മുംബൈയിലെ ഹെഡ് ഓഫീസില്‍ ഇരിക്കേണ്ട ഞാന്‍ ചുട്ടുപൊള്ളുന്ന ഔറംഗബാദ് നഗരത്തിലെ പ്ലാന്റ് ഓഫീസില്‍ എത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. അഞ്ചാറു ദിവസം കൊണ്ട് ജോലി തീര്‍ത്ത് തിരിച്ചു പോകാമെന്നു കരുതിയതായിരുന്നു. എന്തു ചെയ്യാം? രാത്രി വരെ കംപ്യൂട്ടറിനു മുന്‍പില്‍ കുത്തിയിരുന്ന് പണിഞ്ഞിട്ടും ഒരു രക്ഷയുമില്ല. ഈയാഴ്ചയെങ്കിലും എല്ലാം ഒന്ന് അടുക്കി ഞായറാഴ്ച ലാവണത്തില്‍ തിരിച്ചെത്തണം എന്ന നിശ്ചയവുമായി ‘ഊര്‍ജിത പ്രശ്ന നിവാരണ പദ്ധതി’യുമായാണ് ഇന്നു രാവിലെ ഓഫീസിലെത്തിയത്. ‘ലോഗിന്‍’ ചെയ്ത എന്നെ കാത്തിരുന്നത് ഒരു കൂട്ടുകാരന്റെ ബ്ലോഗ്. ചുമ്മാ ഒന്നു നോക്കിയേക്കാമെന്നു വെച്ച് കയറിച്ചെന്നു. വായിച്ചു തുടങ്ങിയപ്പോള്‍ മനസ്സ് അറിയാതെ വര്‍ഷങ്ങള്‍ക്കു പിന്നിലെ ഓര്‍മകളിലേക്ക് പറന്നു തുടങ്ങുകയായിരുന്നു...
മനസ്സിന്റെ ഏതോ കോണില്‍ മായാതെ, ഒളി മങ്ങാതെ കിടന്നിരുന്ന സുഖമുള്ള കുറേ ഓര്‍മകള്‍. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മധുരമുള്ള ഓര്‍മകള്‍ക്കിടയില്‍ ഒരു സ്വകാര്യ നൊമ്പരം പോലെ ഒരു മുഖം കടന്നു വന്നു - കല്യാണിക്കുട്ടി ടീച്ചര്‍ - എന്റെ ‘ടീച്ചറമ്മ’. മാനവികതയുടെ ഏറ്റവും ഉദാത്തമായ ഭാവത്തിന്റെ - മാതൃത്വത്തിന്റെ - മാധുര്യവും നിര്‍വൃതിയും അനുഭവിക്കാന്‍ ഭാഗ്യമില്ലാതെ പോയ ഒരു പാവം ‘അമ്മ’. ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരായിരം കുഞ്ഞുങ്ങള്‍ക്ക് അളവില്ലാത്ത സ്നേഹവും വാത്സല്യവും ആവോളം വിളമ്പി നിര്‍വൃതിയടഞ്ഞ ആ അമ്മയുടെ അടുത്തെത്താന്‍ ഒരു നിമിഷം കൊതിച്ചുപോയി. മൊബൈലിലെ ‘കോണ്‍ടാക്റ്റ് ലിസ്റ്റ്’ല്‍ നിന്ന് നമ്പര്‍ പരതിയെടുക്കാന്‍ പോലും മിനക്കെടാതെ ‘സ്പീഡ് ഡയല്‍ മോഡി’ല്‍ ‘8’ ഡയല്‍ ചെയ്ത് കാത്തിരിക്കേ കാതില്‍ മുഴങ്ങുന്ന റിങ്ങിനൊപ്പം ഹൃദയം വല്ലാതെ പിടയ്ക്കുന്നതു പോലെ തോന്നി. ടീച്ചര്‍ ഫോണെടുത്തപ്പോള്‍ നാവില്‍ അറിയാതെ വന്നത് ‘അമ്മേ’ എന്ന്. ആ വിളിയോട് പ്രതികരിക്കാന്‍ കുറച്ചു നേരമെടുത്തു, ടീച്ചര്‍. ‘അമ്മേ’ എന്ന വിളി ഒരിക്കലെങ്കിലും ഒന്നു കേള്‍ക്കാന്‍ വര്‍ഷങ്ങളായി കൊതിച്ചിരുന്ന ആ മനസ്സിന്റെ തുടിപ്പ് ആ നിശ്ശബ്ദതയുടെ നിമിഷങ്ങളില്‍ കാതുകളില്‍ മുഴങ്ങുന്നതു പോലെ തോന്നി. ‘മോനേ… നീ…’ അങ്ങകലെ എവിടെയോ നിന്നെന്നോണം വാക്കുകള്‍ ഒഴുകിയെത്തി. ഒരൊറ്റ നിമിഷം – മനസ്സുകൊണ്ട് പത്തൊന്‍പതു വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക് പറന്നെത്താന്‍ അതു മതിയായിരുന്നു എനിക്ക് – ടീച്ചറുടെ പ്രിയപ്പെട്ട ‘കുട്ടി’യായിരുന്ന ആ പത്തുവയസ്സുകാരനാവാന്‍.
