Tuesday, 15 March 2011

ഒരു ‘താഡന’ത്തിന്റെ കഥ!

അറിയിപ്പ്: ഇത് വെറുമൊരു കഥയല്ല. കഥാപാത്രങ്ങളോ സംഭവങ്ങളോ സാങ്കല്പികവുമല്ല. പതിമൂന്നു വര്ഷം മുന്‍പ് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അല്പം ഭാവനയുടെ മേമ്പൊടി ചേര്‍ത്ത് കഥാരൂപത്തില്‍ അവതരിപ്പിക്കുകയാണ്. അതുകൊണ്ടു തന്നെ ഇതിലെ എല്ലാ കഥാപാത്രങ്ങളും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ് (എന്നാണ് എന്റെ വിശ്വാസം). അവരില്‍ ആരെങ്കിലും എന്നെങ്കിലും ഈ 'കഥ'  വായിക്കാന്‍ ഇടയാകുകയാണെങ്കില്‍ ക്ഷമിക്കുക.
(ഏയ്... ചുമ്മാ...! പറഞ്ഞില്ലെന്നു പരാതി വേണ്ട. ഇനി അഥവാ ആരെങ്കിലും ക്ഷമിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല - സത്യസന്ധത  കുറ്റകരമല്ല...!)   
----------------------------------------------------------------------------------

1998 - ലെ ഒരു ബുധനാഴ്ച. തൃശ്ശൂര്‍ എന്ജിനീയറിംഗ് കോളേജിലെ കം‌പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റ്. ഹോസ്റ്റലിലെ മെസ്സില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചു തിരിച്ചെത്തിയതേയുള്ളൂ പ്രദീപ്. ക്ലാസ് തുടങ്ങാന്‍ ഇനിയും സമയമുണ്ട്. വാതിലിനടുത്തുള്ള വരിയിലെ ഒന്നാമത്തെ ബെഞ്ചില്‍ എന്തോ ആലോചനയില്‍ മുഴുകിയിരിക്കുകയാണ് അവന്‍. അകലെ എവിടെയോ നിന്ന് ഒരു ഫയര്‍ എന്‍‌ജിന്റെ സൈറണും മണിയടിയും അവ്യക്തമായി കേള്‍ക്കാം.

വയലറ്റ് നിറമുള്ള ഒരു ചുരിദാര്‍ കണ്‍കോണില്‍ ഒന്നു മിന്നി മറഞ്ഞതു കണ്ട് അവന്‍ തലയുയര്‍ത്തി. പ്രജുഷ. അവളുടെ കൈയിലിരുന്ന കവര്‍ കണ്ടതും പൊടുന്നനെ എന്തോ ഓര്‍മ വന്നിട്ടെന്നോണം അവന്‍ എഴുന്നേറ്റു. ‘സമയം കിട്ടുമോ ആവോ...?’ നോട്ടം ഒരു നിമിഷം വാച്ചിലേക്ക് പാളിവീണു. ‘പോയി നോക്കാം. തിരക്കൊന്നും ഉണ്ടാകില്ലായിരിക്കും... നോക്കാം’. അവന്‍ പുറത്തേക്കു നടന്നു. പൊതുവേ നല്ല വേഗത്തില്‍ നടക്കുന്ന പ്രവണതയുണ്ട് അവന്. ഇപ്പോഴാണെങ്കില്‍ സമയപരിമിതി കൂടി ഉള്ളതു കൊണ്ട് നടപ്പിന് വേഗം കൂട്ടിയിരിക്കുന്നു. സ്റ്റാഫ് റൂമിനു മുന്‍പിലൂടെ കടന്നു പോകുന്നതിനിടെ വെറുതെയൊന്ന് അകത്തേക്കു നോക്കി. കസേരകള്‍  മുഴുവന്‍ ഒഴിഞ്ഞു കിടക്കുന്നു. അപ്പോഴാണ് ഓര്‍മ വന്നത്... ഉച്ചയ്ക്കു ശേഷം ‘ഫസ്റ്റ് അവര്‍’ ഫ്രീയാണല്ലോ എന്ന്. രാമചന്ദ്രന്‍ സാര്‍ രണ്ടു ദിവസമായി ലീവാണ്. അപ്പോള്‍പ്പിന്നെ... നടപ്പിന് വേഗം കുറഞ്ഞു.

സ്റ്റെയര്‍ കേസ് ഇറങ്ങി, വരാന്തയിലൂടെ കുറച്ചു ദൂരം അല്പം അലസമായി നടന്ന ശേഷം മുറ്റത്തേക്കിറങ്ങി. മെയിന്‍ ബ്ലോക്കിന് പിന്നിലെ റോഡില്‍ പതിവിനു വിപരീതമായി ആളനക്കം കുറവാണ്. നല്ല വെയില്‍. പൊടി പറക്കുന്ന മുറ്റത്തു കൂ‍ടി റോഡിലേക്ക് നടക്കുന്നതിനിടെ അവന്റെ നോട്ടം റോഡിന്റെ എതിര്‍ വശത്തുള്ള ലൈബ്രറി ബ്ലോക്കിന് നേരെ ഒന്ന് പാളി വീണു. കൈയില്‍ രണ്ടുമൂന്നു പുസ്തകങ്ങളും ചുമലിലൊരു ബാഗുമായി ഒരു പെണ്‍കുട്ടി ഇറങ്ങി വരുന്നുണ്ട്. ഇടതു വശത്തുള്ള മെയിന്‍ ബ്ലോക്കാണ് ലക്ഷ്യമെന്നു വ്യക്തം. നല്ല ഭംഗിയുള്ള മുഖം. പക്ഷേ മുന്‍പ് കണ്ടിട്ടുള്ളതായി തോന്നുന്നില്ല. ‘ഇന്നത്തെ ചിത്രത്തിനുള്ള ‘മോഡല്‍’ ഇവള്‍ തന്നെ...’  (ആയിടയ്ക്ക് താന്‍ എഴുതിയ ഒരു നാടകത്തിലെ കഥാപാത്രങ്ങളെ ചിത്രങ്ങളില്‍ ആവിഷ്കരിക്കാനുള്ള ശ്രമത്തിലായിരുന്നു പ്രദീപ്. അതിലെ നായികയാണ് ഇവിടെ അവന്റെ മനസ്സില്‍.) നിമിഷങ്ങള്‍ക്കകം ആ രൂപം മനസ്സിലെ ‘കാന്‍‌വാസില്‍’ പകര്‍ത്തി അവന്‍ നടത്തം തുടര്‍ന്നു.

