Saturday 20 March 2010

ആദ്യ പ്രണയം...

1990 നവംബര്‍ 1. അന്നായിരുന്നു അവള്‍ ആദ്യമായി ക്ലാസ്സില്‍ വന്നത്. നീണ്ടു മെലിഞ്ഞ, ഗോതമ്പിന്റെ നിറമുള്ള (‘വീറ്റിഷ് കോം‌പ്ലക്‍ഷന്‍’ എന്ന് ആധുനിക മലയാളിയുടെ “മാതൃഭാഷ”യില്‍ പറയുന്നതു പോലെ) ഒരു കൊച്ചു സുന്ദരിക്കുട്ടി - ഒരു ‘സ്ലിം ബ്യുട്ടി’. ഒന്നു കണ്ടാല്‍ത്തന്നെ ആര്‍ക്കും ഒന്ന് ഓമനിക്കാന്‍ തോന്നിപ്പോകും ആ സുന്ദരിയെ. 8D-യില്‍ ഞങ്ങളെ മാത്‌സ് പഠിപ്പിച്ചിരുന്ന ബെന്നി മാഷായിരുന്നു അവളെ ക്ലാസ്സില്‍ കൂട്ടിക്കൊണ്ടു വന്നതും ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിത്തന്നതും.

പരിചയപ്പെട്ട ആദ്യ നാളുകളില്‍ എന്റെ സ്വഭാവത്തിന്റെ പ്രത്യേകത കൊണ്ടാവാം, അവളുമായി ഒരല്പം അകല്‍ച്ച പാലിക്കാനാണ് തോന്നിയത്. എങ്കിലും പ്രഥമ ദര്‍ശനത്തില്‍ത്തന്നെ ഏതോ ഒരു അഭൌമ ശക്തി എന്നെ അവളിലേക്ക് അടുപ്പിക്കുന്നോ എന്നും തോന്നാതിരുന്നില്ല - ‘മുജ്ജന്മ ബന്ധം’ എന്നൊക്കെ പറയുന്നത് ഇതുപോലെ വല്ലതിനെയുമാണോ ആവോ? കൂട്ടുകാരെന്നു പറയാന്‍ കാര്യമായി ആരും ഇല്ലാതിരുന്ന എനിക്ക് വരും ദിവസങ്ങളില്‍ നല്ല ഒരു കൂട്ടുകാരിയായിരിക്കും അവള്‍ എന്ന് ഒരു തോന്നല്‍...

ആദ്യമായി ക്ലാസ്സില്‍ വന്നു കയറിയ ദിവസം മുതല്‍ എന്നും മുടങ്ങാതെ കൃത്യസമയത്ത് ക്ലാസ്സില്‍ എത്തുമായിരുന്ന അവളോട് തോന്നിയ വികാരത്തില്‍ സ്നേഹത്തേക്കാളേറെ ബഹുമാനമായിരുന്നോ? അറിയില്ല. ബെന്നി മാഷിന്റെ ‘പെറ്റ്’ ആയ അവളോട് അല്പമെങ്കിലും ബഹുമാനം നിലനിര്‍ത്തുന്നതാണ് ‘ബുദ്ധി‘യെന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട, ‘ആള്‍ താമസ’മുള്ള ഏതു ‘തല’യ്ക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ.

