Showing posts with label ടീച്ചര്‍. Show all posts
Showing posts with label ടീച്ചര്‍. Show all posts

Tuesday, 18 September 2012

‘അരവൈദ്യ’ന്റെ ‘ഓപ്പറേഷന്‍’...!



തലശ്ശേരി കാവുംഭാഗം സൌത്ത് യു. പി. സ്കൂളില്‍ അധ്യാപികയായിരുന്ന അമ്മയുടെ കൈയിലും സാരിത്തുമ്പിലും കുഞ്ഞുവിരലുകള്‍ കോര്‍ത്തുപിടിച്ച് മൂന്നാം വയസ്സില്‍ സ്കൂള്‍ മുറ്റത്ത് ആദ്യ ചുവടുകള്‍ വെച്ചുകൊണ്ട് തുടങ്ങിയ വിദ്യാലയജീവിതയാത്ര. 1993 മാര്‍ച്ച് 29-ന് തലശ്ശേരി സെന്റ് ജോസഫ്‌സ് ഹൈസ്കൂളിന്റെ ക്ലാസ് മുറികളോട് വിട പറയുന്നതു വരെയുള്ള പന്ത്രണ്ടു വര്‍ഷത്തിനിടെ ജീവിതത്തിലേക്കു കടന്നുവന്ന് അറിവിന്റെ മുത്തുകള്‍ക്കൊപ്പം സ്നേഹവാത്സല്യങ്ങളുടെ മധുരവും പകര്‍ന്നുനല്‍കിയ അധ്യാപകരെക്കുറിച്ചും സഹയാത്രികരായി കൂടെയുണ്ടായിരുന്ന കൂട്ടുകാരെക്കുറിച്ചുമുള്ള ഓര്‍മകളെ തിരികെ വിളിച്ചുകൊണ്ട് മനസ്സുകൊണ്ടൊരു യാത്ര* തുടങ്ങിയിട്ട് നാളുകളേറെയായി. ആ യാത്രയില്‍ ഒഴിവാക്കാനാവാത്ത ഏതാനും ഇടത്താവളങ്ങള്‍ ഈ പരമ്പരയിലെ മുന്‍ ലേഖനങ്ങളിലൂടെ ഇതിനോടകം പരിചയപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. രണ്ട് ‘ആദ്യാനുഭവ’ങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ പുതുക്കിയ ശേഷം യാത്ര തുടരുമ്പോള്‍ കാത്തിരിക്കുന്നത് മറ്റൊരു ‘ആദ്യാനുഭവ കഥ’.

ഏതെങ്കിലും കളിപ്പാട്ടമോ ഒന്നിലധികം ഭാഗങ്ങള്‍ കൂട്ടിയിണക്കി നിര്‍മിച്ച മറ്റെന്തെങ്കിലും സാധനമോ കൈയില്‍ കിട്ടിയാല്‍ അതിന്റെ ഭാഗങ്ങളൊക്കെ വലിച്ചൂരിയോ തല്ലിപ്പൊളിച്ചോ അതിന്റെ ‘പരിപ്പെടുക്കു’ന്ന പ്രവണത പല കുട്ടികള്‍ക്കും സഹജമാണ്. ഞാനും വ്യത്യസ്തനായിരുന്നില്ല. കൈയില്‍ കിട്ടുന്നതെന്തും ‘അഴിച്ചുപണി‘യാന്‍ ശ്രമിക്കുന്ന - ‘അഴിക്കല്‍’ അല്ലാതെ ‘പണിയല്‍’ മിക്കപ്പോഴും നടക്കാറില്ലെന്നത് വേറെ കാര്യം! - ഈ ‘ഘടനാ ഗവേഷണ പ്രവര്‍ത്തന’ത്തിന് അമ്മയുടെ കൈയില്‍ നിന്ന് ഒരിക്കല്‍ കിട്ടിയ ‘അംഗീകാര’ത്തിന്റെ കഥ മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. ആ ‘സമ്മാന’ത്തിന്റെ ‘മധുരം’ മറക്കാറാവും മുന്‍പ് ആ ‘കുട്ടി മെക്കാനിക്ക്’ നടത്തിയ മറ്റൊരു ‘ഓപ്പറേഷ’ന്റെ കഥയാണ് ഇനി പറയാനുള്ളത്.

വര്‍ഷം 1986. ‘ടീച്ചറുടെ മകന്‍‘ എന്ന ‘ലേബലി’ന്റെ ഫലമായി മുതിര്‍ന്ന ക്ലാസ്സുകളിലെ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ക്ലാസ്സിലെ സഹപാഠികളുടെയൊമൊക്കെ മനസ്സുകളില്‍ ഉളവാകുന്ന ‘പ്രത്യേക പരിഗണന’ - അല്പമൊക്കെ അസൂയയും(?) - അനുഭവിച്ചും ആസ്വദിച്ചും കൊണ്ട് ടീച്ചര്‍മാരുടെയും കൂട്ടുകാരുടെയും സ്നേഹഭാജനമായി കഴിയുകയാണ് ആ നാലാം ക്ലാസ്സുകാരന്‍. സഹപാഠികളുടെ കണ്ണില്‍ ‘സൗഭാഗ്യങ്ങളുടെ മടിത്തട്ടില്‍’ കഴിയുകയാണെങ്കിലും ആ ‘സൗഭാഗ്യ’ങ്ങള്‍ക്ക് നല്‍കേണ്ടിവരുന്ന വില, ‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം’ അമ്മയുടെയും മറ്റ് അദ്ധ്യാപകരുടെയും കണ്ണുകള്‍ പിന്തുടരുന്നതുകൊണ്ട് ചെറിയ തോതിലെങ്കിലും അനുഭവിക്കേണ്ടി വരുന്ന ‘സ്വാതന്ത്ര്യ നിയന്ത്രണ’മാണെന്ന അറിവ് അവനെ ഇടയ്ക്കിടെ തെല്ല് അസ്വസ്ഥനാക്കിയിരുന്നു.

ഒരു ദിവസം ക്ലാസ്സില്‍ അവന്റെ അടുത്ത ബെഞ്ചിലിരിക്കുന്ന ഒരു കുട്ടി ക്ലാസ്സിലെത്തിയത് ബോംബെയിലോ മറ്റോ ജോലി ചെയ്തിരുന്ന അമ്മാവന്‍ കൊണ്ടുവന്നു കൊടുത്ത ഒരു ബോള്‍ പോയിന്റ് പേനയുമായിട്ടായിരുന്നു. അതുപോലെ ഒരെണ്ണം സഹപാഠികളൊന്നും മുന്‍പ് കണ്ടിട്ടുണ്ടാവില്ലെന്ന ഉറപ്പുണ്ടായിരുന്നതു കൊണ്ട് സ്വാഭാവികമായ ആഹ്ലാദത്തോടെയും അഭിമാനത്തോടെയും അവന്‍ ആ പേന കൂട്ടുകാരെയൊക്കെ കാണിച്ചുകൊണ്ടിരുന്നു. നാട്ടില്‍ പലരുടെയും പക്കല്‍ കണ്ടു പരിചയമുള്ള ‘സാദാ’ പേനകളില്‍ നിന്ന് വ്യത്യസ്തമായ രൂപഭംഗിയും പ്രവര്‍ത്തനരീതിയുമുള്ള ആ പേന പെട്ടെന്നുതന്നെ ക്ലാസ്സിലെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി - അതിന്റെ ഉടമ താരപരിവേഷവും.