പോസ്റ്റ് ഓഫീസില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ചെയ്യാനുള്ളതായി‍ മനസ്സിലുള്ള ‘ലിസ്റ്റി’ലെ കാര്യങ്ങളെക്കുറിച്ച് ആലോചിച്ചുകൊണ്ട് അലസവും അശ്രദ്ധവുമായുള്ള നടപ്പിനിടെ കൈകള്‍ അവയുടെ സ്വാഭാവിക ചലനത്തില്‍ നിന്ന് വ്യത്യസ്തമായി യാന്ത്രികമായെന്നോണം മുന്‍പോട്ടു നീങ്ങുന്നത് ഒരു സ്വപ്നത്തിലെന്നോണം അവന്‍ അറിഞ്ഞു. (നാലഞ്ചു വര്‍ഷമായി തുടരുന്ന പ്രവണതയാണത് - ആള്‍ത്തിരക്കില്ലാത്ത വഴികളിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോള്‍ വിരസത തോന്നുന്ന നിമിഷങ്ങളില്‍ കൈകള്‍ വ്യായാമം ചെയ്യുന്നതു പോലെ പല ദിശകളില്‍ ചലിപ്പിക്കുകയോ ക്രിക്കറ്റില്‍ ‘ബൌള്‍‘ ചെയ്യുന്നതു പോലെ കറക്കുകയോ ഒക്കെ ചെയ്യാറുണ്ട്. രാഷ്ട്രീയമായി മാത്രമല്ല, ശാരീരികമായും കടുത്ത ‘ഇടതുപക്ഷ അനുഭാവി’യായതുകൊണ്ട് ഇടതുകൈയാണ് ഈ ‘വിരസതാനിവാരണ പരിപാടി’യില്‍ കൂടുതല്‍ സജീവമായി പങ്കെടുക്കാറുള്ളത്.) സാധാരണ ഗതിയില്‍ നിരുപദ്രവമായ അത്തരം ’യാന്ത്രിക ചലന‘ങ്ങളെ അവന്‍ ഗൌരവമായി എടുക്കാറില്ല. പക്ഷേ ഇന്ന്... നിമിഷങ്ങള്‍ക്കു മുന്‍പ് കണ്ട ദൃശ്യം മനസ്സിലെത്തി. അവള്‍ ഇപ്പോള്‍ റോഡ് മുറിച്ചുകടന്ന് ഇപ്പുറത്തെത്തിയിട്ടുണ്ടാകും. അങ്ങനെയെങ്കില്...

ചിന്തകള്‍ ഇത്രയുമെത്തിയപ്പോഴേക്കും കൈകളുടെ ചലനം പതുക്കെയായി. അതേ സമയം മനസ്സിലെ ‘അവലോകന‍‍ വിദഗ്ദ്ധന്‍’ മറ്റു ചില കണക്കുകൂട്ടലുകളിലായിരുന്നു. ഏതാനും നിമിഷങ്ങള്‍ മാത്രമേ അവളെ ശ്രദ്ധിച്ചിരുന്നുള്ളൂവെങ്കിലും അവളുടെ മുഖം മാത്രമല്ല, നടപ്പിന്റെ രീതിയും വേഗവും ദിശയും പോലും മനസ്സില്‍ പതിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ആ നടപ്പ് അതേ രീതിയില്‍ തുടര്‍ന്നിട്ടുണ്ടെങ്കില്‍ ഈ സമയം കൊണ്ട് താന്‍ ഇപ്പോള്‍ നില്‍ക്കുന്ന ഇടത്ത് നിന്ന് രണ്ടു മൂന്നു മീറ്ററെങ്കിലും അകലെ എത്തിയിട്ടുണ്ടാകണം അവള്‍. എന്നുവെച്ചാല്‍ സുരക്ഷിതമായ ‍ അകലം.

ആത്മവിശ്വാസം നല്ലതാണ്, ആവശ്യവുമാണ്. അമിതമായാലോ? അനുഭവങ്ങള് വേണ്ടതിലേറെ ഉണ്ടായിട്ടുണ്ട്. എന്തു കാര്യം? പട്ടിയുടെ വാല്‍ നിവര്ത്താന്‍ ജി ഐ പൈപ്പിനും കഴിയില്ലല്ലോ! ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലേറിക്കഴിഞ്ഞ മനസ്സ് സ്ഥലകാലബന്ധം തീര്‍ത്തും ഉപേക്ഷിച്ചെന്നോണം മറ്റേതൊക്കെയോ ‘ലോകങ്ങളിലേക്ക്‘പ്രയാണം തുടങ്ങിയതോടൊപ്പം, ഏതാണ്ട് നിശ്ചലമായിരുന്ന കൈകള്‍ പൂര്‍വാധികം ഊര്‍ജസ്വലമായി ‘വ്യായാമം’ പുനരാരംഭിക്കാന് ഒട്ടും ‍വൈകിയില്ല. ‘വൈന്‍ഡ്’ ചെയ്യാന്‍ മറന്ന പഴഞ്ചന്‍ ക്ലോക്കിന്റെ പെന്‍ഡുലം കണക്കെ മെല്ലെ പിന്നോട്ടു നീങ്ങിയിരുന്ന കൈകള്‍ ‘യാത്ര’ മതിയാക്കി തിരികെ വരുന്നതിനു പകരം ‘ബൌളിങ് ആക്‍ഷന്‍’ രീതിയില്‍ ഒരു ‘വര്ത്തുളപഥ യാത്ര’യ്ക്കൊരുങ്ങി പൊടുന്നനെ കൂടുതല് പിന്നോട്ടു നീങ്ങി മുകളിലേക്കുയരുകയായി. പക്ഷേ...