പരിചയപ്പെട്ട ആദ്യ നാളുകളില്‍ ഞാന്‍ അവളോട് സംസാരിച്ചതേയില്ല. (സ്വഭാവം അറിയാതെ ഇടിച്ചു കയറിച്ചെന്ന് മുട്ടി വെറുതെ തടി കേടാക്കണ്ടല്ലോ?!) ഏഴാം ദിവസമാണ് ഞാന്‍ അവളോട് ആദ്യമായി സ്വതന്ത്രമായി സംസാരിച്ചത്. പരിചയപ്പെടലിന്റെ ഔപചാരികതകളില്ലാത്ത ആദ്യ സല്ലാപം. ഏതാനും നിമിഷങ്ങള്‍ കൊണ്ടുതന്നെ അവളെ എനിക്ക് വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു. പരിചയം സൌഹൃദമായി വളരാന്‍ ഏറെയൊന്നും താമസമുണ്ടായില്ല. എന്നെ ഏറെ സ്നേഹിക്കുന്ന ഏറ്റവും അടുത്ത നല്ല കൂട്ടുകാരിയായി മാറുകയായിരുന്നു അവള്‍. പിന്നീടങ്ങോട്ട് വാചാലമായ മൌനത്തിലൂടെ ഞങ്ങള്‍ ആരുമറിയാതെ പതിവായി സല്ലാപങ്ങളിലേര്‍പ്പെട്ടു പോന്നു. മറവി കൊണ്ടും അശ്രദ്ധ കൊണ്ടും അപൂര്‍വം ചിലപ്പോള്‍ വികൃതി കൊണ്ടും ചെയ്യാറുണ്ടായിരുന്ന കൊച്ചുകൊച്ചു തെറ്റുകളില്‍ നിന്ന് സ്നേഹപൂര്‍ണമായ ശാസനയോടെ എന്നെ നേര്‍ വഴിയിലേക്ക് നയിക്കുന്നത് അവള്‍ സ്വന്തം കര്‍ത്തവ്യമായി സ്വീകരിച്ചിരുന്നുവെന്ന് തോന്നിയിരുന്നു ചിലപ്പോള്‍. സ്കൂള്‍ ജീവിതത്തില്‍ ആദ്യമായി ക്ലാസ്സില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്‍‌തള്ളപ്പെട്ടിരുന്ന എനിക്ക് ‘അവകാശ’പ്പെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിക്കണമെന്ന വാശി ഉള്ളില്‍ പൂര്‍വാധികം ജ്വലിപ്പിച്ചതും അവള്‍ തന്നെ.

*******

ദിവസങ്ങള്‍ ആഴ്ചകളും മാസങ്ങളുമായി വളര്‍ന്നു.  അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ മികച്ച പ്രകടനം  പുറത്തെടുത്ത് രാഹുലിനെ പിന്‍‌തള്ളി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതോടെ അവളുമായുള്ള അടുപ്പം ദൃഢതരമാകുകയായിരുന്നു. അടക്കി നിര്‍ത്താനാവാത്ത ഒരു ആവേശം പോലെ. ഒരു ദിവസം കണ്ടില്ലെങ്കില്‍, മൌനമായെങ്കിലും ‘സംസാരിച്ചില്ലെ’ങ്കില്‍ മനസ്സ് അസ്വസ്ഥമാകുന്നതു പോലെ... ആദ്യ പ്രണയത്തിന്റെ ആകുലതകള്‍? ഇടയ്ക്ക് വല്ലാതെ സ്നേഹം തോന്നുന്ന ചില അത്യപൂര്‍വ നിമിഷങ്ങളില്‍ അവള്‍ കൈവെള്ളയില്‍ പ്രണയസമ്മാനമെന്നോണം അര്‍പ്പിക്കാറുള്ള ചെറു ചുംബനങ്ങള്‍ പതുക്കെ ഒരു ലഹരിയായി മാറുന്നത് തിരിച്ചറിയാന്‍ വൈകിയില്ല. ആഴ്ചയില്‍ ഒന്നു രണ്ടു തവണയെങ്കിലും ആ സ്നേഹചുംബനങ്ങള്‍ ഏറ്റുവാങ്ങാതെ ‘ഉറക്കം വരില്ലെ’ന്ന അവസ്ഥ. എന്റെ ‘ദൌര്‍ബല്യം’ തിരിച്ചറിഞ്ഞിട്ടോ എന്തോ, അവള്‍ സന്തോഷപൂര്‍വം സഹകരിക്കുന്നതും പതിവായി.