ആറു മിനിറ്റോളം നീണ്ട സംഭാഷണത്തിനൊടുവില്‍ ‘എന്‍ഡ്’ ബട്ടണമര്‍ത്തി മൊബൈലിനെ വിശ്രമിക്കാന്‍ വിട്ടു കഴിഞ്ഞിട്ടും മനസ്സ് വര്‍ത്തമാനകാലത്തിലേക്ക് തിരികെ വരാന്‍ മടിച്ചുനില്‍ക്കുന്നതു പോലെ തോന്നി. അമ്മയുടെ സ്നേഹത്തിന്റെ ശീതളച്ഛായയുപേക്ഷിച്ച് തലയ്ക്കു മുകളില്‍ ‘ഡെമോക്ലിസിന്റെ വാളു‘ പോലെ ഭീഷണിയുയര്‍ത്തുന്ന ‘ഡെഡ് ലൈനു’കളുടെ പൊള്ളുന്ന തീക്ഷ്ണതയിലേക്കു വരാന്‍ മടി തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...? ‘പ്രശ്ന നിവാരണ പദ്ധതി’ക്ക് ‘താല്‍ക്കാലിക മോറട്ടോറിയം’ പ്രഖ്യാപിച്ച് മനസ്സിനെ സ്വച്ഛമായി വിഹരിക്കാന്‍ വിട്ട് കസേരയില്‍ പിന്നോട്ടു ചാഞ്ഞ് ഞാന്‍ മെല്ലെ കണ്ണുകളടച്ചു. ടീച്ചറെക്കുറിച്ച് ഓര്‍ക്കുമ്പോളൊക്കെ മനസ്സില്‍ തെളിയാറുള്ള ദൃശ്യങ്ങള്‍ക്ക് ഇന്ന് മിഴിവേറിയതു പോലെ തോന്നി. അവിടെ...

*****
ക്ലാസ്സിനു മുന്‍പില്‍ മേശയുടെ അടുത്ത് നില്‍ക്കുകയാണ്‍ ടീച്ചര്‍, വലതു കൈയില്‍ ചൂരലുമായി. ടീച്ചറുടെ മുന്‍പില്‍ തെല്ലൊന്ന് കുനിഞ്ഞ മുഖവുമായി നില്‍ക്കുന്നു, ഒരു പത്തുവയസ്സുകാരന്‍. എന്തോ വികൃതി കാണിച്ചതിന് അവനെ ശിക്ഷിക്കാനൊരുങ്ങുകയാണെങ്കിലും ടീച്ചറുടെ മുഖത്ത് ഗൌരവത്തിന്റെയോ ദേഷ്യത്തിന്റെയോ ലാഞ്ഛന പോലുമില്ല. പകരം.… ആരുമറിയാതെ ഉള്ളിലൊതുക്കിയ ഒരു സ്വകാര്യ ദു:ഖത്തിന്റെ നേര്‍ത്ത അലകള്‍ ആ മുഖത്ത് തെളിയുന്നുണ്ടോ...? അറിഞ്ഞുകൂടാ.… തന്റെ പ്രിയപ്പെട്ട ടീച്ചറുടെ കൈയില്‍ നിന്ന് തല്ലു കിട്ടാന്‍ പോകുന്നു എന്ന തിരിച്ചറിവിന്റെ ആഘാതത്തിലും ആ അഞ്ചാം ക്ലാസ്സുകാരന്റെ മുഖത്ത് തല്ലിനെക്കുറിച്ചുള്ള ഭയാശങ്കകളില്ല. പകരം ടീച്ചറുടെ ദു:ഖം സ്വയം ഏറ്റുവാങ്ങിയോ എന്നു തോന്നിക്കുമാറുള്ള ഒരു വിഷാദച്ഛായ. താന്‍ ഏറ്റവുമധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ടീച്ചറെക്കൊണ്ട് ചൂരലെടുപ്പിക്കേണ്ടിവന്നതിലുള്ള വിഷമമാണ് ആ പത്തുവയസ്സുകാരന്റെ മുഖത്ത്.