ഇന്റര്‍‌വെല്‍ സമയം. ക്ലാസ്സിലെ കുട്ടികളില്‍ മിക്കവരും മുറ്റത്തും പറമ്പിലുമൊക്കെയായി ഓടി നടക്കുകയാണ്. അക്കൂട്ടത്തിലൊന്നും ചേരാതെ ബെഞ്ചില്‍ വെറുതെ - യിരിക്കുന്നത് രണ്ടുപേര്‍ മാത്രം - അന്നത്തെ ‘താര’മായ പേനയുടെ ഉടമയും പിന്നെ നമ്മുടെ ‘കഥാനായക’നും. തന്റെ അമൂല്യമായ പേനയെ ‘താലോലിച്ചുകൊണ്ട്’ ഇരിക്കുകയായിരുന്ന കൂട്ടുകാരനെ നോക്കിയിരിക്കെ അവന്റെ ഉള്ളിലെ ‘മെക്കാനിക്ക്’ ഉണര്‍ന്നു. മെല്ലെ കൂട്ടുകാരന്റെ അടുത്തു ചെന്നിരുന്ന് അവന്റെ കൈയില്‍ നിന്ന് പേന വാങ്ങി. കുറച്ചു നേരം തിരിച്ചും മറിച്ചുമൊക്കെ നോക്കിയും അതിന്റെ ‘ബട്ടണ്‍’ പല തവണ അമര്‍ത്തി നോക്കിയും ‘പഠിച്ച’ ശേഷം മെല്ലെ തുറന്നു നോക്കാനുള്ള ശ്രമമായി. തന്റെ ‘അമൂല്യ സ്വത്തി’നെ ‘കൈയേറ്റം’ ചെയ്യാനുള്ള ശ്രമം കണ്ടില്ലെന്നു നടിക്കാന്‍ പറ്റാതിരുന്ന ഉടമ ‘പ്രതിരോധനടപടികള്‍‘ തുടങ്ങാന്‍ ഒട്ടും വൈകിയില്ല. പിടിവാശിയുടെ കാര്യത്തില്‍ ആരുടെയും പിന്നിലല്ലാതിരുന്ന ‘കഥാനായകന്‍‘ എല്ലാം മറന്ന് ‘വില്ലന്‍ വേഷ’മണിഞ്ഞതോടെ തര്‍ക്കവും ചെറിയ തോതില്‍ പിടിവലിയുമൊക്കെയായി. അതിനിടെ ഒരു നിര്‍ണായക നിമിഷത്തില്‍ ‘മെക്കാനിക്കി’ന്റെ കൈ പേന പോക്കറ്റില്‍ കുത്തി നിര്‍ത്താന്‍ സഹായിക്കുന്ന ക്ലിപ്പിന്മേലും ബട്ടണിന്മേലും ഒന്നിച്ച് അമര്‍ന്നതോടെ ബട്ടണും അകത്തെ സ്പ്രിങ്ങും റീഫില്ലും ഒന്നിച്ച് പുറത്തേക്കു തെറിച്ചുവീണു. ഒരു നിമിഷം - ഏറ്റുമുട്ടലിന്റെ പാതയിലായിരുന്ന രണ്ടുപേരും ‘ഇനിയെന്ത്’ എന്ന ചോദ്യത്തിനു മുന്‍പില്‍ പകച്ചുനിന്നു.

കാര്യങ്ങള്‍ പിടിവിട്ടുപോകുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ ഞാന്‍ വാശി ഉപേക്ഷിച്ച് പൂര്‍ണമായും പ്രതിരോധത്തിലായി. ‘അമൂല്യ നിധി’ പോലെ സൂക്ഷിച്ച് താന്‍ കൊണ്ടുനടന്ന പേന പൊട്ടിപ്പോയതിന്റെ സങ്കടവും ദേഷ്യവും അടക്കാനാവാതെ നില്‍ക്കുന്ന കൂട്ടുകാരനെ ആശ്വസിപ്പിക്കാനും നിലത്ത് ചിതറിവീണുകിടന്ന ഭാഗങ്ങള്‍ പെറുക്കിയെടുത്ത് കൂട്ടി യോജിപ്പിച്ച് പേനയെ പൂര്‍വസ്ഥിതിയിലാക്കാനുമുള്ള ശ്രമമായി പിന്നെ. അപ്പോഴേക്കും പുറത്തെ ബഹളങ്ങള്‍ക്ക് അന്ത്യം കുറിച്ചു കൊണ്ട് ബെല്‍ മുഴങ്ങി. ക്ലാസ്സില്‍ തിരിച്ചെത്തിയ സഹപാഠികള്‍ അപ്രതീക്ഷിതമായ ആ കാഴ്ച കണ്ട് അമ്പരപ്പോടെ നോക്കി നില്‍ക്കുമ്പോള്‍ സ്വന്തം കൈപ്പിഴയും അമിതമായ ആത്മവിശ്വാസവും കൊണ്ട് ചെന്നുപെട്ട പ്രശ്നത്തില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമത്തില്‍ ‘അറ്റകുറ്റപ്പണി’ തുടരുകയായിരുന്നു ഞാന്‍. പഠിച്ച പണി മുഴുവന്‍ പത്തുപതിനഞ്ചു മിനിറ്റോളം പയറ്റിയെങ്കിലും പരാജയമായിരുന്നു ഫലം. (‘അരവൈദ്യ’ന്റെ ‘ഓപ്പറേഷന്’ വിധി മറ്റെന്താവാന്‍...!) അതോടെ എന്റെ മനസ്സില്‍ ഭയാശങ്കകളുടെ കാര്‍മേഘങ്ങള്‍ രൂപം കൊണ്ടു തുടങ്ങി.