1991 ജനുവരി 15. സമയം 12.10. ഉച്ചയ്ക്കു മുന്‍പുള്ള അവസാന‍ പിരിയഡ് മാത്‌സാണ്. ബെന്നി മാഷിന്റെ നാല്‍പ്പതു മിനിറ്റ്. പതിവു പോലെ ക്ലാസ്സിലെത്തിയ സാര്‍ മുഖവുരയൊന്നുമില്ലാതെ നേരെ കാര്യപരിപാടികളിലേക്കു കടന്നു. ആദ്യം ‘ചോദ്യോത്തര വേള’യാണ്. ‘ചോദ്യോത്തരം’ എന്ന് പറയുന്നുണ്ടെങ്കിലും മിക്കപ്പോഴും സാറിന്റെ ചോദ്യങ്ങളുടെ മഹാപ്രളയത്തില്‍ കുട്ടികളുടെ ഉത്തരങ്ങള്‍ മുങ്ങിപ്പോകുകയാണ് പതിവ്. ‘ചോദ്യോത്തര പരിപാടി’യില്‍ സാറിന് ചില നിബന്ധനകളുണ്ട്. ഒന്ന്, ചോദ്യം ചോദിച്ചു കഴിയുന്ന ഉടന്‍ ഉത്തരം തുടങ്ങിയിരിക്കണം. ‘സ്റ്റാര്‍ട്ടിങ് ട്രബ്‌ള്‍’ ഉള്ളവര്‍ക്ക് നോ രക്ഷ. രണ്ട്: പറഞ്ഞു തുടങ്ങിയ ശേഷം ഇടയ്ക്ക് തെറ്റിയെന്നു തോന്നിയാല്‍ തിരുത്താന്‍ ‘നോ ചാന്‍സ്‘. (വാക്കിന് വിലയുണ്ടായിരിക്കണം - മാറ്റിപ്പറയരുത്!) പറഞ്ഞു വന്ന ഉത്തരം തെറ്റിയെന്നു മനസ്സിലായാല്‍ പിന്നെ മൌനമാണ് ഉത്തമം - മാനനഷ്ടത്തിനു പുറമേ ‘ഊര്‍ജ നഷ്ടം‘ കൂടി വരുത്തിവെക്കേണ്ടല്ലോ?

ആദ്യ ചോദ്യത്തിന് ശരിയുത്തരം പറയാനായാല്‍ ‘രക്ഷപ്പെട്ടു’ എന്നു കരുതിയെങ്കില്‍ തെറ്റി. ആദ്യ റൌണ്ടില്‍ ക്ലാസ് മുഴുവന്‍ ‘കവര്‍’ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ശരിയുത്തരം പറഞ്ഞവരുടെ ‘രണ്ടാമൂഴ’മാണ്. ചോദ്യങ്ങളുടെ ‘പെരുമഴക്കാലം’. പലപ്പോഴും ഒരേ ചോദ്യം തന്നെ തിരിച്ചും മറിച്ചും ആവര്‍ത്തിക്കും - വളച്ചൊടിച്ച്. ഒരേ കാര്യം പല തവണ ആവര്‍ത്തിച്ച് തിരിച്ചും മറിച്ചും ചോദിച്ചു കൊണ്ടിരുന്നാല്‍ ഏത് വമ്പനും ഒരു നിമിഷം ഒന്ന് പതറുമെന്ന ‘പോലീസ് മന:ശാസ്ത്ര’ത്തില്‍ സാറിന് ‘തകര്‍ക്കാന്‍ പറ്റാത്ത വിശ്വാ‍സ’മുണ്ടായിരുന്നെന്ന് തോന്നുന്നു.

(സാറിന്റെ ‘യുദ്ധ തന്ത്ര’ത്തിന്റെ ഏകദേശരൂപം പിടികിട്ടാന്‍ ലളിതമായ ഒരു ‘സാം‌പിള്‍’: ജ്യാമിതിയിലെ ഏറ്റവും പ്രശസ്തമായ സിദ്ധാന്തം - ‘പൈതഗോറസ് തിയറം’ -മട്ടത്രികോണത്തിന്റെ (right-angled triangle) കര്‍ണത്തിന്റെ(hypotenuse)യും മറ്റു വശങ്ങളുടെയും നീളങ്ങള്‍ തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന, മലയാളത്തില്‍ ‘പാദം2 + ലംബം2 = കര്‍ണം2’ അഥവാ a2 + b2 = c2 എന്ന് സമവാക്യ രൂപത്തില്‍ ഏതു കുട്ടിയും ‘മന:പാഠം’ പറയുന്ന സിദ്ധാന്തത്തെക്കുറിച്ചുള്ള ചോദ്യം സാറിന്റെ നാവില്‍ വരുന്നത് ഇങ്ങനെയാവും: ‘ഒരു മട്ട ത്രികോണത്തിന്റെ പാദത്തിന്റെ നീളം ‘a’യും ലംബത്തിന്റേത് ‘b’-യും കര്‍ണത്തിന്റേത് ‘c’യും ആണെങ്കില്‍ (a2 + b2 + c2)/2-ന്റെ വര്‍ഗമൂലം (square root) എന്തായിരിക്കും?‘ a2 + b2 = c2 ആണെന്നും അതുകൊണ്ട് a2 + b2 + c2 = 2c2 => (a2 + b2 + c2)/2 = c2; അതിന്റെ വര്‍ഗമൂലം ‘c’ അഥവാ ‘കര്‍ണം’ ആണെന്നും സെക്കന്‍‌ഡുകള്‍ക്കകം മനക്കണക്ക് കൂട്ടാന്‍ കഴിയാത്തവന്‍ ‘സമ്മാനം’ വാങ്ങാന്‍ എത്രയും വേഗം ഒരുങ്ങുന്നതാവും നല്ലത്. (സാറിന്റെ ‘ശൈലി’ ഇനിയും കൂടുതല്‍ വിശദീകരിക്കേണ്ടല്ലോ?))