ഇടതുകൈ എന്തിലോ അല്പം ശക്തമായിത്തന്നെ തട്ടിയതിന്റെ ആഘാതം അവനെ ‘സ്വപ്നലോക’ത്തു നിന്ന് ക്ഷണനേരം കൊണ്ട് തിരികെയെത്തിച്ചു. മൃദുവായ എന്തിലോ ആണ് തട്ടിയത് എന്നു തോന്നുന്നു. കൈ വേദനിക്കുന്നൊന്നുമില്ല. ഏതായാലും നിമിഷാര്‍ധത്തില്‍ തിരികെയെത്തി നിശ്ചലമായ ഇടതുകൈയ്ക്കൊപ്പം വലതുകൈയും പിടിച്ചുനിര്‍ത്തിയതു പോലെ പൂര്‍വസ്ഥിതി പ്രാപിച്ചിരുന്നു. അവിശ്വസനീയമായതെന്തോ സംഭവിച്ചെന്ന മട്ടില്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്‍‌മുന്‍പില്‍ തെളിഞ്ഞത് നിമിഷങ്ങള്‍ക്കു മുന്‍പ് കണ്ട അതേ മുഖം. പക്ഷേ ഭാവം...

അവള്‍ നിന്നിരുന്ന സ്ഥാനവും ദിശയും കണ്ടപ്പോള് തീപ്പൊരി ചിതറുന്ന ആ നോട്ടത്തിന്റെ അര്‍ഥം തിരിച്ചറിയാന് ഒരു നിമിഷാര്‍ധം പോലും വേണ്ടിവന്നില്ല. അല്പം കൂടി അടുത്തായിരുന്നു നിന്നിരുന്നതെങ്കില്‍ പ്രതികരണം കൈ കൊണ്ടാകുമായിരുന്നു എന്ന് ആ കണ്ണുകള്‍ വിളിച്ചുപറയുന്നുണ്ട്. ‘ലെഫ്റ്റ് ആം ലെഗ് ബ്രേക്കി’നു പകരം തന്റെ ഇടതുകൈ അവളുടെ പിന്‍ഭാഗത്ത് ഒരു ‘കവര്‍ ഡ്രൈവാ’ണ് നടത്തിയതെന്നോര്‍ത്തപ്പോള്‍ വല്ലാത്തൊരു ചമ്മല്‍. വിദൂര ഭാവിയില്‍ വല്ല ഡിമെന്‍ഷ്യയോ മറ്റോ പിടിപെട്ടാലും ഈ നിമിഷം മറക്കാനാവുമെന്നു തോന്നുന്നില്ല...!

ഇത്രയും വര്ഷം കേടുപാടുകളൊന്നും ഏല്‍ക്കാതെ നിലനിര്‍ത്തിയിരുന്ന ‘പെര്‍ഫക്റ്റ് ഇമേജ്’ വെടിയുണ്ടയേറ്റ ജനാലച്ചില്ലു കണക്കെ നിമിഷാര്‍ധം കൊണ്ട് തകര്‍ന്നുപോയത് തിരിച്ചറിഞ്ഞപ്പോള്‍ അറിയാതെ മുഖം കുനിഞ്ഞുപോയി. ‘സ്... സോറി... ഞ്... ഞാ... ഞാന്‍....’ വാക്കുകള്‍ പുറത്തു വരുന്നില്ല. അല്ല, വന്നിട്ട് വലിയ പ്രയോജനമെന്തെങ്കിലും ഉണ്ടാകാനും പോകുന്നില്ല. രണ്ടു ചുവട് നീങ്ങി അവളുടെ അടുത്ത് എത്താനായിരുന്നെങ്കില്‍... ഇല്ല. ഒരിഞ്ചു പോലും നീങ്ങാനാവുന്നില്ല. കാലുകള്‍ തറയില് ഉറച്ചുപോയിരിക്കുന്നതു പോലെ...

‘ഞ്... ഞാന്‍... അ... അറിഞ്ഞു... അറിഞ്ഞുകൊണ്ട്... അല്ല... ആലോചിക്കാതെ...’ തീര്‍ത്തും ദുര്‍ബലമായ ശബ്ദം കരച്ചിലിന്റെ വക്കത്തെത്തിയോ...? ‘സ്... സോറി... അത്... ന്... നിങ്ങളെ... ശ്രദ്ധിക്കാതെ...’ വാക്കുകള്ക്കായി തപ്പിത്തടഞ്ഞുകൊണ്ടിരിക്കേ കാലുകള്‍ പെട്ടെന്ന് ദുര്‍ബലമായതു പോലെ തോന്നി. കാല്‍ച്ചുവട്ടില് ഒരു കൊച്ചു ഭൂമികുലുക്കമോ? എവിടെയെങ്കിലും ഒന്ന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...! ഒരു അത്താണി തേടിയെന്നോണം അവന്റെ കണ്ണുകള്‍ ഉഴറി. മെയിന്‍ ബ്ലോക്കിന്റെ പിന്നിലെ വരാന്തയില്‍ നിന്ന് ഒരു പെണ്‍കുട്ടി ഇറങ്ങി വരുന്നു. വരാന്തയിലും മുറ്റത്തും റോഡിലുമൊക്കെയായി ഏതാനും കുട്ടികള്‍ കൂടി ഉണ്ട്. അവരില് ആരൊക്കെ ആ രംഗം കണ്ടിട്ടുണ്ടാകുമെന്ന് അറിയില്ല.