ഏതാനും നിമിഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ സുമേധ ടീച്ചര്‍ ക്ലാസ്സിലെത്തി. പതിവുപോലെ കസേരയില്‍ ഇരുന്ന ടീച്ചര്‍ ക്ലാസ് തുടങ്ങാനുള്ള തയ്യാറെടുപ്പുകളിലേക്ക് നീങ്ങവേ... ക്ലാസ്സിലെ രണ്ടാമത്തെ ബെഞ്ചില്‍ ഒരു ചലനം. ഉപയോഗശൂന്യമായ പേനയുടെ ഭാഗങ്ങളുമായി അതിന്റെ ഉടമ ടീച്ചറുടെ അടുത്തേക്കു നീങ്ങിയതോടെ എന്റെ ആശങ്കകള്‍ യാഥര്‍ഥ്യമാകുകയാണെന്ന് ഉറപ്പായി. പരാതിയോട് ടീച്ചറുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നേ അറിയാനുള്ളൂ. ആരോപണവിധേയനായ ‘പ്രതി’യെ ക്ലാസ്സിലെ ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ മാത്രം പരിഗണിച്ച് നടപടിയെടുത്ത് ടീച്ചര്‍ സ്വന്തം നിലയില്‍ ‘കേസ്’ അവസാനിപ്പിക്കുമോ അതോ പ്രതി തന്റെ സഹപ്രവര്‍ത്തകയുടെ മകനാണെന്നതു കണക്കിലെടുത്ത് നടപടിയില്‍ എന്തെങ്കിലും മാ‍റ്റം വരുത്തുമോ? (എങ്ങനെയായാലും അധികം വൈകാതെ വിവരം അമ്മയുടെ ചെവിയില്‍ എത്തുമെന്ന് ഉറപ്പാണ് - ടീച്ചര്‍ നേരിട്ടു പറഞ്ഞില്ലെങ്കില്‍പ്പോലും. മകന്റെ ‘ഗവേഷണ കൗതുക’ത്തെക്കുറിച്ച് അറിഞ്ഞാല്‍ അമ്മ തരാന്‍ പോകുന്ന ‘സമ്മാനം’ എന്തായിരിക്കുമെന്ന് കണ്ടു... അല്ല, ‘കൊണ്ടു’തന്നെ അറിയാം...!)

പരാതി ശ്രദ്ധിച്ചു കേട്ട ശേഷം ടീച്ചര്‍ ‘പ്രതി’യെ അടുത്തേക്കു വിളിച്ചു - ക്ലാസ്സിനു മുന്‍പിലേക്ക്. സംഭവത്തിന് ദൃക്‌‌സാക്ഷികളില്ലെന്നതും പൊട്ടിയ പേനയല്ലാതെ മറ്റു തെളിവുകളില്ലെന്നതും വെച്ച് എതിര്‍‌വാദമെന്തെങ്കിലും ഉന്നയിക്കാന്‍ ശ്രമിക്കാതെ, ‘വേണമെന്നു വിചാരിച്ച് ചെയ്തതല്ല, അറിയാതെ പറ്റിയതാണ്’ എന്നുമാത്രം പറഞ്ഞ് പ്രതി തെറ്റു സമ്മതിച്ചതു കൊണ്ട് ‘വിചാരണ’ പെട്ടെന്നുതന്നെ കഴിഞ്ഞു. ശിക്ഷ പ്രഖ്യാപിക്കും മുന്‍പ് ടീച്ചര്‍ ഒരു നിമിഷം ഒന്നു നിന്നു. ടീച്ചറുടെ നോട്ടം തൊട്ടപ്പുറത്ത് ഒന്നാം ക്ലാസ്സിലേക്കാണെന്നു കണ്ട് അങ്ങോട്ടു തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് പ്രതീക്ഷിച്ച കാഴ്ച തന്നെയായിരുന്നിട്ടും ഒന്നു ഞെട്ടി - അമ്മ! മകന് ശിക്ഷ വിധിക്കും മുന്‍പു തന്നെ അക്കാര്യം അമ്മയെ അറിയിക്കാനാണ് ടീച്ചറുടെ നീക്കം. അമ്മയുടെ പ്രതികരണം എന്തായിരിക്കുമോ ആവോ?

‘ശാരദേ... ഒന്നിങ്ങോട്ടു വാ...’ ടീച്ചറുടെ വിളി കേട്ട് അമ്മ ക്ലാസ്സില്‍ നിന്ന് ഇറങ്ങി വന്നു, ഞങ്ങളുടെ ക്ലാസ്സിനു പിന്നിലേക്ക്. കൈയിലുണ്ടായിരുന്ന പേനയുടെ ഭാഗങ്ങള്‍ കാണിച്ചുകൊണ്ടുള്ള ടീച്ചറുടെ വിശദീകരണം മുഴുവന്‍ കേള്‍ക്കാനൊന്നും നിന്നില്ല അമ്മ. ‘ഇവന് ഇപ്പോള്‍ കുറച്ചായി നശീകരണ വാസന കൂടുന്നുണ്ട്... നല്ല അടി കിട്ടാത്തതിന്റെ കുറവാ... നല്ലോണം കൊടുത്തോ...’ (മകനോട് നല്ല സ്നേഹമുള്ള അമ്മ...!)

മകന്റെ തെറ്റിന് തക്ക ശിക്ഷ കൊടുക്കാനുള്ള ‘ഗ്രീന്‍ സിഗ്നല്‍’ നല്‍കിയ ശേഷം അമ്മ ഒന്നും സംഭവിക്കാത്തതു പോലെ ക്ലാസ്സിലേക്കു മടങ്ങി. (എന്നെ ടീച്ചര്‍ക്ക് ‘വിട്ടുകൊടുത്തെ’ങ്കിലും ടീച്ചര്‍ എനിക്കു തരാന്‍ പോകുന്ന ശിക്ഷ പൂര്‍ത്തിയാകുന്നതുവരെ അമ്മയുടെ ശ്രദ്ധ സ്വന്തം ക്ലാസ്സിലായിരിക്കില്ല, എന്റെ മേലായിരിക്കുമെന്ന് ഉറപ്പ് - എന്നിട്ടു വേണമല്ലോ തന്റെ വക ‘ബൂസ്റ്റര്‍ ഡോസ്’ തീരുമാനിക്കാന്‍...!) ‘പി പി’യുടെ ‘ഗ്രീന്‍ സിഗ്നല്‍‘ കൂടി കിട്ടിയതോടെ തീരുമാനം ഉറപ്പിച്ച് ടീച്ചര്‍ ക്ലാസ്സിനു മുന്‍പിലേക്ക് തിരിച്ചുവന്നു - മേശയുടെ അടുത്ത് നില്‍ക്കുകയായിരുന്ന എന്റെ അടുത്തേക്ക്. ‘അമ്മ പറഞ്ഞതു കേട്ടല്ലോ...?‘ ‘ങും...’ ടീച്ചറുടെ മുഖത്തു നിന്ന് എന്റെ നോട്ടം ഒരു നിമിഷം ഒന്നു തെന്നിമാറി - ക്ലാസ്സിലെ ഇരുപതോളം മുഖങ്ങളിലേക്ക്. അന്നോളം കുരുത്തക്കേടൊന്നും കാണിക്കാതെ ക്ലാസ്സില്‍ ‘നല്ല കുട്ടി’യായിരുന്ന, ശാരദ ടീച്ചറുടെ മകന് ടീച്ചര്‍ എന്തു ശിക്ഷയായിരിക്കും കൊടുക്കാന്‍ പോകുന്നതെന്ന ആകാംക്ഷ ആ മുഖങ്ങളില്‍ തെളിഞ്ഞു കാണാമായിരുന്നു. ഒരു ടീച്ചറുടെ മകന്‍ മറ്റൊരു ടീച്ചറുടെ മുന്‍പില്‍ കുറ്റവാളിയായി നില്‍ക്കുന്നത് മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു രംഗമായിരുന്നല്ലോ അവര്‍ക്ക്.