അന്നത്തെ ‘യുദ്ധം’ ആദ്യ രണ്ടു റൌണ്ട് എളുപ്പം കഴിഞ്ഞു. കീഴടങ്ങാതെ നില്‍പ്പുള്ളത് ഈയുള്ളവനും പിന്നെ പഠിത്തത്തില്‍ എന്റെ ഏക എതിരാളിയായ രാഹുലും മാത്രം. (സ്കൂള്‍ ജീവിതത്തില്‍ എന്നെ പഠിത്തത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തേക്ക് - താല്‍ക്കാലികമായെങ്കിലും - പിന്‍‌തള്ളാന്‍ കഴിഞ്ഞ നേട്ടം രാഹുലിനു മാത്രം സ്വന്തമാണ്.) സാര്‍ അടുത്ത റൌണ്ടിനുള്ള തയ്യാറെടുപ്പോടെ എന്റെ അടുത്തേക്ക്. ചോദ്യശരവര്‍ഷം ആരംഭിക്കുകയായി. സാറിന്റെ ശൈലി നന്നായി അറിയാവുന്നതു കൊണ്ട് പ്രത്യസ്ത്രങ്ങളുമായി ‘ഏകാഗ്രതയുടെ ആള്‍‌രൂപ’മായി ഞാന്‍. ചോദ്യങ്ങളെ തുടര്‍ച്ചയായി വളച്ചൊടിക്കാനുള്ള ശ്രമത്തില്‍ സാര്‍ പോലും അറിയാതെ ചോദ്യങ്ങളില്‍ തെറ്റുകള്‍ കടന്നുകൂടുന്നത് തിരിച്ചറിയാനായത് ആ ഏകാഗ്രത ഒന്നുകൊണ്ടു മാത്രം. എന്നെ ‘കീഴടക്കാന്‍’ സാര്‍ പെടുന്ന പാടു കണ്ട് എനിക്ക് എന്തോ വിഷമം തോന്നി. ഒന്നുമല്ലെങ്കിലും സാറല്ലേ... ഇങ്ങനെ വല്ലാതെ ‘അദ്ധ്വാനിപ്പിക്കു’ന്നത് ശരിയല്ല’ എന്ന മട്ടില്‍. പിന്നെ അധികം ആലോചിച്ചില്ല, തീരുമാനമെടുക്കാന്‍. കുറേ നേരം അങ്ങനെ ‘ഓടിച്ച’ ശേഷം ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം തെറ്റിച്ച് തോറ്റുകൊടുക്കുക - കൊച്ചു കുട്ടികളോടൊപ്പം കളിക്കുമ്പോള്‍ അവരുടെ സന്തോഷത്തിനു വേണ്ടി തോറ്റു കൊടുക്കുന്നതു പോലെ.

അധികനേരം കാത്തിരിക്കേണ്ടിവന്നില്ല പറ്റിയ അവസരം വന്നെത്താന്‍. ഇരുപത്തഞ്ചോളം ചോദ്യങ്ങളെ വിജയകരമായി നേരിട്ട ശേഷം ഒരു ‘സിം‌പിള്‍’ ചോദ്യത്തിന് ഉത്തരം മന:പൂര്‍വം തെറ്റിച്ചു - ശ്രദ്ധ പതറിയതു കൊണ്ടെന്നോണം. ‘ഹാവൂ...! രക്ഷപ്പെട്ടു...!’ എന്ന് സാര്‍ ആശ്വസിച്ചിരിക്കാം! അധികം വൈകാതെ രാഹുലും കീഴടങ്ങി. ഇനി കൈകള്‍ക്ക് ‘എക്‍സര്‍സൈസ്’ - സാറിനും കുട്ടികള്‍ക്കും.

