Saturday 25 August 2012

അമ്മ - ടീച്ചർ - അമ്മ



മൂന്നാം വയസ്സില്‍ - ചിലപ്പോള്‍ അതിനും മുന്‍പേ - തന്നെ സ്കൂള്‍ ജീവിതം ആരംഭിച്ചവരായിരിക്കും ഇന്നത്തെ തലമുറയിലെ കുട്ടികളില്‍ ഭൂരിഭാഗവും. യുവാക്കളിലെ വലിയൊരു ഭാഗത്തിന്റെ കാര്യവും അങ്ങനെതന്നെയാവും. എല്‍ കെ ജി, യു കെ ജി തുടങ്ങിയ ‘ഓമനപ്പേരു’കളുമായി കൊച്ചു കുട്ടികള്‍ക്ക് ‘പീഢന കേന്ദ്ര’ങ്ങളായി മാറുന്ന സ്ഥാപനങ്ങളിലെ ‘വിദ്യാഭാസ’മുറകള്‍ ശീലിക്കേണ്ടിവന്നിട്ടില്ലെങ്കിലും സ്കൂള്‍ ജീവിതമെന്തെന്ന് മൂന്നാം വയസ്സു മുതല്‍ത്തന്നെ അറിഞ്ഞുതുടങ്ങിയതാണ് ഞാനും. തലശ്ശേരി കാവുംഭാഗം സൌത്ത് യു. പി. സ്കൂളില്‍ അധ്യാപികയായിരുന്ന അമ്മയോടൊപ്പം ‘സ്കൂള്‍’ എന്ന ‘അപരിചിത ലോക’ത്തേക്ക് ആദ്യ ചുവടുകള്‍ വെച്ചുകൊണ്ട് തുടങ്ങിയ സ്കൂള്‍ജീവിതയാത്ര. 1993 മാര്‍ച്ച് 29-ന് തലശ്ശേരി സെന്റ് ജോസഫ്‌സ് ഹൈസ്കൂളിന്റെ ക്ലാസ് മുറികളോട് വിട പറയുന്നതു വരെയുള്ള പന്ത്രണ്ടു വര്‍ഷത്തെ യാത്രയില്‍ അറിവിന്റെ പൊതിച്ചോറും സ്നേഹവാത്സല്യങ്ങളുടെ മധുരവും പകര്‍ന്നുനല്‍കിയ അധ്യാപകരെക്കുറിച്ചും സഹയാത്രികരായി കൂടെയുണ്ടായിരുന്ന കൂട്ടുകാരെക്കുറിച്ചുമുള്ള ഓര്‍മകളെ തിരികെ വിളിച്ചുകൊണ്ട് മനസ്സുകൊണ്ടൊരു യാത്ര. ഒന്നാം ക്ലാസ്സില്‍ ‘ഐരാവത’പ്പുറത്തേറി ആരംഭിച്ച ആ യാത്രയില്‍ ഒരു ഉച്ചയൂണിന് നേരമായി. അതുകൊണ്ട് പോകാം, എന്റെ അമ്മയുടെ അടുത്തേക്ക്. (സ്കൂളില്‍ ഒന്നാം ക്ലാസ്സിലെ ‘സ്ഥിരം ക്ലാസ് ടീച്ചറാ’യിരുന്ന അമ്മ, സാമാന്യം വികൃതിയും അസാമാന്യമാം‌വിധം വാശിക്കാരനുമായ മകനെ ‘പേടിച്ചാ’വാം, അവന്‍ ഒന്നാം ക്ലാസ്സില്‍ വിദ്യാര്‍ഥിയായി എത്തിയ വര്‍ഷം ഒന്നാം ക്ലാസ് വിട്ട് ‘പലായനം’ ചെയ്തില്ലായിരുന്നെങ്കില്‍ എന്റെ ഈ യാത്രയുടെ* തുടക്കം തന്നെ അമ്മയെ പരിചയപ്പെടുത്തിക്കൊണ്ടാകുമായിരുന്നു.)