അമ്മയുടെ വാക്കുകള്‍ കേട്ടപ്പോഴേ ‘വിധി’ തിരിച്ചറിഞ്ഞിരുന്ന എന്റെ കണ്ണുകള്‍ നിമിഷങ്ങള്‍ക്കകം മറ്റൊരു ഭാഗത്തേക്കു നീങ്ങി - മേശപ്പുറത്തേക്ക്. സാമാന്യം വണ്ണമുള്ള ഒരു ചൂരല്‍ കിടപ്പുണ്ട് അവിടെ. ക്ലാസ്സില്‍ കുട്ടികളുടെ മുന്‍പില്‍ വെച്ച് ചൂരലടി ഏറ്റുവാങ്ങേണ്ടിവരിക എന്ന, മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത അനുഭവം ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം അകലെ. ഹൃദയമിടിപ്പിന് പതുക്കെ വേഗം കൂടുന്നുവോ? എങ്ങനെയാവും ടീച്ചര്‍ അടിക്കുക? കൈവെള്ളയിലായിരിക്കുമോ അതോ... വേദന താങ്ങാന്‍ പറ്റുമോ...? ചിന്തകള്‍ ‘കാടുകയറാന്‍’ തുടങ്ങിയപ്പോഴേക്കും ടീച്ചര്‍ ഒരു നിമിഷം ഒന്നു തിരിഞ്ഞ് മേശപ്പുറത്തു നിന്ന് ചൂരലെടുത്തു. പിന്നെ വീണ്ടും എന്റെ നേരെ തിരിഞ്ഞു. ‘ങും... ഇങ്ങോട്ടു നീങ്ങി നില്‍ക്ക്...’ അടി കൈവെള്ളയിലല്ലെന്ന് ഉറപ്പായി. കാല്‍‌മുട്ടിനുതാഴെയോ തുടയിലോ അതോ...? ഒന്നുരണ്ടു നിമിഷത്തേക്ക് എന്റെ കണ്ണുകള്‍ ക്ലാസ്സില്‍ ‘പാറി നടന്നു’. ഒരു ടീച്ചറുടെ മകന്, അവന്റെ ‘അവകാശമായ’ ‘താരപരിവേഷ’മില്ലാതെ, തങ്ങളില്‍ ഒരാളെപ്പോലെ ക്ലാസ്സില്‍ വെച്ച് അടി കിട്ടുന്ന രംഗത്തിന് സാക്ഷ്യം വഹിക്കാനുള്ള ‘അപൂര്‍വ ഭാഗ്യ’മാണ് തങ്ങളെത്തേടിയെത്തിയിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ സഹപാഠികള്‍ വിടര്‍ന്ന കണ്ണുകളോടെ ആ ‘അസുലഭ ദൃശ്യ’ത്തിനായി കാത്തിരിക്കുകയാണ്.

ഞാന്‍ മേശയുടെ അടുത്തായി ടീച്ചറുടെ മുന്‍പില്‍ അല്പം വലത്തോട്ടു നീങ്ങി നിന്നു - തെല്ലൊന്നു കുനിഞ്ഞ മുഖത്തോടെ. കാലുകള്‍ക്ക് ചെറിയൊരു വിറയലുണ്ടോ...? ഏയ്... തോന്നിയതാവും. ‘ആദ്യ സന്ദര്‍ശന’ത്തിനെത്തുന്ന ചൂരലിനെ ‘സ്വാഗതം ചെയ്യാന്‍’ ശരീരത്തെയും മനസ്സിനെയും ഒരുക്കുകയായിരുന്ന എന്നെ നോക്കി എന്തോ ആലോചിച്ചെന്നോണം ഏതാനും നിമിഷം നിന്ന ശേഷം ടീച്ചര്‍ ഇടതുകൈ കൊണ്ട് എന്റെ ഇടതു കൈത്തണ്ടയില്‍ പിടിച്ച് അല്പം മുന്നോട്ടു വലിച്ചു - തുടയോട് ചേര്‍ന്നുനില്‍ക്കുന്ന കൈ ചൂരലിന്റെ ലക്ഷ്യത്തിലേക്കുള്ള പാതയില്‍ തടസ്സമാകുമെന്ന് തോന്നിക്കാണും. ഏതാനും നിമിഷങ്ങള്‍ കൂടി. ടീച്ചറുടെ കൈയിലെ ചൂരല്‍ ഉയര്‍ന്നു. ക്ലാസ്സില്‍ സഹപാഠികളുടെ മുന്‍പില്‍ വെച്ച് കിട്ടുന്ന ആദ്യത്തെ ചൂരല്‍ പ്രയോഗം - ചന്തിക്കു കുറുകെ ഏതാണ്ട് നടുവിലായി. പ്രതീക്ഷിച്ചത്ര വേദന തോന്നിയില്ല. നിമിഷങ്ങള്‍ക്കകം ചൂരല്‍ വീണ്ടും ഉയര്‍ന്നുതാണു. കുറച്ചുകൂടി കനത്ത ഒരടി - ആദ്യത്തേതിന്റെ അല്പം താഴെയായി. പിന്നെ ഏതാനും നിമിഷങ്ങളുടെ ഇടവേള. വേദന ‘അബ്‌സോര്‍ബ്’ ചെയ്യാന്‍ ടീച്ചര്‍ മന:പൂര്‍വം അവസരമൊരുക്കിയതാവാം. ‘ഇനി മേലാല്‍ ഇങ്ങനെ ചെയ്യാന്‍ തോന്നുമ്പോള്‍...’ പൂര്‍വാധികം ഊര്‍ജസ്വലതയോടെ ചൂരല്‍ വീണ്ടും ഉയര്‍ന്നു. ഇടതു ചന്തിയില്‍ ഒരു മിന്നല്‍പ്പിണര്‍ തീര്‍ത്ത് ചൂരല്‍ പറന്നിറങ്ങിയതിനു ശേഷമാണ് ടീച്ചര്‍ പൂരിപ്പിച്ചത്: ‘ഇത് ഓര്‍മ വരണം...’ ഞാന്‍ ഒരു നിമിഷം കണ്ണുകള്‍ ഇറുകെയടച്ചു. പല്ലുകള്‍ കടിച്ചു പിടിച്ച് വേദന കടിച്ചമര്‍ത്തി. ഇനിയും എത്രയെണ്ണമായിരിക്കും ടീച്ചര്‍ എനിക്കായി കരുതിവെച്ചിരിക്കുന്നത്? ആലോചിച്ചു നില്‍ക്കാന്‍ ഏറെയൊന്നും സമയം നല്‍കാതെ ടീച്ചറുടെ ചൂരല്‍ വീണ്ടും ഉയര്‍ന്നുതാണു. ഇടതു തുടയുടെ മുകള്‍‌ഭാഗത്തായി ഇളം ചുവപ്പു നിറത്തില്‍ ഒരു ‘ബാന്‍‌ഡ്’ തെളിഞ്ഞു - അല്പം ചെരിഞ്ഞ്, ട്രൗസറിന്റെ വക്കിനു താഴെയായി അല്പം പുറത്തു കാണാവുന്ന വിധത്തില്‍. അതോടെ ശിക്ഷ അവസാനിപ്പിച്ച് കൈയിലെ പിടി വിട്ട് ടീച്ചര്‍ ചൂരല്‍ മേശപ്പുറത്ത് തിരികെ വെച്ചു. ‘ങും... പോയി ഇരുന്നോ...’ ടീച്ചറുടെ അനുമതി കിട്ടിയതോടെ ഞാന്‍ എന്റെ ബെഞ്ചിനടുത്തേക്കു നടന്നു. നല്ല വേദനയുണ്ടെങ്കിലും അടി കൊണ്ട ഭാഗത്ത് ഒന്നു തടവാന്‍ പോലും തോന്നിയില്ല.