ആദ്യ ഊഴം ഒന്നാമത്തെ ബെഞ്ചില്‍ ഇടത്തേയറ്റത്ത് ഇരിക്കുന്ന പ്രശാന്തിന്റേത്. പതിവുപോലെ കൈ നീട്ടിയ പ്രശാന്തിനു നേരെ സാറിന്റെ ‘ഓര്‍ഡര്‍’: ‘രണ്ടു കൈയും...’ ആരൊക്കെയോ ഒന്നു ഞെട്ടിയോ? ഞെട്ടാതിരുന്നവരെ കൂ‍ടി ഞെട്ടിച്ച് സാറിന്റെ ‘പ്രഖ്യാപനം’ പിന്നാലെ എത്തി - ‘ഇന്ന് അടി അഞ്ചെണ്ണമായിരിക്കും’. ‘നീലാകാശത്തു നിന്നൊരു വെള്ളിടി’ പോലെ എത്തിയ പ്രഖ്യാപനം നല്‍കിയ ഞെട്ടലില്‍ നിന്ന് മോചനമേകാനെന്നോണം ഒരു വിശദീകരണം പിന്നാലെ എത്തി. ‘ആദ്യത്തെ രണ്ടടി രണ്ടു കൈയിലുമായി... ടു ഇന്റു ടു - ഫോര്‍. പിന്നെ ഒന്ന് ഒരു കൈയില്‍ മാത്രമായും. അങ്ങനെ അഞ്ച്...’ ഫലത്തില്‍ അടി മൂന്നെണ്ണമേയുള്ളൂ എന്ന് ചുരുക്കം. ‘വിശദീകരണം’ കേട്ടപ്പോള്‍ ചിരിയാണ് വന്നതെങ്കിലും പാടുപെട്ട് അടക്കി. (വിധിച്ചത് മേടിച്ചാല്‍ പോരേ... (അടിയെ) വിളിച്ചു കയറ്റേണ്ടല്ലോ?)

അധികം കാത്തുനില്‍ക്കേണ്ടി വന്നില്ല. സാര്‍ എന്റെ മുന്‍പിലെത്തി. ഒറ്റയ്ക്കല്ല, കൂടെ അവളും ഉണ്ട് - എന്റെ കൂട്ടുകാരി. അവള്‍ എന്നെ നോക്കി ഒന്ന് ‘കണ്ണിറുക്കി’യോ? ‘നിനക്ക് ഇന്ന് നല്ല ‘സമ്മാനം’ വെച്ചിട്ടുണ്ട് സാര്‍...’ പ്രണയത്തിന്റെ ‘മൌനഭാഷ’ നല്ല വശമായിരുന്നല്ലോ എനിക്ക്. ‘സാരമില്ല. എന്നാലും ഞാനേ ജയിക്കൂ... നീ നോക്കിക്കോ...’

