അറിയിപ്പ്: ഇത് വെറുമൊരു കഥയല്ല. കഥാപാത്രങ്ങളോ സംഭവങ്ങളോ സാങ്കല്പികവുമല്ല. പതിമൂന്നു വര്ഷം മുന്‍പ് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അല്പം ഭാവനയുടെ മേമ്പൊടി ചേര്‍ത്ത് കഥാരൂപത്തില്‍ അവതരിപ്പിക്കുകയാണ്. അതുകൊണ്ടു തന്നെ ഇതിലെ എല്ലാ കഥാപാത്രങ്ങളും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ് (എന്നാണ് എന്റെ വിശ്വാസം). അവരില്‍ ആരെങ്കിലും എന്നെങ്കിലും ഈ 'കഥ' വായിക്കാന്‍ ഇടയാകുകയാണെങ്കില്‍ ക്ഷമിക്കുക.
(ഏയ്... ചുമ്മാ...! പറഞ്ഞില്ലെന്നു പരാതി വേണ്ട. ഇനി അഥവാ ആരെങ്കിലും ക്ഷമിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല - സത്യസന്ധത കുറ്റകരമല്ല...!)
----------------------------------------------------------------------------------
1998 - ലെ ഒരു ബുധനാഴ്ച. തൃശ്ശൂര്‍ എന്ജിനീയറിംഗ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റ്. ഹോസ്റ്റലിലെ മെസ്സില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചു തിരിച്ചെത്തിയതേയുള്ളൂ പ്രദീപ്. ക്ലാസ് തുടങ്ങാന്‍ ഇനിയും സമയമുണ്ട്. വാതിലിനടുത്തുള്ള വരിയിലെ ഒന്നാമത്തെ ബെഞ്ചില്‍ എന്തോ ആലോചനയില്‍ മുഴുകിയിരിക്കുകയാണ് അവന്‍. അകലെ എവിടെയോ നിന്ന് ഒരു ഫയര്‍ എന്‍ജിന്റെ സൈറണും മണിയടിയും അവ്യക്തമായി കേള്‍ക്കാം.
വയലറ്റ് നിറമുള്ള ഒരു ചുരിദാര്‍ കണ്‍കോണില്‍ ഒന്നു മിന്നി മറഞ്ഞതു കണ്ട് അവന്‍ തലയുയര്‍ത്തി. പ്രജുഷ. അവളുടെ കൈയിലിരുന്ന കവര്‍ കണ്ടതും പൊടുന്നനെ എന്തോ ഓര്‍മ വന്നിട്ടെന്നോണം അവന്‍ എഴുന്നേറ്റു. ‘സമയം കിട്ടുമോ ആവോ...?’ നോട്ടം ഒരു നിമിഷം വാച്ചിലേക്ക് പാളിവീണു. ‘പോയി നോക്കാം. തിരക്കൊന്നും ഉണ്ടാകില്ലായിരിക്കും... നോക്കാം’. അവന്‍ പുറത്തേക്കു നടന്നു. പൊതുവേ നല്ല വേഗത്തില്‍ നടക്കുന്ന പ്രവണതയുണ്ട് അവന്. ഇപ്പോഴാണെങ്കില്‍ സമയപരിമിതി കൂടി ഉള്ളതു കൊണ്ട് നടപ്പിന് വേഗം കൂട്ടിയിരിക്കുന്നു. സ്റ്റാഫ് റൂമിനു മുന്‍പിലൂടെ കടന്നു പോകുന്നതിനിടെ വെറുതെയൊന്ന് അകത്തേക്കു നോക്കി. കസേരകള്‍ മുഴുവന്‍ ഒഴിഞ്ഞു കിടക്കുന്നു. അപ്പോഴാണ് ഓര്‍മ വന്നത്... ഉച്ചയ്ക്കു ശേഷം ‘ഫസ്റ്റ് അവര്‍’ ഫ്രീയാണല്ലോ എന്ന്. രാമചന്ദ്രന്‍ സാര്‍ രണ്ടു ദിവസമായി ലീവാണ്. അപ്പോള്‍പ്പിന്നെ... നടപ്പിന് വേഗം കുറഞ്ഞു.