1985-ന്റെ രണ്ടാം പകുതിയിലൂടെ കടന്നുപോകുകയാണ് എന്റെ യാത്ര - ടീച്ചറുടെ മകന്‍ എന്ന ‘ലേബല്‍’ വഹിക്കുന്നതു കൊണ്ട് അദ്ധ്യാപകരും മുതിര്‍ന്ന ക്ലാസ്സുകളിലെ ചേട്ടന്മാരും ചേച്ചിമാരും ക്ലാസ്സിലെ കൂട്ടുകാരുമൊക്കെ നല്‍കുന്ന പ്രത്യേക പരിഗണനയുടെ സുഖം ആസ്വദിച്ചുകൊണ്ട് ടീച്ചര്‍മാരുടെയും സഹപാഠികളുടെയും സ്നേഹഭാജനമായി കഴിഞ്ഞിരുന്ന ആ മൂന്നാം ക്ലാസ്സുകാരന്റെ നാളുകള്‍ എല്ലാ അര്‍ത്ഥത്തിലും ആഹ്ലാദം നിറഞ്ഞതായിരുന്നു. എന്നും രാവിലെ സ്കൂളിലേക്കുള്ള ഓട്ടത്തില്‍ തുടങ്ങുന്ന സന്തോഷം വൈകീട്ട് കൂട്ടുകാരോടൊപ്പം കളിച്ചുല്ലസിച്ച് വീട്ടില്‍ തിരിച്ചെത്തുന്നതുവരെ നീളും. രാവിലെ ഒന്‍പതര കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടില്‍നിന്ന് ഇറങ്ങി രണ്ടുകിലോമീറ്ററോളം ഓടിക്കിതച്ച്, ബെല്ലടിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാ‍ക്കിയുള്ളപ്പോഴാവും സ്കൂളിലെത്തുന്നത്. പിന്നെ ഉച്ച വരെ ക്ലാസ്സില്‍ കൂട്ടുകാരുടെ കൂടെ കളിചിരികളും വികൃതികളും ‘തല്ലുകൊള്ളിത്തര’ങ്ങളും ചില്ലറ പിണക്കങ്ങളുമൊക്കെയായി കഴിയുന്ന ആഹ്ലാദനിമിഷങ്ങള്‍. ഉച്ചയ്ക്ക് വീട്ടില്‍പ്പോയി ഊണുകഴിക്കുന്ന കുട്ടികള്‍ അവരുടെ വീടുകളിലേക്കോടുകയും മറ്റുള്ളവര്‍ സ്കൂളിലെ ‘ഔദ്യോഗിക ഉച്ചഭക്ഷണ’മായ ഉപ്പുമാവിനു വേണ്ടി കാത്തുനില്‍ക്കുകയോ വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഉച്ചഭക്ഷണപ്പൊതികള്‍ തുറക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ ഓഫീസ് റൂമിലായിരിക്കും എന്റെ സ്ഥാനം - സഹപ്രവര്‍ത്തകരോടൊപ്പം ഊണുകഴിക്കാനിരിക്കുന്ന അമ്മയുടെ അടുത്ത്. അമ്മ ചോറു കൊണ്ടുവരുന്ന മൂന്നു തട്ടുകളുള്ള ‘ടിഫിന്‍ കാരിയറി‘ന്റെ രണ്ടാമത്തെ തട്ട് എനിക്കുള്ളതാണ്. (മുകളിലെ തട്ടില്‍ കറിയും ഏറ്റവും അടിയിലത്തെ വലിയ തട്ടില്‍ അമ്മയ്ക്കുള്ള ചോറുമായിരിക്കും.) അദ്ധ്യാപകര്‍ തമ്മില്‍ കറികളും മറ്റും പങ്കിടുന്ന പതിവിന്റെ ഫലമായി കിട്ടുന്ന വൈവിധ്യമാര്‍ന്ന ഊണാണ് അടുത്ത സന്തോഷം. ഭക്ഷണം കഴിഞ്ഞ് രണ്ടുമണിക്ക് ക്ലാസ് തുടങ്ങുന്നതു വരെ സ്കൂളിന്റെ മുറ്റത്തും അടുത്തുള്ള പറമ്പുകളിലുമൊക്കെയായി കൂട്ടുകാരോടൊപ്പം ഓട്ടവും ചാട്ടവുമൊക്കെയായി ആസ്വദിക്കാനുള്ള സമയം. വൈകീട്ട് നാലുമണിക്ക് സ്കൂള്‍ വിട്ടുകഴിഞ്ഞാല്‍ കൂട്ടുകാരോടൊപ്പം റോഡ് മുഴുവന്‍ കൈയടക്കിക്കൊണ്ട് വീട്ടിലേക്കുള്ള മടക്കയാത്ര ആഹ്ലാദത്തിന്റെ അടുത്ത ഘട്ടമാകും.