********
അക്കാലത്ത് സ്കൂളുകളിലെ ‘പതിവു ശിക്ഷാരീതി’യായിരുന്ന ‘ചൂരല്‍ പ്രയോഗ’ത്തിന്റെ പല വകഭേദങ്ങളും പല തവണ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എനിക്ക് - ഹെഡ്‌മാസ്റ്ററുടെ റൂമില്‍ ഏതാനും കുട്ടികളുടെയും അദ്ധ്യാപകരുടെയും മുന്‍പില്‍ വെച്ച്, ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും മുന്‍പില്‍ വെച്ച്, മറ്റൊരു ക്ലാസ്സിലെ (സ്വന്തം ക്ലാസ്സിലല്ലാതെ) കുട്ടികളുടെ മുന്‍പില്‍ വെച്ച്, സ്കൂളിനു പുറത്ത് ഗ്രൗണ്ടില്‍ വെച്ച്... പല അദ്ധ്യാപകരില്‍ നിന്നും കൈവെള്ളകളിലും തുടകളിലും ചന്തിയിലുമൊക്കെയായി ഏറ്റുവാങ്ങിയിട്ടുള്ള ചെറുതും വലുതുമായ ഒട്ടേറെ ചൂരല്‍ പ്രഹരങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ മനസ്സിലുണ്ട് ഇപ്പോഴും. അവയില്‍ ചിലതൊക്കെ വിദൂര ഭാവിയില്‍ മറവിക്കു വഴിമാറിയേക്കാമെങ്കിലും ഒരിക്കലും മറക്കാനാവാത്ത ഏതാനും നിമിഷങ്ങളാണ് ഇരുപത്താറു വര്‍ഷം മുന്‍പ് ആ ദിവസം സുമേധ ടീച്ചര്‍ എനിക്കു സമ്മാനിച്ചത് - ക്ലാസ്സില്‍ സഹപാഠികളുടെ മുന്‍പില്‍ വെച്ച് ഏറ്റുവാങ്ങേണ്ടിവന്ന ആദ്യത്തെ ചൂരല്‍‌പ്രയോഗം എന്ന നിലയിലും സ്കൂളില്‍ പെണ്‍‌കുട്ടികളുടെ മുന്‍പില്‍ വെച്ച് ചന്തിയില്‍ ചൂരലടി ഏറ്റുവാങ്ങേണ്ടിവന്ന ആദ്യത്തെയും അവസാനത്തെയും അനുഭവം എന്ന നിലയിലും.

*******


* ഈ ‘യാത്ര’യുടെ വിശദാംശങ്ങള് അറിയാന്‍ എന്റെ വെബ്‌സൈറ്റിലേക്കു വരാം.

Friday, 18 May 2007

ഓര്‍മകള്‍...


മുംബൈയിലെ ഹെഡ് ഓഫീസില്‍ ഇരിക്കേണ്ട ഞാന്‍ ചുട്ടുപൊള്ളുന്ന ഔറംഗബാദ് നഗരത്തിലെ പ്ലാന്റ് ഓഫീസില്‍ എത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. അഞ്ചാറു ദിവസം കൊണ്ട് ജോലി തീര്‍ത്ത് തിരിച്ചു പോകാമെന്നു കരുതിയതായിരുന്നു. എന്തു ചെയ്യാം? രാത്രി വരെ കം‌പ്യൂട്ടറിനു മുന്‍‌പില്‍ കുത്തിയിരുന്ന് പണിഞ്ഞിട്ടും ഒരു രക്ഷയുമില്ല. ഈയാഴ്ചയെങ്കിലും എല്ലാം ഒന്ന് അടുക്കി ഞായറാഴ്ച ലാവണത്തില്‍ തിരിച്ചെത്തണം എന്ന നിശ്ചയവുമായി ‘ഊര്‍ജിത പ്രശ്ന നിവാരണ പദ്ധതി’യുമായാണ് ഇന്നു രാവിലെ ഓഫീ‍സിലെത്തിയത്. ‘ലോഗിന്‍’ ചെയ്ത എന്നെ കാത്തിരുന്നത് ഒരു കൂട്ടുകാരന്റെ ബ്ലോഗ്. ചുമ്മാ ഒന്നു നോക്കിയേക്കാമെന്നു വെച്ച് കയറിച്ചെന്നു. വായിച്ചു തുടങ്ങിയപ്പോള്‍ മനസ്സ് അറിയാതെ വര്‍ഷങ്ങള്‍ക്കു പിന്നിലെ ഓര്‍മകളിലേക്ക് പറന്നു തുടങ്ങുകയായിരുന്നു...