കൈ നീട്ടും മുന്‍പ് സാറിന്റെ ചോദ്യം എത്തി: ‘വിജിത്ത്, നീയല്ലേ ഇപ്പോള്‍ ക്ലാസ്സില്‍ ഫസ്റ്റ്?’ ‘അതെ സര്‍’ ‘അതായത് നീ ക്ലാസ്സിലെ മറ്റു കുട്ടികള്‍ക്ക് മാതൃകയാകേണ്ടവനാണ്. അപ്പോള്‍ നിനക്കു തരുന്ന ശിക്ഷയും മാതൃകാപരമാകണം. അതു കൊണ്ട്...’ ഒരു നിമിഷം നിര്‍ത്തി സാര്‍ തുടര്‍ന്നു: ‘നിനക്ക് അടി അഞ്ചല്ല, ആറെണ്ണമായിരിക്കും. എന്താ?’ നേരത്തേ മനസ്സില്‍ അടക്കിപ്പിടിച്ചിരുന്ന ചോദ്യം അടക്കി നിര്‍ത്താനായില്ല സാറിന്റെ ‘കുസൃതിച്ചോദ്യം’ കേട്ടപ്പോള്‍. ‘സര്‍, രണ്ടടി രണ്ടു കൈയിലുമായിട്ടാകുമ്പോള്‍ ‘ടു ഇന്റു ടു - ഫോര്‍‘ എന്നതിനെക്കാള്‍ ’ടു ബൈ ടു ഈക്വല്‍ ടു വണ്‍‘ എന്നല്ലേ കൂടുതല്‍ ശരിയാകുക?’ ‘വിനീതവിധേയ ശിഷ്യന്റെ’ ചോദ്യം സാറിനെ ഒരു നിമിഷം അമ്പരപ്പിച്ചിരിക്കുമെന്ന് ഉറപ്പ്. ‘വൈഡ്’ എന്നു കരുതിയ പന്തില്‍ ‘ക്ലീന്‍ ബൌള്‍ഡ്’ ആയ ബാറ്റ്‌സ്‌മാനെപ്പോലെ ഒരു നിമിഷം നിന്ന സാര്‍ പെട്ടെന്നു തന്നെ ‘സമനില’ വീണ്ടെടുത്തു. ‘ആ കണക്ക് ഏതായാലും തല്‍ക്കാലം വേണ്ട. എന്റെ കണക്കു മതി. ങും...’ ബാക്കി പറഞ്ഞില്ലെങ്കിലും ആ മൂളലിന്റെ അര്‍ഥം മനസ്സിലാക്കാന്‍ ഗണിച്ചുനോക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു. ഇരു കൈകളും മുഴുനീളത്തില്‍ മുന്നോട്ടു നീട്ടിപ്പിടിച്ചു - അല്പം വലത്തോട്ട് തിരിഞ്ഞ്, ക്ലാസ്സിലെ കുട്ടികള്‍ക്കു മുഴുവന്‍ കാണാനാവും വിധം. രണ്ടര മാസം കൊണ്ട് എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായി മാറിക്കഴിഞ്ഞിരുന്ന ആ ‘സുന്ദരിക്കുട്ടി’യുടെ മുന്‍പില്‍ കൈകള്‍ നീട്ടിക്കൊടുക്കാന്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.

നീട്ടിപ്പിടിച്ച കൈവെള്ളകളില്‍ അവളുടെ ആദ്യ ‘ചുംബനം‘. നേരിയ വേദന മാത്രം. പിന്നാലെ രണ്ടെണ്ണം കൂടി. ‘എണ്ണം തികഞ്ഞ’ സ്ഥിതിക്ക് കൈ പിന്‍‌വലിക്കാമായിരുന്നെങ്കിലും സാറിന്റെ ‘മനസ്സു വായിച്ചി’ട്ടെന്ന പോലെ ഞാന്‍ അതേപടി തന്നെ നിന്നു. വീണ്ടും രണ്ടു തവണ കൂടി. ‘ങും...’ സാറിന്റെ അടുത്ത മൂളല്‍ എന്റെ തലച്ചോറിലെ ‘ബഹുഭാഷാ വിദഗ്ദ്ധന്‍’ പരിഭാഷപ്പെടുത്തി: ‘ഇപ്പോഴത്തേക്ക് ഇതു മതി.. ഇരുന്നോളൂ...’ കൈകള്‍ പിന്‍‌വലിച്ച് ബെഞ്ചില്‍ ഇരുന്നപ്പോള്‍ വലതു കൈവെള്ളയില്‍ ചോര പൊടിഞ്ഞിരുന്നത് ആരുമറിഞ്ഞില്ല - അറിയിച്ചില്ല എന്നു പറയുന്നതാകും കൂടുതല്‍ ശരി.