ഒരു ദിവസം ‍പതിവുപോലെ ഉച്ചയ്ക്ക് ഓഫീസ് റൂമിലെത്തിയപ്പോള്‍ മേശയും ബെഞ്ചുകളുമൊക്കെ പതിവു സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നീക്കിയിട്ടിരിക്കുന്നു. (ഓഫീസ് റൂമില്‍ കസേരയുണ്ടായിരുന്നത് ഹെഡ്‌മാസ്റ്റര്‍ക്കു മാത്രം. മറ്റ് അദ്ധ്യാപകര്‍ക്കെല്ലാം കൂടി ഒരു വലിയ മേശയും - അതോ രണ്ടു മേശകള്‍ ചേര്‍ത്തിട്ടിരുന്നതാണോ? ഓര്‍മയില്ല - രണ്ടു ബെഞ്ചുകളുമാണ് ഉണ്ടായിരുന്നത്.) അകത്ത് എന്തോ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. അമ്മയും മറ്റ് അദ്ധ്യാപകരും ഉച്ചഭക്ഷണപ്പാത്രങ്ങളുമായി പുറത്തേക്കിറങ്ങുന്നു. രാധ ടീച്ചര്‍, സുമേധ ടീച്ചര്‍, സുശീല ടീച്ചര്‍, ശാന്ത ടീച്ചര്‍, കരുണന്‍ മാഷ്... എല്ലാവരും ഉണ്ട്. അമ്മയുടെ പിന്നാലെ ഞാനും ആ ‘ജാഥ’യില്‍ ചേര്‍ന്നു. വരാന്തയിലൂടെയുള്ള യാത്ര ഓഫീസ് റൂമിന്റെ പിന്നിലായി ആറ്, ഏഴ് ക്ലാസ്സുകള്‍ നടക്കുന്ന ഹാളിലേക്ക്.

