിരുന്നു ഇത്. അപ്രതീക്ഷിതമായി ഉണ്ടായ കാറ്റിലും മഴയിലും റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന മരത്തില്‍ ഉരസിയ ഉടനെ ബസ് നിയന്ത്രണം വിടുകയായിരുന്നു. ഡ്രൈവറുടെ ശ്രദ്ധ തെറ്റിയാല്‍ പോലും പ്രത്യേക ‘നൈറ്റ് വിഷന്‍’ കാമറയില്‍ പകര്‍ത്തുന്ന റോഡിന്റെ ദൃശ്യങ്ങള്‍ കം‌പ്യൂട്ടര്‍ സഹായത്തോടെ വിശകലനം ചെയ്ത് ഗതി നിയന്ത്രിക്കുന്ന ‘ഇന്റലിജന്റ് ഡ്രൈവ്’ സംവിധാനമുള്ള ബസ്സിന്റെ നിയന്ത്രണ സംവിധാനം തകരാറിലായതാണ് അപകടത്തിനിടയാക്കിയത്. കമ്പ്യൂട്ടര്‍ സംവിധാനത്തിന്റെ നിര്‍മാണത്തില്‍ തന്നെ സാങ്കേതിക പിഴവുകള്‍ ഉണ്ടായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായതായി സാങ്കേതിക വിദഗ്‌ദ്ധര്‍ പറഞ്ഞു. അപകടത്തിന് അല്പം മുന്‍പ് തകരാര്‍ ശ്രദ്ധയില്‍‌പ്പെട്ടിരുന്നെങ്കിലും കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലാകുന്ന സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ തനിക്ക് പരിശീലനം നല്‍കിയിരുന്നില്ലെന്ന് ഡ്രൈവര്‍ പറഞ്ഞതായി പരിക്കേറ്റ യാത്രക്കാര്‍ പറഞ്ഞു. ഡ്രൈവര്‍ അബോധാവസ്ഥയിലായതിനാല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.

അപകടത്തില്‍ പെട്ടവര്‍ക്ക് അടിയന്തര വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സംഭവ സ്ഥലം സന്ദര്‍ശിച്ച ആരോഗ്യമന്ത്രി സഫിയാബീവി പറഞ്ഞു. ജില്ലാ ആശുപത്രിയുടെ പുതിയ ബ്ലോക്ക് ഉദ്‌ഘാടനം ചെയ്യാന്‍ എത്തിയ മന്ത്രി  അപകട വാര്‍ത്ത അറിഞ്ഞ് ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി സംഭവസ്ഥലത്ത് എത്തുകയായിരുന്നു.

സഹായധനം നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പൊന്‍‌മുടി ബസ് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അടിയന്തര സഹായമായി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരെ ഇന്ന് സന്ദര്‍ശിക്കുമെന്നും അടിയന്തര മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പ്രസ്തുത സഹായവും നഷ്ടപരിഹാരവും നാട്ടുകാരില്‍ നിന്ന് ഈടാക്കേണ്ടിവരുമെന്ന് നിയമ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബസ്സുകള്‍ ഇറക്കുമതി ചെയ്യുന്നതിനു മുന്നോടിയായി മെഴ്‌സിഡസ്, ‘ഇന്റലിജന്റ് ഡ്രൈവ്’ സംവിധാനം ഡിസൈന്‍ ചെയ്ത അമേരിക്കന്‍ കമ്പനിയായ ‘റോബോഡ്രൈവ്’ എന്നീ കമ്പനികളുമായും യു എസ് - ജര്‍‌മന്‍ സര്‍ക്കാരുകളുമായും കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറുകളുടെ തുടര്‍ച്ചയായി കഴിഞ്ഞ മാസം പാസ്സാക്കിയ മോട്ടോര്‍ വാഹന (അപകട ബാധ്യത) (ഭേദഗതി) നിയമ പ്രകാരം ഇറക്കുമതി ചെയ്ത ബസ്സ് അപകടത്തില്‍ പെട്ടാല്‍ നിര്‍മാണത്തിലെ പിഴവാണ് കാരണമെങ്കില്‍ പോലും നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത പഞ്ചായത്ത് / നഗരസഭയ്ക്കാണെന്നതാണ് പ്രദേശവാസികള്‍ക്ക് ബാധ്യതയാകുന്നതെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.


......

പിന്‍‌കുറിപ്പ്: ഈ ‘ഭാവി പത്ര വാര്‍ത്ത’യ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ആണവ ബാധ്യതാ നിയമവുമായി യാതൊരു ബന്ധവും ഇല്ല എന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു...!!

7 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കലക്കി !

...: അപ്പുക്കിളി :... said...

ഹ ഹ ഹ... ഉഗ്രന്‍... അവസാനം വരെ പ്രതീക്ഷിക്കാത്തൊരു അപകടമായിപ്പോയി...

taju.... said...

കൊള്ളാം ചേട്ടാ.. മന്‍മോഹന്റെ ഇ ബില്‍ കുറെ കൂടിപ്പോയി..

മൂര്‍ത്തി said...

കാണേണ്ടവര്‍ കാണട്ടെ..കേള്‍ക്കേണ്ടവര്‍ കേള്‍ക്കട്ടെ. പഠിക്കേണ്ടവര്‍ പഠിക്കട്ടെ.

Suraj said...

ആണവ “സാധ്യതാ” ബില്ലാരുന്നല്ലോ ഇത്രേം വരെ... ഇനീം അത് തന്നെ... ;))

വിജി പിണറായി said...

സുനിലേട്ടാ, കിളിയണ്ണോ... Taju, മൂര്‍ത്തി, സൂരജ്... സന്ദര്‍ശനത്തിനും കമന്റുകള്‍ക്കും നന്ദി...

Arun Kappur said...

ഇതാ ഒരു "ബാധ്യത" യുടെ ഉദാഹരണം കൂടി:
http://www.mathrubhumi.com/zoomin/bhopaltragedy/283009/index.html