സ്റ്റെയര്‍ കേസ് ഇറങ്ങി, വരാന്തയിലൂടെ കുറച്ചു ദൂരം അല്പം അലസമായി നടന്ന ശേഷം മുറ്റത്തേക്കിറങ്ങി. മെയിന്‍ ബ്ലോക്കിന് പിന്നിലെ റോഡില്‍ പതിവിനു വിപരീതമായി ആളനക്കം കുറവാണ്. നല്ല വെയില്‍. പൊടി പറക്കുന്ന മുറ്റത്തു കൂടി റോഡിലേക്ക് നടക്കുന്നതിനിടെ അവന്റെ നോട്ടം റോഡിന്റെ എതിര്‍ വശത്തുള്ള ലൈബ്രറി ബ്ലോക്കിന് നേരെ ഒന്ന് പാളി വീണു. കൈയില്‍ രണ്ടുമൂന്നു പുസ്തകങ്ങളും ചുമലിലൊരു ബാഗുമായി ഒരു പെണ്‍കുട്ടി ഇറങ്ങി വരുന്നുണ്ട്. ഇടതു വശത്തുള്ള മെയിന്‍ ബ്ലോക്കാണ് ലക്ഷ്യമെന്നു വ്യക്തം. നല്ല ഭംഗിയുള്ള മുഖം. പക്ഷേ മുന്‍പ് കണ്ടിട്ടുള്ളതായി തോന്നുന്നില്ല. ‘ഇന്നത്തെ ചിത്രത്തിനുള്ള ‘മോഡല്‍’ ഇവള്‍ തന്നെ...’ (ആയിടയ്ക്ക് താന്‍ എഴുതിയ ഒരു നാടകത്തിലെ കഥാപാത്രങ്ങളെ ചിത്രങ്ങളില്‍ ആവിഷ്കരിക്കാനുള്ള ശ്രമത്തിലായിരുന്നു പ്രദീപ്. അതിലെ നായികയാണ് ഇവിടെ അവന്റെ മനസ്സില്‍.) നിമിഷങ്ങള്‍ക്കകം ആ രൂപം മനസ്സിലെ ‘കാന്‍വാസില്‍’ പകര്‍ത്തി അവന്‍ നടത്തം തുടര്‍ന്നു.
പോസ്റ്റ് ഓഫീസില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ചെയ്യാനുള്ളതായി മനസ്സിലുള്ള ‘ലിസ്റ്റി’ലെ കാര്യങ്ങളെക്കുറിച്ച് ആലോചിച്ചുകൊണ്ട് അലസവും അശ്രദ്ധവുമായുള്ള നടപ്പിനിടെ കൈകള്‍ അവയുടെ സ്വാഭാവിക ചലനത്തില്‍ നിന്ന് വ്യത്യസ്തമായി യാന്ത്രികമായെന്നോണം മുന്‍പോട്ടു നീങ്ങുന്നത് ഒരു സ്വപ്നത്തിലെന്നോണം അവന്‍ അറിഞ്ഞു. (നാലഞ്ചു വര്‍ഷമായി തുടരുന്ന പ്രവണതയാണത് - ആള്‍ത്തിരക്കില്ലാത്ത വഴികളിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോള്‍ വിരസത തോന്നുന്ന നിമിഷങ്ങളില്‍ കൈകള്‍ വ്യായാമം ചെയ്യുന്നതു പോലെ പല ദിശകളില്‍ ചലിപ്പിക്കുകയോ ക്രിക്കറ്റില്‍ ‘ബൌള്‍‘ ചെയ്യുന്നതു പോലെ കറക്കുകയോ ഒക്കെ ചെയ്യാറുണ്ട്. രാഷ്ട്രീയമായി മാത്രമല്ല, ശാരീരികമായും കടുത്ത ‘ഇടതുപക്ഷ അനുഭാവി’യായതുകൊണ്ട് ഇടതുകൈയാണ് ഈ ‘വിരസതാനിവാരണ പരിപാടി’യില്‍ കൂടുതല്‍ സജീവമായി പങ്കെടുക്കാറുള്ളത്.) സാധാരണ ഗതിയില്‍ നിരുപദ്രവമായ അത്തരം ’യാന്ത്രിക ചലന‘ങ്ങളെ അവന്‍ ഗൌരവമായി എടുക്കാറില്ല. പക്ഷേ ഇന്ന്... നിമിഷങ്ങള്‍ക്കു മുന്‍പ് കണ്ട ദൃശ്യം മനസ്സിലെത്തി. അവള്‍ ഇപ്പോള്‍ റോഡ് മുറിച്ചുകടന്ന് ഇപ്പുറത്തെത്തിയിട്ടുണ്ടാകും. അങ്ങനെയെങ്കില്...
