Thursday, 1 March 2007

ആദ്യ വരികള്‍ എങ്ങനെയെഴുതണം...

കുറേ നാളായി പലരും പറയുന്നുണ്ട്, ഇങ്ങനെ വല്ലതും ചെയ്യാന്‍. അപ്പോഴൊക്കെ ‘താല്പര്യമില്ല’ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു ഞാന്‍. പിന്നെ ഇടയ്ക്കു ചില ബ്ലോഗുകള്‍ കണ്ടപ്പോള്‍ അറിയാതെ മനസ്സിന്റെ ഉള്ളറകളിലെങ്ങോ ഒരു ചെറു ചലനം... ആദ്യപ്രണയത്തിന്റെ അങ്കുരമെന്നോണം. അതു മെല്ലെ വളര്‍ന്നു തുടങ്ങിയതറിഞ്ഞിട്ടും ഞാനതിനെ അവ - ഗണിക്കുകയായിരുന്നു - ആരോടോ ഉള്ള വാശി തീര്‍ക്കാനെന്നോണം. പിന്നെപ്പിന്നെ അതങ്ങനെ വളര്‍ന്നു വളര്‍ന്ന് ചിന്തകളെ വഴിമുടക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്നെക്കുറിച്ചുള്ള തിരിച്ചറിവിന്റെ പുതിയ തലങ്ങളിലേക്കുയരുക -യായിരുന്നു. അങ്ങനെ ദിനമൊട്ടു കഴിഞ്ഞപ്പോള്‍ ഞാനറിഞ്ഞു - ഉള്ളില്‍ പിടയ്ക്കുന്ന മോഹങ്ങള്‍ക്കു മേല്‍ നിര്‍ബന്ധബുദ്ധിയുടെ കരിമ്പടമിട്ടു മറയ്ക്കാനാവില്ലെന്ന്.

അങ്ങനെ ഞാന്‍ ആ അതിപ്രധാനമായ തീരുമാനത്തിലെത്തി - എനിക്കും വേണം ഒരു ബ്ലോഗ്!

തീരുമാനം എടുത്താല്‍പ്പിന്നെ എത്രയും പെട്ടെന്ന് അതു നടപ്പാക്കുക എന്നതാണ് എന്റെ ശീലം. അതുകൊണ്ട് ഉടനെതന്നെ ജോലി തുടങ്ങി. നോക്കട്ടെ... ഞാനെഴുതിയാല്‍ ബൂലോഗം എഴുമോന്ന്...! ഹല്ല പിന്നെ..! (എന്തോ... വല്ലോം പറഞ്ഞോ...? അതേ... വാക്കുകള്‍ക്ക് കോപ്പിറൈറ്റൊന്നുമില്ലല്ലോ... ഉണ്ടോ...? ഇനി അഥവാ ഉണ്ടെങ്കിലും ചിലമ്പിനഴിയത്ത് കാളി ഉടയാന്‍ ചന്ത്രക്കാറന്റെ* പേരില്‍ റൈറ്റൊന്നുമില്ലാന്ന് എനിക്കുറപ്പാ...)

അങ്ങനെ എഴുതിത്തുടങ്ങാന്‍ തീരുമാനിച്ച് ‘റ്റെം‌പ്ലേറ്റ്’ ഒക്കെ തീരുമാനിച്ചു. അപ്പൊഴാണ് ഒരു പ്രശ്നം - ആദ്യ ബ്ലോഗില്‍ എന്തെഴുതണം...? എങ്ങനെ എഴുതണം...? ഒരു വല്ലാത്ത പ്രശ്നം തന്നെ! നല്ലൊരു ഉത്തരം കിട്ടാതെ ആലോചിച്ച് തല പുകഞ്ഞു തുടങ്ങി. കൈവിരലുകള്‍ അറിയാതെ കീബോര്‍ഡിനു മേല്‍ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു. (അതെനിക്കു പണ്ടേയുള്ള പ്രശ്നമാണ് - എന്തെങ്കിലും കാര്യമായി ആലോചിക്കുമ്പോഴൊക്കെ വല്ലതും കുത്തിക്കുറിച്ചുകൊണ്ടിരിക്കും. കയ്യില്‍ പേനയോ മറ്റോ ഉണ്ടെങ്കില്‍ പേപ്പറില്‍, കമ്പ്യൂട്ടറിനു മുന്‍പിലാണെങ്കില്‍ കീബോര്‍ഡില്‍...)

അങ്ങനെ ആലോചിച്ച് തല പുകഞ്ഞു തുടങ്ങിയപ്പോള്‍ പെട്ടെന്ന് ‘സ്ഥലകാല ബോധം’ വന്നതു പോലെ ഞാന്‍ മുന്‍പിലിരുന്ന മോണിറ്ററിലേക്കു നോക്കി. അവിടെ ഒരു പേജു നിറയെ ചിതറിക്കിടക്കുന്നു... എന്റെ ചിന്തകള്‍! ഒരു നിമിഷം - എന്റെ മനസ്സിലേക്ക് ഒരു തോന്നല്‍ - ഒരു ആശയം - ഒരു മിന്നല്‍പ്പിണറായി കടന്നു വന്നു. ഈ കിടക്കുന്ന ചിതറിയ ചിന്തകള്‍ തന്നെ ആയാലോ ആദ്യ ബ്ലോഗില്‍...? ഉത്തരം ഉടന്‍ വന്നു - മതി!

അതെ, മനസ്സില്‍ പിണര്‍ ആയി കടന്നു വന്ന ആ തോന്നല്‍ അങ്ങനെ എന്റെ ആദ്യ ബ്ലോഗിന്റെ പേരായി, അതിലെ ആദ്യ പോസ്റ്റും...!
:
:

:
:

:
:

(*: സി. വി. രാമന്‍ പിള്ളയുടെ ‘ധര്‍മരാജാ’ എന്ന ആഖ്യായികയിലെ കഥാപാത്രം. ‘ചന്ത്രക്കാറന്‍ ഭരിച്ചാല്‍ തിരുവിതാംകോട് ഭരുമോ’ എന്ന് രാജ്യഭരണം പിടിച്ചെടുക്കുന്നതു സ്വപ്നം കാണുന്ന അയാളുടെ ആത്മഗതം നോവലില്‍.)

5 comments:

Deepak George said...

thakakku pina..idi minnalayum pinar aayittumokke..

Deepak

Prasad S. Nair said...

ഒരു കൊടുങ്കാറ്റ് പ്രതീക്ഷിയ്ക്കുന്നു... എഴുതി തകര്‍ക്കൂ..

.... said...

സ്വാഗതം ഒപ്പം എല്ലാ ഭാവുകങ്ങളും.

പ്രതിഭാസം said...

സ്വാഗതം ഈ ബൂലോകത്തിലേക്ക്.
ആശംസകള്‍!

Physics Guru said...

Hi,
i wen through your profile. it all quite intersting.. being a mallu.

BTW i have seen many times at modern lunch home at miraroad.
i think you regularly having the foods from there.. am i right?

Byjosh
byjosh@gmail.com