മനസ്സിന്റെ ഏതോ കോണില്‍ മായാതെ, ഒളി മങ്ങാതെ കിടന്നിരുന്ന സുഖമുള്ള കുറേ ഓര്‍മകള്‍. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മധുരമുള്ള ഓര്‍മകള്‍‌ക്കിടയില്‍ ഒരു സ്വകാര്യ നൊമ്പരം പോലെ ഒരു മുഖം കടന്നു വന്നു - കല്യാണിക്കുട്ടി ടീച്ചര്‍ - എന്റെ ‘ടീച്ചറമ്മ’. മാനവികതയുടെ ഏറ്റവും ഉദാത്തമായ ഭാവത്തിന്റെ - മാതൃത്വത്തിന്റെ - മാധുര്യവും നിര്‍വൃതിയും അനുഭവിക്കാന്‍ ഭാഗ്യമില്ലാതെ പോയ ഒരു പാവം ‘അമ്മ’. ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിഞ്ഞി‌ല്ലെങ്കിലും ഒരായിരം കുഞ്ഞുങ്ങള്‍ക്ക് അളവില്ലാത്ത സ്നേഹവും വാത്സല്യവും ആവോളം വിളമ്പി നിര്‍വൃതിയടഞ്ഞ ആ അമ്മയുടെ അടുത്തെത്താന്‍ ഒരു നിമിഷം കൊതിച്ചുപോയി. മൊബൈലിലെ ‘കോണ്‍‌ടാക്റ്റ് ലിസ്റ്റ്’ല്‍ നിന്ന് നമ്പര്‍ പരതി‌യെടുക്കാന്‍ പോലും മിനക്കെടാതെ ‘സ്പീഡ് ഡയല്‍ മോഡി’ല്‍ ‘8’ ഡയല്‍ ചെയ്ത് കാത്തിരിക്കേ കാതില്‍ മുഴങ്ങുന്ന റിങ്ങിനൊപ്പം ഹൃദയം വല്ലാതെ പിടയ്ക്കുന്നതു പോലെ തോന്നി. ടീച്ചര്‍ ഫോണെടുത്തപ്പോള്‍ നാവില്‍ അറിയാതെ വന്നത് ‘അമ്മേ’ എന്ന്. ആ വിളിയോട് പ്രതികരിക്കാന്‍ കുറച്ചു നേരമെടുത്തു, ടീച്ചര്‍. ‘അമ്മേ’ എന്ന വിളി ഒരിക്കലെങ്കിലും ഒന്നു കേള്‍ക്കാന്‍ വര്‍ഷ‌ങ്ങളായി കൊതിച്ചിരുന്ന ആ മനസ്സിന്റെ തുടിപ്പ് ആ നിശ്ശബ്ദതയുടെ നിമിഷങ്ങളില്‍ കാതുകളില്‍ മുഴങ്ങുന്നതു പോലെ തോന്നി. ‘മോനേ… നീ…’ അങ്ങകലെ എവിടെയോ നിന്നെന്നോണം വാക്കുകള്‍ ഒഴുകിയെത്തി. ഒരൊറ്റ നിമിഷം – മനസ്സുകൊണ്ട് പത്തൊന്‍പ‌തു വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക് പറന്നെത്താന്‍ അതു മതിയായിരുന്നു എനിക്ക് – ടീച്ചറുടെ പ്രിയപ്പെട്ട ‘കുട്ടി’യായിരുന്ന ആ പത്തുവയസ്സുകാരനാവാന്‍.

ആറു മിനിറ്റോളം നീണ്ട സംഭാഷണത്തിനൊടുവില്‍ ‘എന്‍ഡ്’ ബട്ടണമര്‍ത്തി മൊബൈലി‌നെ വിശ്രമിക്കാന്‍ വിട്ടു കഴിഞ്ഞിട്ടും മനസ്സ് വര്‍ത്ത‌മാനകാലത്തിലേക്ക് തിരികെ വരാന്‍ ‌മടിച്ചുനില്‍ക്കു‌ന്നതു പോലെ തോന്നി. അമ്മയുടെ സ്നേഹത്തിന്റെ ശീതളച്ഛായയുപേക്ഷിച്ച് തലയ്ക്കു മുകളില്‍ ‘ഡെമോക്ലിസിന്റെ വാളു‘ പോലെ ഭീഷണി‌യുയര്‍ത്തു‌ന്ന ‘ഡെഡ് ലൈനു’കളുടെ പൊള്ളുന്ന തീക്ഷ്ണതയിലേക്കു വരാന്‍ മടി തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...? ‘പ്രശ്ന നിവാരണ പദ്ധതി’ക്ക് ‘താല്‍ക്കാ‌ലിക മോറട്ടോറിയം’ പ്രഖ്യാപിച്ച് മനസ്സിനെ സ്വച്ഛമായി വിഹരിക്കാന്‍ വിട്ട് കസേരയില്‍ പിന്നോട്ടു ചാഞ്ഞ് ഞാന്‍ മെല്ലെ കണ്ണുകളടച്ചു. ടീച്ചറെക്കുറിച്ച് ഓര്‍ക്കു‌മ്പോളൊക്കെ മനസ്സില്‍ തെളിയാറുള്ള ദൃശ്യങ്ങള്‍ക്ക് ഇന്ന് മിഴിവേറിയതു പോലെ തോന്നി. അവിടെ...

*****

ക്ലാസ്സിനു മുന്‍പി‌ല്‍ മേശയുടെ അടുത്ത് നില്‍ക്കു‌കയാണ്‍ ടീച്ചര്‍, വലതു കൈയില്‍ ചൂരലുമായി. ടീച്ചറുടെ മുന്‍പി‌ല്‍ തെല്ലൊന്ന് കുനിഞ്ഞ മുഖവുമായി നില്‍ക്കു‌ന്നു, ഒരു പത്തുവയസ്സുകാരന്‍. എന്തോ വികൃതി കാണിച്ചതിന് അവനെ ശിക്ഷിക്കാനൊ‌രുങ്ങുകയാണെങ്കിലും ടീച്ചറുടെ മുഖത്ത് ഗൌരവത്തിന്റെയോ ദേഷ്യത്തിന്റെയോ ലാഞ്ഛന പോലുമില്ല. പകരം.… ആരുമറിയാതെ ഉള്ളിലൊതുക്കിയ ഒരു സ്വകാര്യ ദു:ഖത്തിന്റെ നേര്‍ത്ത അലകള്‍ ആ മുഖത്ത് തെളിയുന്നുണ്ടോ...? അറിഞ്ഞുകൂടാ.… തന്റെ പ്രിയപ്പെട്ട ടീച്ചറുടെ കൈയില്‍ നിന്ന് തല്ലു കിട്ടാന്‍ പോകുന്നു എന്ന തിരിച്ചറിവിന്റെ ആഘാതത്തിലും ആ അഞ്ചാം ക്ലാസ്സുകാരന്റെ മുഖത്ത് തല്ലിനെക്കുറിച്ചുള്ള ഭയാശങ്കകളില്ല. പകരം ടീച്ചറുടെ ദു:ഖം സ്വയം ഏറ്റുവാങ്ങിയോ എന്നു തോന്നിക്കുമാറുള്ള ഒരു വിഷാദച്ഛായ. താന്‍ ഏറ്റവുമധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ടീച്ചറെക്കൊണ്ട് ചൂരലെടുപ്പിക്കേണ്ടിവന്നതിലുള്ള വിഷമമാണ് ആ പത്തുവയസ്സുകാരന്റെ മുഖത്ത്.