ചിന്തകള്‍ ഇത്രയുമെത്തിയപ്പോഴേക്കും കൈകളുടെ ചലനം പതുക്കെയായി. അതേ സമയം മനസ്സിലെ ‘അവലോകന വിദഗ്ദ്ധന്‍’ മറ്റു ചില കണക്കുകൂട്ടലുകളിലായിരുന്നു. ഏതാനും നിമിഷങ്ങള്‍ മാത്രമേ അവളെ ശ്രദ്ധിച്ചിരുന്നുള്ളൂവെങ്കിലും അവളുടെ മുഖം മാത്രമല്ല, നടപ്പിന്റെ രീതിയും വേഗവും ദിശയും പോലും മനസ്സില്‍ പതിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ആ നടപ്പ് അതേ രീതിയില്‍ തുടര്‍ന്നിട്ടുണ്ടെങ്കില്‍ ഈ സമയം കൊണ്ട് താന്‍ ഇപ്പോള്‍ നില്‍ക്കുന്ന ഇടത്ത് നിന്ന് രണ്ടു മൂന്നു മീറ്ററെങ്കിലും അകലെ എത്തിയിട്ടുണ്ടാകണം അവള്‍. എന്നുവെച്ചാല്‍ സുരക്ഷിതമായ അകലം.
ആത്മവിശ്വാസം നല്ലതാണ്, ആവശ്യവുമാണ്. അമിതമായാലോ? അനുഭവങ്ങള് വേണ്ടതിലേറെ ഉണ്ടായിട്ടുണ്ട്. എന്തു കാര്യം? പട്ടിയുടെ വാല്‍ നിവര്ത്താന്‍ ജി ഐ പൈപ്പിനും കഴിയില്ലല്ലോ! ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലേറിക്കഴിഞ്ഞ മനസ്സ് സ്ഥലകാലബന്ധം തീര്‍ത്തും ഉപേക്ഷിച്ചെന്നോണം മറ്റേതൊക്കെയോ ‘ലോകങ്ങളിലേക്ക്‘പ്രയാണം തുടങ്ങിയതോടൊപ്പം, ഏതാണ്ട് നിശ്ചലമായിരുന്ന കൈകള്‍ പൂര്‍വാധികം ഊര്‍ജസ്വലമായി ‘വ്യായാമം’ പുനരാരംഭിക്കാന് ഒട്ടും വൈകിയില്ല. ‘വൈന്‍ഡ്’ ചെയ്യാന്‍ മറന്ന പഴഞ്ചന്‍ ക്ലോക്കിന്റെ പെന്‍ഡുലം കണക്കെ മെല്ലെ പിന്നോട്ടു നീങ്ങിയിരുന്ന കൈകള്‍ ‘യാത്ര’ മതിയാക്കി തിരികെ വരുന്നതിനു പകരം ‘ബൌളിങ് ആക്‍ഷന്‍’ രീതിയില്‍ ഒരു ‘വര്ത്തുളപഥ യാത്ര’യ്ക്കൊരുങ്ങി പൊടുന്നനെ കൂടുതല് പിന്നോട്ടു നീങ്ങി മുകളിലേക്കുയരുകയായി. പക്ഷേ...