അവളുടെ മുഖത്തേക്ക് നോക്കാന്‍ പോയിട്ട്, കുറ്റബോധവും സങ്കടവും കൊണ്ട് കുനിഞ്ഞുപോയ തലയൊന്നുയര്‍ത്താന്‍ പോലും കഴിയാതെ, എന്തു ചെയ്യണമെന്നറിയാതെ തകര്‍ന്നു നില്‍ക്കേ... ’ഏയ്... ഡോണ്ട് വറി... സാരമില്ല...‘ മറ്റേതോ ലോകത്തു നിന്ന് ഒരശരീരി കണക്കേ നനുത്ത ഒരു ശബ്ദം കാതുകളിലെത്തി. ‘മന:പൂര്‍വം ചെയ്തതല്ലെന്ന് എനിക്കു മനസ്സിലായി...’ അപ്രതീക്ഷിതമായ ആശ്വാസ വാക്കുകള്‍ വിശ്വസിക്കാനായില്ല അവന്. മെല്ലെ മുഖമുയര്‍ത്തിയപ്പോള്‍ കണ്ണീരിന്റെ നനവു പടര്‍ന്ന കണ്ണുകള്‍ക്കു മുന്‍പില്‍ അതാ ‍ആ മുഖം വീണ്ടും...! നിമിഷങ്ങള്‍ക്കു മുന്‍പേ അവനെ ദഹിപ്പിക്കാന്‍ പോന്നതെന്നു തോന്നിയ തീനാളങ്ങളില്ല ഇപ്പോള്‍ ആ കണ്ണുകളില്‍. രൌദ്രം കരുണത്തിനു (അതു തന്നെയാണോ ആവോ?) വഴിമാറിയിരിക്കുന്നു. ചുണ്ടുകള്‍ ഒരു നേര്ത്ത പുഞ്ചിരി ഒരുക്കുന്നുണ്ടോ? ‘സാരമില്ല... നിങ്ങള്‍ മന:പൂര്‍വം അങ്ങനെ ചെയ്യില്ലെന്ന് ഇപ്പോള്‍ എനിക്കറിയാം...’ ആ വാക്കുകള്‍ അവന്റെയുള്ളില്‍ ഉളവാക്കിയ ആശ്വാസത്തിനും സന്തോഷത്തിനും പകരം വെക്കാന്  ‍മറ്റൊന്നിനും ആവില്ലായിരുന്നു. ഒരു നിമിഷം അവളുടെ മുന്‍പില്‍ മുട്ടു കുത്തി ആ പാദങ്ങളില് ഒന്നു തൊട്ടു വന്ദിക്കാന്‍ തോന്നിപ്പോയി അവന്.

‘നിങ്ങള്‍ വരുന്നത്...’ ‘ഞാന്‍ പിന്നിലായിരുന്നല്ലോ... നിങ്ങള് എന്നെ കണ്ടിട്ടുണ്ടാവില്ല...’ ‘കണ്ടിരുന്നു... ലൈബ്രറിയില്‍ നിന്ന് ഇറങ്ങുന്നത്... പക്ഷേ...’ ‘ഇങ്ങോട്ട് വരുമെന്ന് പ്രതീക്ഷിച്ചില്ല, അല്ലേ...?‘ ’അതെ... നിങ്ങള്‍ നടന്നിരുന്നത് അങ്ങോട്ടായിരുന്നല്ലോ...? ഇവിടെയെത്തുമെന്ന് കരുതിയില്ല. ശ്രദ്ധിക്കാതിരുന്നത് എന്റെ തെറ്റു തന്നെ...’ ‘സീനയെ ഇവിടെ കണ്ടതുകൊണ്ടാ ഡിപ്പാര്‍ട്ടുമെന്റിലേക്കു പോകുകയായിരുന്ന ഞാന്‍ ഇങ്ങോട്ടു വന്നത്...’ വരാന്തയില്‍ നിന്ന് ഇറങ്ങി വന്ന പെണ്‍കുട്ടിയെ നോക്കിയാണ് അവള്‍ അതു പറഞ്ഞത്. ‘ആങ്ഹാ... ഇപ്പോള്‍ കുറ്റം എന്റേതായോ...?’ ‘അതല്ല... ഇങ്ങോട്ട് വരേണ്ട കാര്യമേ ഇല്ലായിരുന്നു. ഇതിപ്പോള്‍ അടി ഇരുന്നിടത്ത് തടി കൊണ്ടു വെച്ചുകൊടുത്ത പോലെയായി...’

തെറ്റിദ്ധാരണകള്‍ നീങ്ങി ‘മഞ്ഞുരുകി’ത്തുടങ്ങിയെന്ന് മനസ്സിലായതോടെ അവന് ‘ജീവന്‍’ തിരിച്ചുകിട്ടി. ‘ഞാന്‍ മന:പൂര്‍വം ചെയ്തതാണെന്നായിരുന്നോ  കരുതിയത്?’ ‘അതൊന്നും ആലോചിച്ചില്ല. വിചാരിക്കാത്ത നേരത്ത് നല്ലൊരടി കിട്ടിയപ്പോള്‍ ദേഷ്യവും സങ്കടവുമൊക്കെ ഒന്നിച്ച് വന്നു... അത് ചെയ്തവനെ...’ ‘ഇത്രയെങ്കിലും അകലത്തിലായിരുന്നതു കൊണ്ടുമാത്രമാണ് ഞാന് ‍രക്ഷപ്പെട്ടത് എന്നര്‍ഥം... നിങ്ങള്‍ തിരിഞ്ഞു നോക്കിയ സമയത്ത് ഞാന്‍ കുറച്ചുകൂടി അടുത്തായിരുന്നെങ്കില്‍...’ ‘പറയാന്‍ പറ്റില്ല. ഒന്നുരണ്ടെണ്ണമെങ്കിലും കൊള്ളുമായിരുന്നു എന്ന് ഉറപ്പ്...’ ‘അത്രയേ ഉള്ളൂ...? ഒന്നോ രണ്ടോ മാത്രമാണെങ്കില്‍ ഒകെ... ഇപ്പോള്‍ തന്നാലും കൊണ്ടോളാം, ചെയ്ത തെറ്റിനുള്ള ശിക്ഷയായി കരുതിയാല്‍ മതിയല്ലോ...!’ ‘അതു വേണ്ട. തെറ്റു ചെയ്താല്‍ ശിക്ഷയാകാം, തെറ്റു പറ്റിയാലല്ല... തെറ്റു പറ്റിയെന്ന് സമ്മതിച്ചല്ലോ... അതു മതി.’

‘എന്നാല്‍ ശരി. നിങ്ങളെ വീണ്ടും ദേഷ്യം പിടിപ്പിച്ച് സ്വന്തം ‘തടി കേടാക്കാന്‍’‍‍ എനിക്ക് ഒട്ടും താല്പര്യമില്ല്ല. പക്ഷേ ഒന്ന് പരിചയപ്പെടാന്‍ ആഗ്രഹമുണ്ട്, ഇഫ് യു ഡോണ്ട് മൈന്‍ഡ്...’ ‘ഞാന്‍ ജയശ്രീ. എസ് ഫോര്‍ ഇലക്ട്രോണിക്സ്...’ ‘ഞാന്‍ പ്രദീപ്... എസ് സിക്സ് കം‌പ്യൂട്ടര്‍ സയന്‍സ്...’