‘നീ... നീ എന്തിനാണതു ചെയ്തത്...? അപകടമാണെന്ന് അറിയില്ലേ? ബാലന്‍സ് ‌ കിട്ടാതെ വീണിരുന്നെങ്കില്‍ എന്താകുമായിരുന്നു...?’ ടീച്ചറുടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ അവന് ഉത്തരമില്ലായിരുന്നു. ‘സോറി ടീച്ചര്‍… ആ സമയത്ത് ആലോചി‌ക്കാതെ ചെയ്തുപോയതാണ്.…’ ‘ങും... ഇനിയത് ആവര്‍ത്തി‌ക്കരുത്... അതിന്...’ ക്ലാസ്സിലെ തന്റെ ‘ബെസ്റ്റ് സ്റ്റുഡന്റി’നെ ശിക്ഷിക്കേണ്ടിവരുന്നതിന്റെ വിഷമം ഉള്ളിലൊതുക്കി ടീച്ചര്‍ അവനു നേരെ ചൂരല്‍ ഓങ്ങി. ടീച്ചറുടെ വാക്കുകളില്‍ നിറഞ്ഞു നിന്ന സ്നേഹവാത്സല്യങ്ങളെക്കുറിച്ചുളള തിരിച്ചറിവിന്റെ നിറവില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായി അവന്‍ മെല്ലെ മുഖം കുനിച്ചു.

*****

തല്ലു കൊള്ളേണ്ടിവന്നതിനേക്കാള്‍ താന്‍ കാരണം തന്റെ പ്രിയപ്പെട്ട ടീച്ചര്‍ക്ക് ചൂരലെടുക്കേണ്ടി വന്നതോര്‍ത്ത് വിഷമിക്കുന്ന ആ അഞ്ചാം ക്ലാസ്സുകാരന്‍ ആരായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? അന്ന് ഞാന്‍ സ്കൂളില്‍ പോയിരുന്നത് ഞങ്ങളുടെ സ്കൂള്‍ ബസ്സിലായിരുന്നു. അതേ ബസ്സില്‍ത്തന്നെ‌യായിരുന്നു ടീച്ചറുടെയും യാത്ര. ആ ദിവസം രാവിലെ സ്കൂളിലെത്തിയപ്പോള്‍ ബസ് മുറ്റത്ത് നിര്‍ത്തുന്നതിനു മുന്‍പ് വേഗം കുറഞ്ഞ് നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഒരു ‘സാഹസം’ കാണിച്ചു - ഒരു കൈയില്‍ സ്കൂള്‍ബാഗുമായി സ്റ്റെപ്പിന്മേല്‍ നിന്നുകൊണ്ട് വാതില്‍ തുറന്നു. ബസ് നിന്ന ഉടനെ ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു അത്. മുന്‍പിലെ സീറ്റുകളില്‍ ഇരുന്ന മൂന്നോ നാലോ കുട്ടികള്‍ മാത്രമേ അതു കണ്ടിട്ടുണ്ടാവൂ എന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷേ മറ്റു പലരും അതു കണ്ടതേയില്ലെങ്കിലും നാലഞ്ചു വരി സീറ്റുകള്‍ക്കു പിന്നില്‍ ഇരുന്ന ടീച്ചര്‍ അതു ശ്രദ്ധിച്ചിരുന്നു. (മകന്റെ സുരക്ഷിതത്വത്തെപ്പറ്റി അതീവ ശ്രദ്ധാലുവായ ഒരമ്മയെപ്പോലെ.) അപകടകരമായ ആ സാഹസത്തിനുള്ള ശിക്ഷയായിരുന്നു ടീച്ചര്‍ എനിക്കു തന്നത്. ക്ലാസ്സില്‍ ഒരു ‘മാതൃകാ വിദ്യാര്‍ഥി’(?)യെന്ന ‘ലേബല്‍’ വഹിച്ചിരു‌ന്നതുകൊണ്ട് എനിക്കു തരുന്ന ശിക്ഷയും മാതൃകാപരമാവണമെന്ന് ടീച്ചര്‍ ആഗ്രഹിച്ചിരുന്നിരിക്കാം. അതുകൊണ്ടായിരിക്കാം, സ്റ്റാഫ് റൂമിലേക്കു വിളിക്കാതെ ശിക്ഷ ക്ലാസ്സില്‍ വെച്ചു തന്നെ തരാന്‍ തീരുമാനിച്ചത്. കൈവെള്ളയില്‍ ചൂരല്‍‌പ്പാടുകള്‍ തെളിയുമ്പോഴും ടീച്ചറോടുള്ള സ്നേഹവും ബഹുമാനവും പതിന്മടങ്ങായി വളരുകയായിരുന്നു എന്റെ മനസ്സില്‍. ജീവിതത്തില്‍ ആദ്യമായി ഒരു ശിക്ഷ ഞാന്‍ ആഹ്ലാദപൂര്‍വം ഏറ്റുവാങ്ങിയത് അന്നായിരുന്നു. (സംശയിക്കേണ്ട. ‘ആഹ്ലാദപൂര്‍വം’ എന്നു തന്നെയാ എഴുതിയത്. ‘തല്ലു കൊള്ളുന്നതില്‍ ആഹ്ലാദമോ’ എന്നു ചോദിക്ക‌രുത്. സ്നേഹം - അതു തല്ലിന്റെ രൂപത്തിലായാലും - ലഭിക്കുമ്പോള്‍ ആഹ്ലാദമല്ലാതെ മറ്റെന്തു തോന്നാന്‍?)

*****

മികച്ച ഒട്ടേറെ അധ്യാപകരുടെ ക്ലാസ്സുകളില്‍ ഇരിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട് എനിക്ക്. അവരില്‍ മിക്കവാറും എല്ലാവരുടെയും സ്നേഹം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. (ചിലരുടെയെങ്കിലും ‘സ്നേഹ’ത്തിന് ചൂരലിന്റെ മുഖമായിരുന്നു!) പക്ഷേ അവരില്‍ നിന്നൊക്കെ വ്യത്യസ്തമായി ഹൃദ്യമായ ഒരനുഭവം - അതായിരുന്നു കല്യാണിക്കുട്ടി ടീച്ചര്‍. സ്വപ്നങ്ങളില്‍പ്പോലും കടന്നുവരാനാവും വിധം എന്റെ മനസ്സിനെ കീഴടക്കുന്നതില്‍ ടീച്ചറോളം വിജയിച്ചവര്‍ വേറെയില്ല. വലതു കൈയില്‍ ചൂരലും മുഖത്ത് നേര്‍ത്ത ഒരു വിഷാദഛായയും മനസ്സു നിറയെ സ്നേഹത്തിന്റെ നറും പാലുമായി നില്‍ക്കുന്ന ടീച്ചറും തന്റെ പ്രിയപ്പെട്ട ടീച്ചറുടെ സ്നേഹവാത്സല്യങ്ങള്‍ നിറഞ്ഞ ചെറുപ്രഹരങ്ങള്‍ നിറഞ്ഞ മനസ്സോടെ ഏറ്റുവാങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന പത്ത് - പതിനൊന്നു വയസ്സുകാരനും സ്കൂള്‍ ജീവിത നാളുകളിലെ എന്റെ സ്വപ്നങ്ങളില്‍‌പ്പോലും നിറഞ്ഞു നില്‍ക്കാറുണ്ടായിരുന്നു.