ഇടതുകൈ എന്തിലോ അല്പം ശക്തമായിത്തന്നെ തട്ടിയതിന്റെ ആഘാതം അവനെ ‘സ്വപ്നലോക’ത്തു നിന്ന് ക്ഷണനേരം കൊണ്ട് തിരികെയെത്തിച്ചു. മൃദുവായ എന്തിലോ ആണ് തട്ടിയത് എന്നു തോന്നുന്നു. കൈ വേദനിക്കുന്നൊന്നുമില്ല. ഏതായാലും നിമിഷാര്‍ധത്തില്‍ തിരികെയെത്തി നിശ്ചലമായ ഇടതുകൈയ്ക്കൊപ്പം വലതുകൈയും പിടിച്ചുനിര്‍ത്തിയതു പോലെ പൂര്‍വസ്ഥിതി പ്രാപിച്ചിരുന്നു. അവിശ്വസനീയമായതെന്തോ സംഭവിച്ചെന്ന മട്ടില്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്‍മുന്‍പില്‍ തെളിഞ്ഞത് നിമിഷങ്ങള്‍ക്കു മുന്‍പ് കണ്ട അതേ മുഖം. പക്ഷേ ഭാവം...
അവള്‍ നിന്നിരുന്ന സ്ഥാനവും ദിശയും കണ്ടപ്പോള് തീപ്പൊരി ചിതറുന്ന ആ നോട്ടത്തിന്റെ അര്‍ഥം തിരിച്ചറിയാന് ഒരു നിമിഷാര്‍ധം പോലും വേണ്ടിവന്നില്ല. അല്പം കൂടി അടുത്തായിരുന്നു നിന്നിരുന്നതെങ്കില്‍ പ്രതികരണം കൈ കൊണ്ടാകുമായിരുന്നു എന്ന് ആ കണ്ണുകള്‍ വിളിച്ചുപറയുന്നുണ്ട്. ‘ലെഫ്റ്റ് ആം ലെഗ് ബ്രേക്കി’നു പകരം തന്റെ ഇടതുകൈ അവളുടെ പിന്‍ഭാഗത്ത് ഒരു ‘കവര്‍ ഡ്രൈവാ’ണ് നടത്തിയതെന്നോര്‍ത്തപ്പോള്‍ വല്ലാത്തൊരു ചമ്മല്‍. വിദൂര ഭാവിയില്‍ വല്ല ഡിമെന്‍ഷ്യയോ മറ്റോ പിടിപെട്ടാലും ഈ നിമിഷം മറക്കാനാവുമെന്നു തോന്നുന്നില്ല...!
ഇത്രയും വര്ഷം കേടുപാടുകളൊന്നും ഏല്‍ക്കാതെ നിലനിര്‍ത്തിയിരുന്ന ‘പെര്‍ഫക്റ്റ് ഇമേജ്’ വെടിയുണ്ടയേറ്റ ജനാലച്ചില്ലു കണക്കെ നിമിഷാര്‍ധം കൊണ്ട് തകര്‍ന്നുപോയത് തിരിച്ചറിഞ്ഞപ്പോള്‍ അറിയാതെ മുഖം കുനിഞ്ഞുപോയി. ‘സ്... സോറി... ഞ്... ഞാ... ഞാന്‍....’ വാക്കുകള്‍ പുറത്തു വരുന്നില്ല. അല്ല, വന്നിട്ട് വലിയ പ്രയോജനമെന്തെങ്കിലും ഉണ്ടാകാനും പോകുന്നില്ല. രണ്ടു ചുവട് നീങ്ങി അവളുടെ അടുത്ത് എത്താനായിരുന്നെങ്കില്‍... ഇല്ല. ഒരിഞ്ചു പോലും നീങ്ങാനാവുന്നില്ല. കാലുകള്‍ തറയില് ഉറച്ചുപോയിരിക്കുന്നതു പോലെ...