ആ നടപ്പിനിടയില്‍ യാദൃശ്ചികമായി എന്റെ നോട്ടം തൊട്ടുമുന്‍പില്‍ നടക്കുന്ന അമ്മയുടെ കൈയിലെ ടിഫിന്‍ കാരിയറിലായി. മൂന്നു തട്ടുകളും അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ‘പട്ട’യും അതിനെ മുകളിലെ തട്ടിന്റെ മൂടിയുമായി ബന്ധിപ്പിക്കുന്ന സ്പൂണിന്റെ ആകൃതിയിലുള്ള ‘ആണി‘യും ചേര്‍ന്ന സംവിധാനം എന്നിലെ ‘മെക്കാനിക്കി’നെ ഉണര്‍ത്തിയത് പെട്ടെന്നായിരുന്നു. ആ ‘സ്പൂണ്‍’ എടുത്തുമാറ്റിയാല്‍ എങ്ങനെയിരിക്കും? മുഴുവനായി ഊരിയെടുക്കാതെ പാതി മാത്രം വലിച്ചെടുത്താലോ? (കൈയില്‍ കിട്ടുന്നതെന്തും ‘അഴിച്ചുപണി’യാനുള്ള ഈ ‘കുരുത്തംകെട്ട’ പ്രവണത എനിക്ക് പണ്ടേ ഉണ്ടായിരുന്നതാണ്. രണ്ടോ അതിലധികമോ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയ എന്തു സാധനവും - ഏതെങ്കിലും കളിപ്പാട്ടമോ ഉപകരണമോ എന്തുമാവാം - എന്റെ കൈയില്‍ കിട്ടിയാല്‍ അരമണിക്കൂറിനകം അതിന്റെ ‘പരിപ്പെടുത്തിരിക്കും’ ഞാന്‍!) ആലോചിച്ച് തലപുകയ്ക്കാനൊന്നും നിന്നില്ല. മെല്ലെ കൈ നീട്ടി ആ ‘സ്പൂണില്‍’ പിടിച്ച് വലിച്ചെടുത്തു. മുന്‍‌പരിചയമില്ലാഞ്ഞതുകൊണ്ടോ വലിച്ചതിന്റെ ‘ടൈമിങ്’ ശരിയല്ലാഞ്ഞതുകൊണ്ടോ എന്നറിയില്ല, മുകളിലെ രണ്ടു തട്ടുകളും ഒന്നിച്ച് മറിഞ്ഞുവീണു - ആദ്യം വരാന്തയിലേക്ക്, പിന്നെ അവിടെനിന്ന് മുറ്റത്തേക്കും. നടുവിലെ തട്ടിലുണ്ടായിരുന്ന ചോറ് ഏതാണ്ട് മുഴുവനും മുറ്റത്ത് ചിതറിവീണു. മുകളിലെ തട്ടിന് മൂടിയുടെ സംരക്ഷണമുണ്ടായിരുന്നതുകൊണ്ട് കാര്യമായ നഷ്ടം സംഭവിച്ചില്ല. വീഴ്ചയുടെ ആഘാതത്തില്‍ മൂടി തുറന്നുപോയെങ്കിലും കറിയുടെ പകുതിയോളം പാത്രത്തില്‍‌ - ത്തന്നെ ശേഷിച്ചു. അടിയിലത്തെ തട്ട് പട്ടയില്‍ കുടുങ്ങിക്കിടന്നതുകൊണ്ടാവാം വീഴാതെ നിന്നത്.    


ഞാന്‍ ഒപ്പിച്ച വികൃതി കണ്ടില്ലെന്നു നടിക്കാനാവില്ലായിരുന്നു അമ്മയ്ക്ക്. (അതെനിക്കുമറിയാമായിരുന്നു!) വഴക്കിന്റെ പെരുമഴയ്ക്കു പിന്നാലെ അമ്മയുടെ കൈയും എന്റെ മേല്‍ വീഴുമെന്നാണ് കരുതിയതെങ്കിലും ഒപ്പമുണ്ടായിരുന്ന ടീച്ചര്‍മാര്‍ ഇടപെട്ടതുകൊണ്ടാണോ എന്നറിയില്ല, അതുമാത്രം ഉണ്ടായില്ല. നിലത്തുവീണ തട്ടുകള്‍ എന്നെക്കൊണ്ടുതന്നെ എടുപ്പിച്ച് അമ്മ ഏറ്റവും അടുത്തുള്ള വാതിലിലൂടെ ഹാളിലേക്കു കടന്ന് മറ്റു ടീച്ചര്‍മാരോടൊപ്പം ഏഴാം ക്ലാസ്സിലേക്കു നടന്നു. പിന്നാലെ ഞാനും. ടിഫിന്‍ കാരിയറിന്റെ തട്ടുകള്‍ ഡെസ്കിന്മേല്‍ വെച്ച ശേഷം ബെഞ്ചില്‍ ഇരിക്കുന്നതിനു പകരം എന്നോട് അവിടെ നില്‍ക്കാന്‍ പറഞ്ഞിട്ട് അമ്മ ക്ലാസ്സിലെ മേശയുടെ അടുത്തേക്കു നടന്നു. ‘പി പി’ ഇതെന്തിനുള്ള പുറപ്പാടാണെന്നറിയാതെ സഹപ്രവര്‍ത്തകരും അമ്മയുടെ മനസ്സിലിരിപ്പ് എന്തെന്നറിയാതെ ഞാനും ചെന്നുപെട്ട ആശയക്കുഴപ്പത്തിന് ഏതാനും നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായുള്ളൂ. മേശയില്‍ നിന്ന് അമ്മ പുറത്തെടുത്ത ‘സാധനം‘ കണ്ടതോടെ കാര്യങ്ങളുടെ കിടപ്പ് വ്യക്തമായി.