ഇനി അടുത്തയാളിന്റെ ഊഴം. സാറിന്റെ കൈവിരലുകളില്‍ തൂങ്ങി നിഷ്കളങ്കയായ ഒരു കൊച്ചു കുട്ടിയെപ്പോലെ അവള്‍ അടുത്ത കൂട്ടുകാരന്റെ അടുത്തേക്കു നീങ്ങുന്നതു നോക്കി ഇരുന്നപ്പോള്‍ എന്തായിരുന്നു മനസ്സില്‍...? അന്നോളം നല്‍കിയതില്‍ വെച്ച് ഏറ്റവും ‘ആസ്വാദ്യ’വും ‘ഹൃദ്യവുമായ’  പ്രണയചുംബനങ്ങള്‍ സമ്മാനിച്ച കൂട്ടുകാരിയോടുള്ള അനവദ്യ പ്രണത്തിന്റെ ആര്‍ദ്രതയോ? അതോ അവള്‍ സമ്മാനിച്ച ചുംബനങ്ങള്‍ സഹര്‍ഷം ഏറ്റുവാങ്ങാനായതിന്റെ നിര്‍വൃതിയോ? അതോ ഏറെ പണിപ്പെട്ട് ധൈര്യം സംഭരിച്ച് അവതരിപ്പിച്ച ‘ടു ബൈ ടു തിയറം’ സാര്‍ ‘അംഗീകരിക്കാതിരുന്ന’തിന്റെ ‘നിരാശ’യോ? ഏതായാലും ചോര പൊടിയുന്ന കൈവെള്ളയില്‍ തെളിഞ്ഞുകിടന്ന ചൂരല്‍‌പ്പാടുകള്‍ നല്‍കിയ നീറ്റലിന്റെ ‘സുഖം’ നുകരാന്‍ ഉച്ചയ്ക്ക് ഊണു കഴിക്കുവോളം കാത്തിരിക്കേണ്ടിവന്നു എന്ന ‘വിഷമം’ മാത്രം ബാക്കിയായി...!!

*******

‘അടി’ക്കുറിപ്പ്: ഈ കഥയിലെ ചെറിയ ഒരു ഭാഗം ഒഴികെ ഒന്നും സാങ്കല്പികമോ ഭാവനാസൃഷ്ടമോ അല്ല. കഥാകൃത്തിന്റെ വിദ്യാഭ്യാസ ജീവിതത്തില്‍ നിന്നുള്ള ഒരു സംഭവത്തെ അല്പം ഭാവന കൂടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്നു എന്നു മാത്രം. ഈ കഥയിലെ എല്ലാ കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരോ ജീവിച്ചിരുന്നവരോ ആണ്. ആകയാല്‍ അവരില്‍ ആരെങ്കിലും ഇത് വായിക്കുന്ന പക്ഷം കഥാ‍കൃത്തിന്റെ കഴുത്തിനു പിടിക്കാന്‍ വരരുത് എന്ന് അഭ്യര്‍ഥിച്ചുകൊള്ളുന്നു.

(ഈ 'പ്രണയ കഥ'യെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടെ വരാം.)

Tuesday 16 March 2010

ബാധ്യത...!

ബസ് കൊക്കയിലേക്കു മറിഞ്ഞ് 30 മരണം

പൊന്‍‌മുടി, ഡിസംബര്‍ 21, 2016

വിനോദസഞ്ചാരികളുമായി മൂന്നാറിലേക്കു പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് കൊക്കയിലേക്കു മറിഞ്ഞ് 30 പേര്‍ മരിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ പത്തു പേര്‍ക്ക് ഗുരുതമാ‍യി പരിക്കേറ്റു. ഇവിടെ നിന്ന് എട്ടു കിലോമീറ്റര്‍ അകലെ സംസ്ഥാനപാതയിലെ മൂന്നാം ഹെയര്‍‌പിന്‍ വളവില്‍ ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. തിരുവനന്തപുരത്തെ വിവേകാനന്ദ ട്രാവല്‍‌സ് ഒരുക്കിയ ഒരു പാക്കേജ് ടൂറിന്റെ ഭാഗമായി എത്തിയ സംഘം സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നല്ല വേഗതയിലായിരുന്ന ബസ്സ് വളവു തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് നാല്പതടിയോളം താഴേക്ക് മറിയുകയായിരുന്നു.

.....
.....