‘ഞ്... ഞാന്‍... അ... അറിഞ്ഞു... അറിഞ്ഞുകൊണ്ട്... അല്ല... ആലോചിക്കാതെ...’ തീര്‍ത്തും ദുര്‍ബലമായ ശബ്ദം കരച്ചിലിന്റെ വക്കത്തെത്തിയോ...? ‘സ്... സോറി... അത്... ന്... നിങ്ങളെ... ശ്രദ്ധിക്കാതെ...’ വാക്കുകള്ക്കായി തപ്പിത്തടഞ്ഞുകൊണ്ടിരിക്കേ കാലുകള്‍ പെട്ടെന്ന് ദുര്‍ബലമായതു പോലെ തോന്നി. കാല്‍ച്ചുവട്ടില് ഒരു കൊച്ചു ഭൂമികുലുക്കമോ? എവിടെയെങ്കിലും ഒന്ന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...! ഒരു അത്താണി തേടിയെന്നോണം അവന്റെ കണ്ണുകള്‍ ഉഴറി. മെയിന്‍ ബ്ലോക്കിന്റെ പിന്നിലെ വരാന്തയില്‍ നിന്ന് ഒരു പെണ്‍കുട്ടി ഇറങ്ങി വരുന്നു. വരാന്തയിലും മുറ്റത്തും റോഡിലുമൊക്കെയായി ഏതാനും കുട്ടികള്‍ കൂടി ഉണ്ട്. അവരില് ആരൊക്കെ ആ രംഗം കണ്ടിട്ടുണ്ടാകുമെന്ന് അറിയില്ല.
അവളുടെ മുഖത്തേക്ക് നോക്കാന്‍ പോയിട്ട്, കുറ്റബോധവും സങ്കടവും കൊണ്ട് കുനിഞ്ഞുപോയ തലയൊന്നുയര്‍ത്താന്‍ പോലും കഴിയാതെ, എന്തു ചെയ്യണമെന്നറിയാതെ തകര്‍ന്നു നില്‍ക്കേ... ’ഏയ്... ഡോണ്ട് വറി... സാരമില്ല...‘ മറ്റേതോ ലോകത്തു നിന്ന് ഒരശരീരി കണക്കേ നനുത്ത ഒരു ശബ്ദം കാതുകളിലെത്തി. ‘മന:പൂര്‍വം ചെയ്തതല്ലെന്ന് എനിക്കു മനസ്സിലായി...’ അപ്രതീക്ഷിതമായ ആശ്വാസ വാക്കുകള്‍ വിശ്വസിക്കാനായില്ല അവന്. മെല്ലെ മുഖമുയര്‍ത്തിയപ്പോള്‍ കണ്ണീരിന്റെ നനവു പടര്‍ന്ന കണ്ണുകള്‍ക്കു മുന്‍പില്‍ അതാ ആ മുഖം വീണ്ടും...! നിമിഷങ്ങള്‍ക്കു മുന്‍പേ അവനെ ദഹിപ്പിക്കാന്‍ പോന്നതെന്നു തോന്നിയ തീനാളങ്ങളില്ല ഇപ്പോള്‍ ആ കണ്ണുകളില്‍. രൌദ്രം കരുണത്തിനു (അതു തന്നെയാണോ ആവോ?) വഴിമാറിയിരിക്കുന്നു. ചുണ്ടുകള്‍ ഒരു നേര്ത്ത പുഞ്ചിരി ഒരുക്കുന്നുണ്ടോ? ‘സാരമില്ല... നിങ്ങള്‍ മന:പൂര്‍വം അങ്ങനെ ചെയ്യില്ലെന്ന് ഇപ്പോള്‍ എനിക്കറിയാം...’ ആ വാക്കുകള്‍ അവന്റെയുള്ളില്‍ ഉളവാക്കിയ ആശ്വാസത്തിനും സന്തോഷത്തിനും പകരം വെക്കാന് മറ്റൊന്നിനും ആവില്ലായിരുന്നു. ഒരു നിമിഷം അവളുടെ മുന്‍പില്‍ മുട്ടു കുത്തി ആ പാദങ്ങളില് ഒന്നു തൊട്ടു വന്ദിക്കാന്‍ തോന്നിപ്പോയി അവന്.