സഹപ്രവര്‍ത്തകരുടെ സമ്മിശ്രപ്രതികരണങ്ങള്‍ ശ്രദ്ധിക്കാതെ നടന്നടുത്ത അമ്മ എന്റെ മുന്‍പിലെത്തി നിന്നു. ഒരു നിമിഷം - അതുവരെ ‘അമ്മ‘യായിരുന്ന അമ്മ ‘ടീച്ചര്‍’ ആയിമാറി. ‘ങും... നിന്റെ കുരുത്തക്കേട് കുറേ കൂടുന്നുണ്ട്... ഇന്നത്തോടെ തീര്‍ത്തുതരാം... കൈയിങ്ങോട്ടു നീട്ട്...’ പറഞ്ഞതും ഇടതുകൈ കൊണ്ട് എന്റെ വലതുകൈ പിടിച്ചുവലിച്ചുയര്‍ത്തിയതും ഒന്നിച്ചു കഴിഞ്ഞു. മകന്റെ കണ്ണുകളില്‍ നിഴലിക്കുന്ന ഭയത്തിന് ആക്കം കൂട്ടാനെന്നോണം ജ്വലിക്കുന്ന ഭാവത്തോടെ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് നില്‍ക്കുന്ന അമ്മയുടെ നോട്ടത്തിനു മുന്‍പില്‍ ഞാന്‍ പകച്ചു നില്‍ക്കേ അമ്മയുടെ കൈയിലെ ചൂരല്‍ ഉയര്‍ന്നു. വലതുകൈവെള്ളയില്‍ പറന്നിറങ്ങി ഇളം ചുവപ്പു നിറത്തില്‍ ‘സ്നേഹമുദ്ര‘ പതിപ്പിച്ച ചൂരല്‍ ഏതാനും നിമിഷങ്ങള്‍ക്കകം ഒരിക്കല്‍ക്കൂടി ഉയര്‍ന്നുതാണു. ചൂരലിന്റെ ചൂടേറ്റ് എരിഞ്ഞ കണ്ണുകള്‍ നിറഞ്ഞുതുടങ്ങുന്നതു കണ്ടിട്ടാണോ എന്നറിയില്ല, അമ്മ എന്റെ കൈയിലെ പിടി വിട്ടു. അടിയേറ്റു തിണര്‍ത്ത വലതുകൈവെള്ളയില്‍ ഇടതുകൈ അമര്‍ത്തി വേദനയ്ക്ക് ആശ്വാസം കണ്ടെത്താനുള്ള ശ്രമത്തിനിടെ, ശിക്ഷ തീര്‍ന്നെന്നു കരുതി ആശ്വസിക്കാന്‍ സമയമായില്ലെന്ന് അമ്മയുടെ അടുത്ത നീക്കം കണ്ടപ്പോള്‍ മനസ്സിലായി - പിടിച്ചതിലും വലുതായിരുന്നു മാളത്തില്‍...! കൈയിലെ പിടി വിട്ട അമ്മയുടെ അടുത്ത നീക്കമെന്തെന്ന് ട്രൌസറിന്റെ ഇടതു വശത്തെ പോക്കറ്റിനു താഴെയായി പിടി വീണപ്പോഴേ മനസ്സിലായുള്ളൂ. ‘ടീച്ചറുടെ’ ചൂരല്‍ വീണ്ടും ഉയരുന്നതു കണ്ട് കരച്ചില്‍ തുടങ്ങാനാവും മുന്‍പേ അടി വീണു - ജീവിതത്തില്‍ ആദ്യമായി ചന്തിയില്‍ ചൂരലടി അമ്മയുടെ കൈയില്‍ നിന്നുതന്നെ ഏറ്റുവാങ്ങേണ്ടിവന്നതിന്റെ ‘ഷോക്കി’ല്‍ നിന്ന് മോചനം നേടാനാവും മുന്‍പ് ചൂരല്‍ വീണ്ടും ഉയര്‍ന്നു. സാമാന്യം നല്ല ‘ഫോഴ്‌സില്‍’ത്തന്നെ ഒരടി കൂടി, ചന്തിക്കു തന്നെ. കിട്ടേണ്ടതു കിട്ടിയതോടെ ‘നല്ല കുട്ടി’യായി ഞാന്‍ അനിവാര്യമായ ‘ഡ്യൂട്ടി’ തുടങ്ങി - കരച്ചില്‍. അതു കണ്ടതോടെ ട്രൌസറിന്മേലുള്ള പിടി വിട്ട് എന്നെ സ്വതന്ത്രനാക്കി, ചൂരല്‍ മേശപ്പുറത്തേക്കിട്ട് ‘ടീച്ചര്‍ വേഷം’ അഴിച്ചുവെച്ച അമ്മ വീണ്ടും ‘അമ്മ’യായി. താന്‍ തന്നെ കൊടുത്ത അടിയുടെ വേദന കൊണ്ട് കരയുന്ന മകനെ ആശ്വസിപ്പിക്കാനും തനിക്ക് കഴിക്കാന്‍ മാത്രം തികയുന്ന, ടിഫിന്‍ കാരിയറില്‍ ബാക്കിയുള്ള ചോറ് പകുത്ത് ഒരു പങ്ക് അവനുവേണ്ടി മാറ്റിവെക്കാനും സഹപ്രവര്‍ത്തകരുടെ കൂടി സഹായത്തോടെ അവന്റെ വിശപ്പു മാറ്റാനും...