അത്യാധുനിക ഇലക്‍ട്രോണിക് നിയന്ത്രണ സംവിധാനങ്ങളോടുകൂടിയ, ഇറക്കുമതി ചെയ്ത ബസ്സിന്റെ രണ്ടാമത്തെ മാത്രം യാത്രയായിരുന്നു ഇത്. അപ്രതീക്ഷിതമായി ഉണ്ടായ കാറ്റിലും മഴയിലും റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന മരത്തില്‍ ഉരസിയ ഉടനെ ബസ് നിയന്ത്രണം വിടുകയായിരുന്നു. ഡ്രൈവറുടെ ശ്രദ്ധ തെറ്റിയാല്‍ പോലും പ്രത്യേക ‘നൈറ്റ് വിഷന്‍’ കാമറയില്‍ പകര്‍ത്തുന്ന റോഡിന്റെ ദൃശ്യങ്ങള്‍ കം‌പ്യൂട്ടര്‍ സഹായത്തോടെ വിശകലനം ചെയ്ത് ഗതി നിയന്ത്രിക്കുന്ന ‘ഇന്റലിജന്റ് ഡ്രൈവ്’ സംവിധാനമുള്ള ബസ്സിന്റെ നിയന്ത്രണ സംവിധാനം തകരാറിലായതാണ് അപകടത്തിനിടയാക്കിയത്. കമ്പ്യൂട്ടര്‍ സംവിധാനത്തിന്റെ നിര്‍മാണത്തില്‍ തന്നെ സാങ്കേതിക പിഴവുകള്‍ ഉണ്ടായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായതായി സാങ്കേതിക വിദഗ്‌ദ്ധര്‍ പറഞ്ഞു. അപകടത്തിന് അല്പം മുന്‍പ് തകരാര്‍ ശ്രദ്ധയില്‍‌പ്പെട്ടിരുന്നെങ്കിലും കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലാകുന്ന സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ തനിക്ക് പരിശീലനം നല്‍കിയിരുന്നില്ലെന്ന് ഡ്രൈവര്‍ പറഞ്ഞതായി പരിക്കേറ്റ യാത്രക്കാര്‍ പറഞ്ഞു. ഡ്രൈവര്‍ അബോധാവസ്ഥയിലായതിനാല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.

അപകടത്തില്‍ പെട്ടവര്‍ക്ക് അടിയന്തര വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സംഭവ സ്ഥലം സന്ദര്‍ശിച്ച ആരോഗ്യമന്ത്രി സഫിയാബീവി പറഞ്ഞു. ജില്ലാ ആശുപത്രിയുടെ പുതിയ ബ്ലോക്ക് ഉദ്‌ഘാടനം ചെയ്യാന്‍ എത്തിയ മന്ത്രി  അപകട വാര്‍ത്ത അറിഞ്ഞ് ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി സംഭവസ്ഥലത്ത് എത്തുകയായിരുന്നു.

സഹായധനം നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പൊന്‍‌മുടി ബസ് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അടിയന്തര സഹായമായി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരെ ഇന്ന് സന്ദര്‍ശിക്കുമെന്നും അടിയന്തര മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പ്രസ്തുത സഹായവും നഷ്ടപരിഹാരവും നാട്ടുകാരില്‍ നിന്ന് ഈടാക്കേണ്ടിവരുമെന്ന് നിയമ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബസ്സുകള്‍ ഇറക്കുമതി ചെയ്യുന്നതിനു മുന്നോടിയായി മെഴ്‌സിഡസ്, ‘ഇന്റലിജന്റ് ഡ്രൈവ്’ സംവിധാനം ഡിസൈന്‍ ചെയ്ത അമേരിക്കന്‍ കമ്പനിയായ ‘റോബോഡ്രൈവ്’ എന്നീ കമ്പനികളുമായും യു എസ് - ജര്‍‌മന്‍ സര്‍ക്കാരുകളുമായും കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറുകളുടെ തുടര്‍ച്ചയായി കഴിഞ്ഞ മാസം പാസ്സാക്കിയ മോട്ടോര്‍ വാഹന (അപകട ബാധ്യത) (ഭേദഗതി) നിയമ പ്രകാരം ഇറക്കുമതി ചെയ്ത ബസ്സ് അപകടത്തില്‍ പെട്ടാല്‍ നിര്‍മാണത്തിലെ പിഴവാണ് കാരണമെങ്കില്‍ പോലും നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത പഞ്ചായത്ത് / നഗരസഭയ്ക്കാണെന്നതാണ് പ്രദേശവാസികള്‍ക്ക് ബാധ്യതയാകുന്നതെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.


......

പിന്‍‌കുറിപ്പ്: ഈ ‘ഭാവി പത്ര വാര്‍ത്ത’യ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ആണവ ബാധ്യതാ നിയമവുമായി യാതൊരു ബന്ധവും ഇല്ല എന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു...!!