‘നീ... നീ എന്തിനാണതു ചെയ്തത്...? അപകടമാണെന്ന് അറിയില്ലേ? ബാലന്‍സ് കിട്ടാതെ വീണിരുന്നെങ്കില്‍ എന്താകുമായിരുന്നു...?’ ടീച്ചറുടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ അവന് ഉത്തരമില്ലായിരുന്നു. ‘സോറി ടീച്ചര്‍… ആ സമയത്ത് ആലോചിക്കാതെ ചെയ്തുപോയതാണ്.…’ ‘ങും... ഇനിയത് ആവര്‍ത്തിക്കരുത്... അതിന്...’ ക്ലാസ്സിലെ തന്റെ ‘ബെസ്റ്റ് സ്റ്റുഡന്റി’നെ ശിക്ഷിക്കേണ്ടിവരുന്നതിന്റെ വിഷമം ഉള്ളിലൊതുക്കി ടീച്ചര്‍ അവനു നേരെ ചൂരല്‍ ഓങ്ങി. ടീച്ചറുടെ വാക്കുകളില്‍ നിറഞ്ഞു നിന്ന സ്നേഹവാത്സല്യങ്ങളെക്കുറിച്ചുളള തിരിച്ചറിവിന്റെ നിറവില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായി അവന്‍ മെല്ലെ മുഖം കുനിച്ചു.
*****
തല്ലു കൊള്ളേണ്ടിവന്നതിനേക്കാള്‍ താന്‍ കാരണം തന്റെ പ്രിയപ്പെട്ട ടീച്ചര്‍ക്ക് ചൂരലെടുക്കേണ്ടി വന്നതോര്‍ത്ത് വിഷമിക്കുന്ന ആ അഞ്ചാം ക്ലാസ്സുകാരന്‍ ആരായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? അന്ന് ഞാന്‍ സ്കൂളില്‍ പോയിരുന്നത് ഞങ്ങളുടെ സ്കൂള്‍ ബസ്സിലായിരുന്നു. അതേ ബസ്സില്‍ത്തന്നെയായിരുന്നു ടീച്ചറുടെയും യാത്ര. ആ ദിവസം രാവിലെ സ്കൂളിലെത്തിയപ്പോള്‍ ബസ് മുറ്റത്ത് നിര്‍ത്തുന്നതിനു മുന്‍പ് വേഗം കുറഞ്ഞ് നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഒരു ‘സാഹസം’ കാണിച്ചു - ഒരു കൈയില്‍ സ്കൂള്‍ബാഗുമായി സ്റ്റെപ്പിന്മേല്‍ നിന്നുകൊണ്ട് വാതില്‍ തുറന്നു. ബസ് നിന്ന ഉടനെ ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു അത്. മുന്‍പിലെ സീറ്റുകളില്‍ ഇരുന്ന മൂന്നോ നാലോ കുട്ടികള്‍ മാത്രമേ അതു കണ്ടിട്ടുണ്ടാവൂ എന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷേ മറ്റു പലരും അതു കണ്ടതേയില്ലെങ്കിലും നാലഞ്ചു വരി സീറ്റുകള്‍ക്കു പിന്നില്‍ ഇരുന്ന ടീച്ചര്‍ അതു ശ്രദ്ധിച്ചിരുന്നു. (മകന്റെ സുരക്ഷിതത്വത്തെപ്പറ്റി അതീവ ശ്രദ്ധാലുവായ ഒരമ്മയെപ്പോലെ.) അപകടകരമായ ആ സാഹസത്തിനുള്ള ശിക്ഷയായിരുന്നു ടീച്ചര്‍ എനിക്കു തന്നത്. ക്ലാസ്സില്‍ ഒരു ‘മാതൃകാ വിദ്യാര്‍ഥി’(?)യെന്ന ‘ലേബല്‍’ വഹിച്ചിരുന്നതുകൊണ്ട് എനിക്കു തരുന്ന ശിക്ഷയും മാതൃകാപരമാവണമെന്ന് ടീച്ചര്‍ ആഗ്രഹിച്ചിരുന്നിരിക്കാം. അതുകൊണ്ടായിരിക്കാം, സ്റ്റാഫ് റൂമിലേക്കു വിളിക്കാതെ ശിക്ഷ ക്ലാസ്സില്‍ വെച്ചു തന്നെ തരാന്‍ തീരുമാനിച്ചത്. കൈവെള്ളയില്‍ ചൂരല്‍പ്പാടുകള്‍ തെളിയുമ്പോഴും ടീച്ചറോടുള്ള സ്നേഹവും ബഹുമാനവും പതിന്മടങ്ങായി വളരുകയായിരുന്നു എന്റെ മനസ്സില്‍. ജീവിതത്തില്‍ ആദ്യമായി ഒരു ശിക്ഷ ഞാന്‍ ആഹ്ലാദപൂര്‍വം ഏറ്റുവാങ്ങിയത് അന്നായിരുന്നു. (സംശയിക്കേണ്ട. ‘ആഹ്ലാദപൂര്‍വം’ എന്നു തന്നെയാ എഴുതിയത്. ‘തല്ലു കൊള്ളുന്നതില്‍ ആഹ്ലാദമോ’ എന്നു ചോദിക്കരുത്. സ്നേഹം - അതു തല്ലിന്റെ രൂപത്തിലായാലും - ലഭിക്കുമ്പോള്‍ ആഹ്ലാദമല്ലാതെ മറ്റെന്തു തോന്നാന്‍?)