ഔപചാരികമായ പരിചയപ്പെടല്‍ ഏതാനും മിനിറ്റുകള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ. പക്ഷേ വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഏറെ നീണ്ടുനില്‍ക്കാന്‍ പോന്ന ഒരു സൗഹൃദം പിറവി കൊള്ളുന്ന നിമിഷങ്ങളായിരുന്നു അവയെന്ന് ഇരുവരും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു‍. ക്ലാസ് തുടങ്ങാന്‍ സമയമായെന്ന ഓര്‍മപ്പെടുത്തലുമായി സീനയുടെ ഇടപെടല്‍ സംഭാഷണത്തിന്  നിര്‍ബന്ധിത  വിരാമമിട്ടതിനു പിന്നാലെ പരസ്പരം കൈ കൊടുത്ത് പിരിഞ്ഞിട്ടും നിമിഷങ്ങളോളം അവന്റെ മനസ്സ് അവള്‍ക്കൊപ്പം തന്നെയായിരുന്നു. കാഴ്ചയില്‍ നിന്ന് മറയുവോളം കണ്ണുകളാല്‍ പിന്തുടര്ന്ന് അവളെ യാത്രയാക്കിയ ശേഷം അവന്‍ തിരികെയെത്തി. ഇനി സ്വന്തം ‘യാത്ര’ പുനരാരംഭിക്കാം - വിഷമങ്ങളെ മനസ്സില്‍ നിന്ന് ഇറക്കിവിട്ട്, മറക്കാനാവാത്ത ഒരു സൗഹൃദം കൂടി തന്റെ ‘ക്രെഡിറ്റില്‍’ എഴുതിച്ചേര്‍ക്കാനായതിന്റെ ആഹ്ലാദവുമായി പ്രസന്നമായ മനസ്സോടെ.
----------------------------------------------------------------------------------

പിന്കുറിപ്പ്: ഈ കഥയിലെ എല്ലാ കഥാപാത്രങ്ങളും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാകയാല്‍ തിരിച്ചറിയപ്പെടുന്നത് ഒഴിവാക്കാനായി യഥാര്‍ത്ഥ പേരുകള്‍ മറച്ചു വെച്ചിരിക്കുന്നു. (കഥാനായകനെ (വില്ലന്‍?) തിരിച്ചറിയാന്‍ കവിടി നിരത്തേണ്ട കാര്യമില്ലെന്നത് വേറെ കാര്യം!)
----------------------------------------------------------------------------------

Saturday, 1 May 2010

ഫോണുകള്‍ ചോരുന്നത് അഥവാ കഥകള്‍ ഉണ്ടാകുന്നത്

കഴിഞ്ഞ ആഴ്ച ദേശീയ രാഷ്ട്രീയ രാഷ്ട്രീയത്തില്‍ ചെറുതല്ലാത്ത ഒരു കോളിളക്കം സൃഷ്ടിച്ച ഒരു ‘സംഭവ’മായിരുന്നല്ലോ ‘ഔട്ട്‌ലുക്ക്’ വാരിക ഏപ്രില്‍ അവസാന വാരത്തിലെ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ‘We, The Evesdropped’ എന്ന എക്സ്‌ക്ലൂസീവ് കവര്‍ സ്റ്റോറി? (PDF ഫോര്‍മാറ്റില്‍ ഇവിടെ വായിക്കാം) 2007 - 2010 കാലയളവില്‍ ദേശീയ രാഷ്ട്രീയത്തിലെ പല പ്രമുഖരുടെയും - ഭരണകക്ഷി നേതാക്കളുടേതുള്‍പ്പെടെ  - മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ National Technical Research Organization (NTRO) എന്ന ഏജന്‍സി അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ചോര്‍ത്തിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടിന്റെ ചുരുക്കം. വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്ന് സ്വാഭാവികമായും പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധങ്ങള്‍ ഉയരുകയും തത്‌ഫലമായി ആരോപണങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയും ചെയ്തു. പ്രത്യക്ഷത്തില്‍ത്തന്നെ ദുര്‍ബലമെന്ന് തോന്നിച്ച ഒരു വിശദീകരണമായിരുന്നു സര്‍ക്കാരിനു വേണ്ടി മന്ത്രി ശ്രീ. പി. ചിദംബരം നല്‍കിയത് എന്ന് അതിനെക്കുറിച്ചുള്ള പത്ര വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

ഫോണ്‍ ചോര്‍ത്തല്‍ സംഭവം യഥാര്‍ഥത്തില്‍ ഉണ്ടായോ,  ഉണ്ടായെങ്കില്‍ അതില്‍ സര്‍ക്കാരിനു പങ്കുണ്ടോ ഉണ്ടെങ്കില്‍ എന്ത്, എത്രത്തോളം, ഇല്ലെങ്കില്‍ എന്താണ് യാഥാര്‍ഥ്യം എന്നൊക്കെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയോ സര്‍ക്കാരിനെയോ പ്രതിപക്ഷത്തെയോ  അനുകൂലിക്കുകയോ എതിര്‍ക്കുകയോ അല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. മറിച്ച് നമ്മുടെ നാട്ടിലെ പ്രമുഖ പത്ര മാധ്യമങ്ങളിലെ വാര്‍ത്ത... അല്ല, ‘കഥ’യെഴുത്തുകാരുടെ ‘സൃഷ്ടി വൈദഗ്ദ്ധ്യ’ത്തെയും അത് ഉപയോഗപ്പെടുത്താന്‍ മാധ്യമ മുതലാളിമാര്‍ കാട്ടുന്ന അനല്പമായ താല്പര്യത്തെയും അല്പമെങ്കിലും തുറന്നുകാട്ടുക എന്നതാണ്. (പത്രവാര്‍ത്തകളെ സൂചിപ്പിക്കാന്‍ ‘story’ എന്ന വാക്ക് നിര്‍ദേശിച്ചത് ആരായാലും അത് ‘വാര്‍ത്താ സ്രഷ്ടാക്കളുടെ’ ഭാവനാസമ്പന്നമായ ലോകത്തെ ഏറ്റവും നന്നായി അടുത്തറിഞ്ഞുതന്നെയാകും ചെയ്തത് എന്നു തോന്നുന്നു! )