അത് ഒരു തുടക്കമായിരുന്നു - വരാനിരിക്കുന്ന അനേകം അനുഭവങ്ങള്‍ക്ക് ഒരു ചെറിയ തുടക്കം. സ്കൂളില്‍ അധ്യാപകരും വീട്ടില്‍ പത്തു വര്‍ഷത്തോളം അച്ഛനും അതിനിപ്പുറം എന്റെ പ്രിയപ്പെട്ട അഞ്ജുച്ചേച്ചിയും പലപ്പോഴായി ‘സ്നേഹപൂര്‍വം’ ‘സമ്മാനിച്ച’ ചെറുതും വലുതുമായ ഒട്ടേറെ ചൂരല്‍‌പ്രഹരങ്ങളുടെ മധുരസ്മരണകള്‍ അവശേഷിപ്പിച്ച പതിനാറു വര്‍ഷക്കാലയളവിലെ അനുഭവങ്ങള്‍ പലതും മറവിക്ക് വഴിമാറിയെങ്കിലും സ്നേഹം ചൂരലിന്റെ രൂപത്തില്‍ ‘അവതരി’ച്ച ആദ്യത്തെ അനുഭവമെന്ന നിലയിലും അമ്മയുടെ കൈയില്‍ നിന്ന് കിട്ടിയ ആദ്യത്തെയും അവസാനത്തെയും ചൂരല്‍‌പ്രയോഗം എന്ന നിലയിലും ഇരുപത്താറു വര്‍ഷം മുന്‍പത്തെ ആ നിമിഷങ്ങള്‍ ഇന്നും എന്റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു.


*******

* ഈ ‘യാത്ര’യുടെ വിശദാംശങ്ങള് അറിയാന്‍ എന്റെ  വെബ്‌സൈറ്റിലേക്കു വരാം.

** Tiffin carrier Image Courtesy: 'Tamil Treasure' Blog.
** Images of tiffin carrier and cane are used for the purpose of representation only.