*****
മികച്ച ഒട്ടേറെ അധ്യാപകരുടെ ക്ലാസ്സുകളില്‍ ഇരിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട് എനിക്ക്. അവരില്‍ മിക്കവാറും എല്ലാവരുടെയും സ്നേഹം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. (ചിലരുടെയെങ്കിലും ‘സ്നേഹ’ത്തിന് ചൂരലിന്റെ മുഖമായിരുന്നു!) പക്ഷേ അവരില്‍ നിന്നൊക്കെ വ്യത്യസ്തമായി ഹൃദ്യമായ ഒരനുഭവം - അതായിരുന്നു കല്യാണിക്കുട്ടി ടീച്ചര്‍. സ്വപ്നങ്ങളില്‍പ്പോലും കടന്നുവരാനാവും വിധം എന്റെ മനസ്സിനെ കീഴടക്കുന്നതില്‍ ടീച്ചറോളം വിജയിച്ചവര്‍ വേറെയില്ല. വലതു കൈയില്‍ ചൂരലും മുഖത്ത് നേര്‍ത്ത ഒരു വിഷാദഛായയും മനസ്സു നിറയെ സ്നേഹത്തിന്റെ നറും പാലുമായി നില്‍ക്കുന്ന ടീച്ചറും തന്റെ പ്രിയപ്പെട്ട ടീച്ചറുടെ സ്നേഹവാത്സല്യങ്ങള്‍ നിറഞ്ഞ ചെറുപ്രഹരങ്ങള്‍ നിറഞ്ഞ മനസ്സോടെ ഏറ്റുവാങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന പത്ത് - പതിനൊന്നു വയസ്സുകാരനും സ്കൂള്‍ ജീവിത നാളുകളിലെ എന്റെ സ്വപ്നങ്ങളില്‍പ്പോലും നിറഞ്ഞു നില്‍ക്കാറുണ്ടായിരുന്നു.
മക്കളില്ലാത്തതുകൊണ്ടാവാം, ടീച്ചറുടെ മനസ്സില്‍ കുട്ടികള്‍ക്ക് എന്നും മക്കളുടെ സ്ഥാനമായിരുന്നു. തന്റെ ഉള്ളിലെ മാതൃത്വത്തിന്റെ മാധുര്യം ‘മക്കള്‍’ക്ക് ആവോളം പകര്‍ന്നു നല്‍കാനായിരുന്നു ടീച്ചര്‍ക്കിഷ്ടം, എന്നും. അപൂര്‍വമായെങ്കിലും വടിയെടുക്കുമ്പോള്‍ പോലും ആ മുഖത്ത് ദേഷ്യമല്ല, ‘മക്കളെ’ തല്ലേണ്ടിവരുന്നതിലുള്ള വിഷമമാണ് തെളിയാറുള്ളത്.
മാനവികതയുടെ ഏറ്റവും ഉദാത്തമായ ഭാവമാണ് മാതൃത്വമെന്നു പറയാറുണ്ട്. ആ മാതൃത്വത്തിന് പ്രത്യക്ഷരൂപമെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതിന് ടീച്ചറുടെ മുഖമായിരിക്കും എന്നാണ് എനിക്ക് എന്നും തോന്നിയിട്ടുള്ളത് - എനിക്കു മാത്രമല്ല, എന്നെങ്കിലും ടീച്ചറുടെ ശിഷ്യരായിരിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള എല്ലാവര്‍ക്കും അതുതന്നെ തോന്നിയിട്ടുണ്ടാകും, ഒരിക്കലെങ്കിലും.