‘നിങ്ങള്‍ വരുന്നത്...’ ‘ഞാന്‍ പിന്നിലായിരുന്നല്ലോ... നിങ്ങള് എന്നെ കണ്ടിട്ടുണ്ടാവില്ല...’ ‘കണ്ടിരുന്നു... ലൈബ്രറിയില്‍ നിന്ന് ഇറങ്ങുന്നത്... പക്ഷേ...’ ‘ഇങ്ങോട്ട് വരുമെന്ന് പ്രതീക്ഷിച്ചില്ല, അല്ലേ...?‘ ’അതെ... നിങ്ങള്‍ നടന്നിരുന്നത് അങ്ങോട്ടായിരുന്നല്ലോ...? ഇവിടെയെത്തുമെന്ന് കരുതിയില്ല. ശ്രദ്ധിക്കാതിരുന്നത് എന്റെ തെറ്റു തന്നെ...’ ‘സീനയെ ഇവിടെ കണ്ടതുകൊണ്ടാ ഡിപ്പാര്‍ട്ടുമെന്റിലേക്കു പോകുകയായിരുന്ന ഞാന്‍ ഇങ്ങോട്ടു വന്നത്...’ വരാന്തയില്‍ നിന്ന് ഇറങ്ങി വന്ന പെണ്‍കുട്ടിയെ നോക്കിയാണ് അവള്‍ അതു പറഞ്ഞത്. ‘ആങ്ഹാ... ഇപ്പോള്‍ കുറ്റം എന്റേതായോ...?’ ‘അതല്ല... ഇങ്ങോട്ട് വരേണ്ട കാര്യമേ ഇല്ലായിരുന്നു. ഇതിപ്പോള്‍ അടി ഇരുന്നിടത്ത് തടി കൊണ്ടു വെച്ചുകൊടുത്ത പോലെയായി...’
തെറ്റിദ്ധാരണകള്‍ നീങ്ങി ‘മഞ്ഞുരുകി’ത്തുടങ്ങിയെന്ന് മനസ്സിലായതോടെ അവന് ‘ജീവന്‍’ തിരിച്ചുകിട്ടി. ‘ഞാന്‍ മന:പൂര്‍വം ചെയ്തതാണെന്നായിരുന്നോ കരുതിയത്?’ ‘അതൊന്നും ആലോചിച്ചില്ല. വിചാരിക്കാത്ത നേരത്ത് നല്ലൊരടി കിട്ടിയപ്പോള്‍ ദേഷ്യവും സങ്കടവുമൊക്കെ ഒന്നിച്ച് വന്നു... അത് ചെയ്തവനെ...’ ‘ഇത്രയെങ്കിലും അകലത്തിലായിരുന്നതു കൊണ്ടുമാത്രമാണ് ഞാന് രക്ഷപ്പെട്ടത് എന്നര്‍ഥം... നിങ്ങള്‍ തിരിഞ്ഞു നോക്കിയ സമയത്ത് ഞാന്‍ കുറച്ചുകൂടി അടുത്തായിരുന്നെങ്കില്‍...’ ‘പറയാന്‍ പറ്റില്ല. ഒന്നുരണ്ടെണ്ണമെങ്കിലും കൊള്ളുമായിരുന്നു എന്ന് ഉറപ്പ്...’ ‘അത്രയേ ഉള്ളൂ...? ഒന്നോ രണ്ടോ മാത്രമാണെങ്കില്‍ ഒകെ... ഇപ്പോള്‍ തന്നാലും കൊണ്ടോളാം, ചെയ്ത തെറ്റിനുള്ള ശിക്ഷയായി കരുതിയാല്‍ മതിയല്ലോ...!’ ‘അതു വേണ്ട. തെറ്റു ചെയ്താല്‍ ശിക്ഷയാകാം, തെറ്റു പറ്റിയാലല്ല... തെറ്റു പറ്റിയെന്ന് സമ്മതിച്ചല്ലോ... അതു മതി.’
‘എന്നാല്‍ ശരി. നിങ്ങളെ വീണ്ടും ദേഷ്യം പിടിപ്പിച്ച് സ്വന്തം ‘തടി കേടാക്കാന്‍’ എനിക്ക് ഒട്ടും താല്പര്യമില്ല്ല. പക്ഷേ ഒന്ന് പരിചയപ്പെടാന്‍ ആഗ്രഹമുണ്ട്, ഇഫ് യു ഡോണ്ട് മൈന്‍ഡ്...’ ‘ഞാന്‍ ജയശ്രീ. എസ് ഫോര്‍ ഇലക്ട്രോണിക്സ്...’ ‘ഞാന്‍ പ്രദീപ്... എസ് സിക്സ് കംപ്യൂട്ടര്‍ സയന്‍സ്...’