മക്കളില്ലാത്തതുകൊണ്ടാവാം, ടീച്ചറുടെ മനസ്സില്‍ കുട്ടികള്‍ക്ക് എന്നും മക്കളുടെ സ്ഥാനമായിരുന്നു. തന്റെ ഉള്ളിലെ മാതൃത്വത്തിന്റെ മാധുര്യം ‘മക്കള്‍’ക്ക് ആവോളം പകര്‍ന്നു നല്‍കാനായിരുന്നു ടീച്ചര്‍ക്കിഷ്ടം, എന്നും. അപൂര്‍വമായെങ്കിലും വടിയെടുക്കുമ്പോള്‍ പോലും ആ മുഖത്ത് ദേഷ്യമല്ല, ‘മക്കളെ’ തല്ലേണ്ടിവരുന്ന‌തിലുള്ള വിഷമമാണ് തെളിയാറുള്ളത്.

മാനവികതയുടെ ഏറ്റവും ഉദാത്തമായ ഭാവമാണ് മാതൃത്വമെന്നു പറയാറുണ്ട്. ആ മാതൃത്വത്തിന് പ്രത്യക്ഷരൂപമെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതിന് ടീച്ചറുടെ മുഖമായിരിക്കും എന്നാണ് എനിക്ക് എന്നും തോന്നിയിട്ടുള്ളത് - എനിക്കു മാത്രമല്ല, എന്നെങ്കിലും ടീച്ചറുടെ ശിഷ്യരായിരിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള എല്ലാവര്‍ക്കും അതുതന്നെ തോന്നിയിട്ടുണ്ടാകും, ഒരിക്കലെങ്കിലും.

വെറും രണ്ടു തവണ മാത്രമേ ആ ചൂരലിന്റെ ‘മധുരം’ നുകരാന്‍ ഭാഗ്യമുണ്ടായിട്ടുള്ളൂ എനിക്ക്. എങ്കില്‍പ്പോലും ഒരു ‘ശിക്ഷാ ഉപകരണം’ എന്നതിലുപരിയായി ചൂരലിനു സ്നേഹത്തിന്റെ മുഖവും സ്വീകരിക്കാനാവുമെന്ന് എനിക്കു കാണിച്ചുതന്ന ടീച്ചര്‍ക്ക് എന്റെ മനസ്സില്‍ അമ്മയുടെ രൂപമാണ്, അന്നും ഇന്നും. എന്നും അങ്ങനെതന്നെ‌യായിരിക്കുകയും ചെയ്യും. നാട്ടില്‍ നിന്ന് അകന്നുള്ള ജീവിതം തുടങ്ങിയിട്ട് ഒരു വ്യാഴവട്ടത്തോളമായെങ്കിലും നാട്ടിലെത്തുമ്പോഴൊക്കെ ടീച്ചറുടെ അടുത്തെത്താന്‍ മറക്കാറില്ല ഞാന്‍, എത്ര തിരക്കായിരുന്നാലും. ആ സന്ദര്‍ശനങ്ങള്‍ പലപ്പോഴും അവസാനിക്കുന്നത് ഞാന്‍ ആ പാദങ്ങള്‍ തൊട്ടു വന്ദിക്കുന്നതോടെയാവും - ജന്മം നല്‍കിയില്ലെങ്കിലും ഒരായുഷ്കാലത്തേക്കു വേണ്ട സ്നേഹം മുഴുവന്‍ ഏതാനും മാസങ്ങള്‍ കൊണ്ട് പകര്‍ന്നുനല്‍കിയ ആ ‘അമ്മ’യോടുള്ള സ്നേഹാദരങ്ങളുടെ ബഹിര്‍സ്ഫുരണമായി. (സത്യം പറയാമല്ലോ, ഇന്നു വരെ എന്റെ സ്വന്തം അമ്മയുടെ മുന്‍പില്‍ പോലും അങ്ങനെ ചെയ്യാന്‍ തോന്നിയിട്ടില്ല എനിക്ക്!)

*****


ഞാന്‍ ഒരിക്കലും ഒരു ഈശ്വര വിശ്വാസിയായിരുന്നില്ല. എങ്കില്‍പ്പോലും ഗുരുവിനെ മാതാപിതാക്കള്‍ക്കും സര്‍വോപരി ദൈവത്തിനും തുല്യമായി കാണുന്ന പൌരാണിക സങ്കല്പത്തോട് എനിക്കെന്നും എന്തോ ഒരു ഇഷ്ടം തോന്നിയിരുന്നു. ജന്മം നല്‍കിയ മാതാപിതാക്കള്‍ക്കു പോലും വിലയില്ലാതാകുന്ന, അവരെ ഓര്‍ക്കാന്‍ ‘മാതൃദിന’വും ‘പിതൃദിന’വും ‘പിതാമഹദിന’വുമൊക്കെ വേണ്ടിവരുന്ന ‘ഉത്തരാധുനിക’ കാലഘട്ടത്തില്‍ ‘ഗുരു സാക്ഷാത് പരബ്രഹ്മ:’ എന്ന മഹത്തായ സങ്കല്പത്തിന് എത്രത്തോളം വിലയുണ്ടാകുമെന്നറിയില്ല. എങ്കിലും അതില്‍ക്കുറഞ്ഞ മറ്റൊരു സ്ഥാനവും മതിയാവില്ലെന്ന് ഞാന്‍ കരുതുന്ന, എന്റെ പ്രിയപ്പെട്ട ‘അമ്മ’യ്ക്ക് - കല്യാണിക്കുട്ടി ടീച്ചര്‍ക്ക് - എന്റെയീ വാക്കുകള്‍ പൂജാ പുഷ്പങ്ങളായി സമര്‍പ്പിക്കട്ടെ. ഒപ്പം ആ അമ്മയെക്കുറിച്ചുള്ള ഓര്‍മകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയ ‘സ്വര’ത്തിനും നന്ദി പറഞ്ഞുകൊള്ളട്ടെ.