വെറും രണ്ടു തവണ മാത്രമേ ആ ചൂരലിന്റെ ‘മധുരം’ നുകരാന്‍ ഭാഗ്യമുണ്ടായിട്ടുള്ളൂ എനിക്ക്. എങ്കില്‍പ്പോലും ഒരു ‘ശിക്ഷാ ഉപകരണം’ എന്നതിലുപരിയായി ചൂരലിനു സ്നേഹത്തിന്റെ മുഖവും സ്വീകരിക്കാനാവുമെന്ന് എനിക്കു കാണിച്ചുതന്ന ടീച്ചര്‍ക്ക് എന്റെ മനസ്സില്‍ അമ്മയുടെ രൂപമാണ്, അന്നും ഇന്നും. എന്നും അങ്ങനെതന്നെയായിരിക്കുകയും ചെയ്യും. നാട്ടില്‍ നിന്ന് അകന്നുള്ള ജീവിതം തുടങ്ങിയിട്ട് ഒരു വ്യാഴവട്ടത്തോളമായെങ്കിലും നാട്ടിലെത്തുമ്പോഴൊക്കെ ടീച്ചറുടെ അടുത്തെത്താന്‍ മറക്കാറില്ല ഞാന്‍, എത്ര തിരക്കായിരുന്നാലും. ആ സന്ദര്‍ശനങ്ങള്‍ പലപ്പോഴും അവസാനിക്കുന്നത് ഞാന്‍ ആ പാദങ്ങള്‍ തൊട്ടു വന്ദിക്കുന്നതോടെയാവും - ജന്മം നല്‍കിയില്ലെങ്കിലും ഒരായുഷ്കാലത്തേക്കു വേണ്ട സ്നേഹം മുഴുവന്‍ ഏതാനും മാസങ്ങള്‍ കൊണ്ട് പകര്‍ന്നുനല്‍കിയ ആ ‘അമ്മ’യോടുള്ള സ്നേഹാദരങ്ങളുടെ ബഹിര്‍സ്ഫുരണമായി. (സത്യം പറയാമല്ലോ, ഇന്നു വരെ എന്റെ സ്വന്തം അമ്മയുടെ മുന്‍പില്‍ പോലും അങ്ങനെ ചെയ്യാന്‍ തോന്നിയിട്ടില്ല എനിക്ക്!)
*****
ഞാന്‍ ഒരിക്കലും ഒരു ഈശ്വര വിശ്വാസിയായിരുന്നില്ല. എങ്കില്‍പ്പോലും ഗുരുവിനെ മാതാപിതാക്കള്‍ക്കും സര്‍വോപരി ദൈവത്തിനും തുല്യമായി കാണുന്ന പൌരാണിക സങ്കല്പത്തോട് എനിക്കെന്നും എന്തോ ഒരു ഇഷ്ടം തോന്നിയിരുന്നു. ജന്മം നല്‍കിയ മാതാപിതാക്കള്‍ക്കു പോലും വിലയില്ലാതാകുന്ന, അവരെ ഓര്‍ക്കാന്‍ ‘മാതൃദിന’വും ‘പിതൃദിന’വും ‘പിതാമഹദിന’വുമൊക്കെ വേണ്ടിവരുന്ന ‘ഉത്തരാധുനിക’ കാലഘട്ടത്തില്‍ ‘ഗുരു സാക്ഷാത് പരബ്രഹ്മ:’ എന്ന മഹത്തായ സങ്കല്പത്തിന് എത്രത്തോളം വിലയുണ്ടാകുമെന്നറിയില്ല. എങ്കിലും അതില്‍ക്കുറഞ്ഞ മറ്റൊരു സ്ഥാനവും മതിയാവില്ലെന്ന് ഞാന്‍ കരുതുന്ന, എന്റെ പ്രിയപ്പെട്ട ‘അമ്മ’യ്ക്ക് - കല്യാണിക്കുട്ടി ടീച്ചര്‍ക്ക് - എന്റെയീ വാക്കുകള്‍ പൂജാ പുഷ്പങ്ങളായി സമര്‍പ്പിക്കട്ടെ. ഒപ്പം ആ അമ്മയെക്കുറിച്ചുള്ള ഓര്‍മകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയ ‘സ്വര’ത്തിനും നന്ദി പറഞ്ഞുകൊള്ളട്ടെ.