ഔപചാരികമായ പരിചയപ്പെടല്‍ ഏതാനും മിനിറ്റുകള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ. പക്ഷേ വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഏറെ നീണ്ടുനില്‍ക്കാന്‍ പോന്ന ഒരു സൗഹൃദം പിറവി കൊള്ളുന്ന നിമിഷങ്ങളായിരുന്നു അവയെന്ന് ഇരുവരും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ക്ലാസ് തുടങ്ങാന്‍ സമയമായെന്ന ഓര്‍മപ്പെടുത്തലുമായി സീനയുടെ ഇടപെടല്‍ സംഭാഷണത്തിന് നിര്‍ബന്ധിത വിരാമമിട്ടതിനു പിന്നാലെ പരസ്പരം കൈ കൊടുത്ത് പിരിഞ്ഞിട്ടും നിമിഷങ്ങളോളം അവന്റെ മനസ്സ് അവള്‍ക്കൊപ്പം തന്നെയായിരുന്നു. കാഴ്ചയില്‍ നിന്ന് മറയുവോളം കണ്ണുകളാല്‍ പിന്തുടര്ന്ന് അവളെ യാത്രയാക്കിയ ശേഷം അവന്‍ തിരികെയെത്തി. ഇനി സ്വന്തം ‘യാത്ര’ പുനരാരംഭിക്കാം - വിഷമങ്ങളെ മനസ്സില്‍ നിന്ന് ഇറക്കിവിട്ട്, മറക്കാനാവാത്ത ഒരു സൗഹൃദം കൂടി തന്റെ ‘ക്രെഡിറ്റില്‍’ എഴുതിച്ചേര്‍ക്കാനായതിന്റെ ആഹ്ലാദവുമായി പ്രസന്നമായ മനസ്സോടെ.
----------------------------------------------------------------------------------
പിന്കുറിപ്പ്: ഈ കഥയിലെ എല്ലാ കഥാപാത്രങ്ങളും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാകയാല്‍ തിരിച്ചറിയപ്പെടുന്നത് ഒഴിവാക്കാനായി യഥാര്‍ത്ഥ പേരുകള്‍ മറച്ചു വെച്ചിരിക്കുന്നു. (കഥാനായകനെ (വില്ലന്‍?) തിരിച്ചറിയാന്‍ കവിടി നിരത്തേണ്ട കാര്യമില്ലെന്നത് വേറെ കാര്യം!)
----------------------------------------------------------------------------------
5 comments:
ഈ കഥയിലെ എല്ലാ കഥാപാത്രങ്ങളും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാകയാല്‍ തിരിച്ചറിയപ്പെടുന്നത് ഒഴിവാക്കാനായി യഥാര്‍ത്ഥ പേരുകള്‍ മറച്ചു വെച്ചിരിക്കുന്നു. (കഥാനായകനെ (വില്ലന്‍?) തിരിച്ചറിയാന്‍ കവിടി നിരത്തേണ്ട കാര്യമില്ലെന്നത് വേറെ കാര്യം!)
യഥാര്‍ത്ഥ വില്ലനെ പിടികിട്ടി.
പക്ഷേ താഢനം നടത്തിയ ഇക്കോളജിക്കള്‍ ഫ്രൈജൈല്‍ ലാന്റ് എഴുതാതിരുന്നത് ഒരു കല്ലുകടിയായി.
അവിചാരിതമായി സംഭവിക്കുന്ന സന്ദര്‍ഭങ്ങളിലൂടെയായിരിക്കും നല്ല സൌഹൃദങ്ങള്‍ ഉണ്ടാവുക എന്ന് വായിച്ചിട്ടുണ്ട്. അത് ശരിയാണെന്ന് “അരക്കെട്ടു”റപ്പിച്ചു.
എപ്പോഴെങ്കിലും കഥാനായകൻ വില്ലനാകുന്നുണ്ടോ? ;)
nalla oru vaayana....!!muzhuvan iruthi vaayippichu kalanju :) :) ;)
ഞാന് വന്ന് വായിച്ചു കേട്ടോ. അബ്സാര്‍ ഡോക്ടറുടെ ബ്ലോഗില്‍ നിന്ന് ലിങ്ക് കിട്ടി വന്നതാണ്. മലയാളം തിരുത്തിയത് ഇഷ്ടപ്പെട്ടു
Post a Comment