ആദ്യം ഒരല്പം ‘ഫ്ലാഷ് ബാക്ക്’. 2009 ജൂണ്‍. (കു)പ്രസിദ്ധമായ ‘ലാവലിന്‍ കേസ്’ കേരളത്തിലെ പത്ര - ദൃശ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന നാളുകള്‍. സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന സി പി ഐ എം-ന്റെ സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ശ്രീ. പിണറായി വിജയനെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസില്‍ പ്രതിയായി ഉള്‍പ്പെടുത്താന്‍‍ സി ബി ഐ തീരുമാനിക്കുകയും അതിന് ഗവര്‍ണറുടെ അനുമതി തേടുകയും അനുമതി നല്‍കേണ്ടതില്ലെന്ന നിലപാട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ പിന്‍‌ബലത്തോടെ സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തിരുന്ന സാഹചര്യം.  സര്‍ക്കാരിന്റെ നിലപാട് ഗവര്‍ണര്‍ അംഗീകരിക്കുമോ അതല്ല, പ്രതിപക്ഷ കക്ഷികള്‍ പല വിധത്തില്‍ (പ്രസ്താവനകള്‍,  നിവേദനങ്ങള്‍, സമ്മര്‍ദ തന്ത്രങ്ങള്‍... അങ്ങനെയങ്ങനെ...) ആവശ്യപ്പെട്ടുകൊണ്ടിരുന്നതു പോലെ സര്‍ക്കാരിന്റെ നിലപാടിനെ മറികടന്ന് വിവേചനാധികാരത്തിന്റെ പിന്‍‌ബലത്തില്‍ സി ബി ഐയുടെ പ്രോസിക്യൂഷന്‍ ആവശ്യത്തിന് അനുമതി നല്‍കുമോ എന്ന ആകാംക്ഷ നിറഞ്ഞു നി‍ന്നിരുന്ന ആ സാഹചര്യത്തില്‍ - രണ്ടായാലും സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന പ്രത്യാഘാതം ചെറുതൊന്നുമാവില്ല - സംസ്ഥാന രാഷ്ട്രീയത്തില്‍ അല്പമെങ്കിലും താല്പര്യമുള്ളവരുടെ ശ്രദ്ധ രാജ്‌ഭവനില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കായി കാത്തിരിക്കെ ജൂണ്‍ മൂന്നാം തീയതി രണ്ട് പ്രമുഖ പത്രങ്ങള്‍ പുറത്തിറങ്ങിയത് ശ്രദ്ധേയമായ ഒരു വാര്‍ത്തയുമായിട്ടായിരുന്നു. പ്രോസിക്യൂഷന് അനുമതി നല്‍കുന്ന വിഷയത്തില്‍ ഗവര്‍ണര്‍ക്ക്  മറുപടി നല്‍കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍  അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം  തേടിയതിനു പിന്നാലെ സി പി എം-ന്റെ ഒരു ‘പ്രമുഖ നേതാവ്’ (പേരില്ല!) അഡ്വക്കേറ്റ് ജനറലിന്റെ ഒഫീസിലേക്ക് പല തവണ വിളിച്ചിരുന്നു എന്നും അഡ്വക്കേറ്റ് ജനറലിനെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ ആ വിളികളുടെ വിശദാംശങ്ങള്‍ സി ബി ഐ ശേഖരിക്കുകയും ഗവര്‍ണര്‍ക്ക് നല്‍കുകയും ചെയ്തു എന്നുമായിരുന്നു ‘മനോരമ’യും ‘മാതൃഭൂമി’യും വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്ത.



(‘മനോരമ’ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ അടയാളപ്പെടുത്തിയ പത്ര കട്ടിങ്.)

അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ ഫോണ്‍ സി ബി ഐ ചോര്‍ത്തിയെന്ന് സൂചന നല്‍കുന്ന ഈ റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് അഡ്വക്കേറ്റ് ജനറല്‍ സി ബി ഐയോട് വിശദീകരണം തേടുകയും അത്തരത്തില്‍ ഒരു നിയമവിരുദ്ധ നടപടി തങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്ന് സി ബി ഐ വ്യക്തമാക്കുകയും ചെയ്തു. സി ബി ഐയുടെ വിശദീകരണത്തിന്റെ  വെളിച്ചത്തില്‍ തങ്ങളുടെ റിപ്പോര്‍ട്ടിന്റെ സാധുത അഥവാ സത്യാവസ്ഥ ജനങ്ങളെ അറിയിക്കുക എന്ന സാമാന്യ മാധ്യമ മര്യാദ ‘മഹത്തായ പാരമ്പര്യം’ അവകാശപ്പെടുന്ന ‘മാധ്യമ മഹാരഥി’കളുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് ആരെങ്കിലും കരുതിപ്പോയെങ്കില്‍ തെറ്റി. (ഈ ‘മഹാത്മാ’ക്കളുടെ പ്രവര്‍ത്തനശൈലിയും പാരമ്പര്യവും അല്പമെങ്കിലും പരിചയമുള്ളവരൊന്നും‍ അങ്ങനെയൊരു അമിതപ്രതീക്ഷ വെച്ചു പുലര്‍ത്തില്ല എന്നത് വേറെ കാര്യം!) മറ്റു പല ‘സ്റ്റോറി’കളും പോലെ ‘ഫോണ്‍ ചോര്‍ത്തല്‍ കഥ’യും ഭൂതകാലസ്മരണകളില്‍ വിലയം പ്രാപിച്ചു.

ആ ‘കഥ’ അവിടെ കിടക്കട്ടെ. ഇനി നമുക്ക് ഭൂതത്തെ വിട്ട്  വര്‍ത്തമാനത്തിലേക്ക് തിരിച്ചു വരാം. 2010 ഏപ്രില്‍ അവസാന വാരം. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെ തന്നെയും പ്രമുഖ നേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സി(കള്‍) ചോര്‍ത്തി എന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിഷമവൃത്തത്തില്‍ അകപ്പെട്ട സമയം. ‘വേണ്ടപ്പെട്ടവര്‍’ വിഷമം നേരിടുമ്പോള്‍ തങ്ങളാലാവും വിധം സഹായവുമായി ഓടിയെത്തുക എന്ന മഹത്തായ കടമ നിറവേറ്റാന്‍ അച്ചായനും കൂട്ടരും മറന്നില്ല. 2010 ഏപ്രില്‍ 25. ‘മനോരമ’യുടെ ഒന്നാം പേജില്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെസ്സംബന്ധിച്ച വാര്‍ത്തയോടൊപ്പം ‘ബോക്സ് ഐറ്റം’ ആയി ഒരു ലേഖനം - ‘ഫോണ്‍ ചോര്‍ത്താം; രാജ്യസുരക്ഷയ്ക്കു മാത്രം’ എന്ന തലക്കെട്ടില്‍. (PDF ഫോര്‍മാറ്റില്‍ ഇവിടെ വായിക്കാം.)

(രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ അനുമതി നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലാത്തതു കൊണ്ട് അപ്രകാരമുള്ള ആരോപണങ്ങള്‍ ശരിയായിരിക്കാന്‍ ഇടയില്ലെന്നും അഥവാ ചോര്‍ത്തല്‍ നടന്നെങ്കില്‍ തന്നെ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ചെയ്തതായിരിക്കാം എന്നുമാണ് സൂചന.)

ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്: “ഭരണഘടനയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയുയര്‍ത്തുന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്നവരുടെ നീക്കങ്ങള്‍ കണ്ടെത്താന്‍ മാത്രമേ ഫോണ്‍ ചോര്‍ത്താന്‍ നിയമം അനുവദിക്കുന്നുള്ളൂ. രാഷ്ട്രീയ എതിരാളികളുടെ നീക്കങ്ങള്‍ മനസ്സിലാക്കാനോ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാനോ പൊതുഖജനാവിലെ പണം ചെലവഴിച്ച് ഫോണ്‍ ചോര്‍ത്താന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ അധികാരപ്പെടുത്താനാവില്ല.” കേന്ദ്ര / സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കോ അടിയന്തര സാഹചര്യങ്ങളില്‍ മാത്രം കേന്ദ്രസര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറിക്കോ മാത്രമേ ഇപ്രകാരമുള്ള ഫോണ്‍ ചോര്‍ത്തലിന് അനുമതി നല്‍കാന്‍ അധികാരമുള്ളൂ എന്നും അതിനുള്ള അപേക്ഷ നല്‍കാന്‍ പോലും ഐ ജി തലം മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കു മാത്രമേ  അധികാരമുള്ളൂ എന്നും ലേഖനം തുടര്‍ന്ന് വിശദീകരിക്കുന്നു. വളരെ ശരിയായ, കാര്യമാത്രപ്രസക്തമായ ലേഖനം തന്നെ. പക്ഷേ നിയമ വ്യവസ്ഥകള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ തങ്ങള്‍ തന്നെ പതിനൊന്നു മാസം മുന്‍പ് എഴുതി വിട്ട ഒരു ‘കഥ’യുടെ അടിത്തറ തോണ്ടുന്നതായില്ലേ ഈ ലേഖനം എന്ന ചിന്ത പോലും അച്ചായന്റെ ‘കഥാകൃത്തു’ക്കളുടെയൊന്നും മനസ്സില്‍ ഉയര്‍ന്നില്ലെന്നു മാത്രം! (അതോ  തങ്ങള്‍ സമയാസമയങ്ങളില്‍ സ്വന്തം സൌകര്യവും ആവശ്യവും പോലെ അപ്പപ്പോള്‍ തോന്നുന്ന  ചേരുവകള്‍ അരച്ചു കലക്കി കൊടുക്കുന്ന ‘കഥാരസായനം’ തൊണ്ടതൊടാതെ വിഴുങ്ങുന്ന വിഡ്ഢികളാണ് പൊതുജനം എന്നു കരുതിയോ?)

ലേഖനത്തില്‍ പറയുന്ന വ്യവസ്ഥകളില്‍ ഒന്നു പോലും 2009 ജൂണിനു ശേഷം ‘ആവിര്‍ഭവിച്ച’തല്ല എന്നിരിക്കെ ഭരണഘടനാ സ്ഥാപനമായ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസും ‘പ്രമുഖ സി പി എം നേതാവും’ തമ്മില്‍ ‘നടന്നു എന്നു പറയപ്പെടുന്നു എന്ന് റിപ്പോര്‍ട്ടില്‍ എഴുതപ്പെട്ട’ ഫോണ്‍ സംഭാഷണങ്ങള്‍ സി ബി ഐ ചോര്‍ത്തിയെന്നും അപ്രകാരം (നിയമവിരുദ്ധമായി) നേടിയെടുത്ത വിവരങ്ങള്‍ മറ്റൊരു ഭരണഘടനാ സ്ഥാനമായ ഗവര്‍ണര്‍ക്ക് നല്‍കി എന്നും ‘കഥയെഴുതിയ’ത് ജനങ്ങളെ വിഡ്ഢികളാക്കാനോ അതോ സി ബി ഐ എന്ന അത്യുന്നത അന്വേഷണ സംഘം നിയമവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നു എന്ന് തുറന്നുകാട്ടാനോ?

ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഫോണ്‍ ചോര്‍ത്തല്‍ കഥ മേല്‍പ്പറഞ്ഞ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന നിയമ വ്യവസ്ഥകളുടെ വെളിച്ചത്തില്‍ ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു - ചുമ്മാ ഒരു രസത്തിനാണേയ്! ‘അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലേക്ക് സി പി എം-ന്റെ ഉന്നത നേതാവ് വിളിച്ച’താണല്ലോ സി ബി ഐ ചോര്‍ത്തിയ(തെന്ന് അച്ചായന്‍ & കമ്പനി അവകാശപ്പെടുന്ന)ത്? അങ്ങനെയെങ്കില്‍ ചോര്‍ത്തപ്പെട്ടത് ഒന്നുകില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ ഫോണ്‍, അല്ലെങ്കില്‍ സി പി എം നേതാവിന്റെ ഫോണ്‍. നോക്കാം. അഡ്വക്കേറ്റ് ജനറലിന്റെ ഫോണാണ് ചോര്‍ത്തിയത് എന്നു കരുതാനാവുമോ? അപ്പോഴതാ ലേഖനത്തിലെ ആദ്യ വാക്യം വാ പിളര്‍ന്ന് നില്‍ക്കുന്നു:‘ഭരണഘടനയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയുയര്‍ത്തുന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്നവരുടെ നീക്കങ്ങള്‍ കണ്ടെത്താന്‍ മാത്രമേ ഫോണ്‍ ചോര്‍ത്താന്‍ നിയമം അനുവദിക്കുന്നുള്ളൂ.’ ഭരണഘടനാ സ്ഥാപനമായ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് തന്നെ ‘ഭരണഘടനയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണി’യുയര്‍ത്തിയോ? ഏയ്... അങ്ങനെ പറയാന്‍ മാത്രമുള്ള ‘കഥയില്ലായ്മ’ അച്ചായന്റെ ‘കഥാകൃത്തുക്കള്‍’ കാണിക്കുമോ? അഡ്വക്കേറ്റ് ജനറലിന്റെ ഫോണ്‍ ചോര്‍ത്തിയില്ലെന്ന് സി ബി ഐ തന്നെ അദ്ദേഹത്തെ രേഖാമൂലം അറിയിച്ചിട്ടുമുണ്ടല്ലോ.  അപ്പോള്‍പ്പിന്നെ ചോര്‍ത്തിയത് സി പി എം നേതാവിന്റെ ഫോണായിരിക്കണം. വരട്ടെ. നോക്കാം. സി പി എം നേതാവിന്റെ ഫോണില്‍ എന്തൊക്കെ സംഭാഷണങ്ങള്‍ നടക്കാം? ഒന്നുകില്‍ വ്യക്തിപരമായ കാര്യങ്ങള്‍, കുടുംബ കാര്യങ്ങള്‍... അല്ലെങ്കില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ഒക്കെ. അപ്പോഴോ? ദാണ്ടെ കിടക്കുന്നു വാക്യം നമ്പര്‍ രണ്ട്: ‘രാഷ്ട്രീയ എതിരാളികളുടെ നീക്കങ്ങള്‍ മനസ്സിലാക്കാനോ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാനോ’ ഫോണ്‍ ചോര്‍ത്താന്‍ പറ്റില്ലെന്ന്. ചുരുക്കിപ്പറഞ്ഞാല്‍ ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ എഴുതി വിട്ട ‘കഥ’കളില്‍ ഒരെണ്ണമെങ്കിലും വെറും ‘കഥയില്ലായ്മ’ മാത്രമായിരുന്നു എന്ന് പതിനൊന്നു മാസത്തിനു ശേഷം അച്ചായനും കൂട്ടരും ‘ആരുമറിയാതെ’ സമ്മതിച്ചിരിക്കുന്നു എന്നു തന്നെ!

സത്യസന്ധമായ നിസ്വാര്‍ഥ ജനസേവനമല്ലാതെ മറ്റു യാതൊരു വിധ ‍താല്പര്യങ്ങളുമില്ലാത്ത അച്ചായന്മാരുടെയും വീരന്മാരുടെയും ‘ഫാക്ടറി’കളില്‍ രാവും പകലും പേനയുന്തിയും കട്ടയടിച്ചും വളര്‍ന്നു വരുന്ന ഭാവനാസമ്പന്നരായ കഥാകൃത്തുക്കളില്‍ നിന്ന് ഉറവെടുക്കുന്ന ഇതുപോലുള്ള കഥകള്‍ തുടര്‍ന്നും അനര്‍ഗളം പ്രവഹിക്കുമെന്ന് ദശലക്ഷക്കണക്കിന് വായനക്കാര്‍ പ്രതീക്ഷിക്കുന്നു. സത്യസന്ധവും കാര്യമാത്രപ്രസക്തവുമായ ലേഖനങ്ങളോ റിപ്പോര്‍ട്ടുകളോ പ്രസിദ്ധീകരിച്ച് പാവം കഥാകൃത്തുക്കളുടെ സര്‍ഗശേഷിയും ആത്മവീര്യവും ‘ചോര്‍ത്തി’ക്കളയുന്ന ‘കടും‌കൈകള്‍’ ഇനിയെങ്കിലും ആവര്‍ത്തിക്കരുത് എന്നും താല്പര്യപ്പെടുന്നു!

---------------------------------------------------------------------------
കടപ്പാട്: ‘മനോരമ’ പത്രത്തിന്റെ കോപ്പി ലഭ്യമാക്കിയ ‘ദേശാഭിമാനി’ കണ്ണൂര്‍ യൂണിറ്റ്; പത്ര കട്ടിങ് സ്കാന്‍ ചെയ്ത് അയച്ചു തന്ന സുഹൃത്ത് ഭാനുപ്രകാശ് എന്നിവരോട്.

Saturday, 20 March 2010

ആദ്യ പ്രണയം...

1990 നവംബര്‍ 1. അന്നായിരുന്നു അവള്‍ ആദ്യമായി ക്ലാസ്സില്‍ വന്നത്. നീണ്ടു മെലിഞ്ഞ, ഗോതമ്പിന്റെ നിറമുള്ള (‘വീറ്റിഷ് കോം‌പ്ലക്‍ഷന്‍’ എന്ന് ആധുനിക മലയാളിയുടെ “മാതൃഭാഷ”യില്‍ പറയുന്നതു പോലെ) ഒരു കൊച്ചു സുന്ദരിക്കുട്ടി - ഒരു ‘സ്ലിം ബ്യുട്ടി’. ഒന്നു കണ്ടാല്‍ത്തന്നെ ആര്‍ക്കും ഒന്ന് ഓമനിക്കാന്‍ തോന്നിപ്പോകും ആ സുന്ദരിയെ. 8D-യില്‍ ഞങ്ങളെ മാത്‌സ് പഠിപ്പിച്ചിരുന്ന ബെന്നി മാഷായിരുന്നു അവളെ ക്ലാസ്സില്‍ കൂട്ടിക്കൊണ്ടു വന്നതും ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിത്തന്നതും.

പരിചയപ്പെട്ട ആദ്യ നാളുകളില്‍ എന്റെ സ്വഭാവത്തിന്റെ പ്രത്യേകത കൊണ്ടാവാം, അവളുമായി ഒരല്പം അകല്‍ച്ച പാലിക്കാനാണ് തോന്നിയത്. എങ്കിലും പ്രഥമ ദര്‍ശനത്തില്‍ത്തന്നെ ഏതോ ഒരു അഭൌമ ശക്തി എന്നെ അവളിലേക്ക് അടുപ്പിക്കുന്നോ എന്നും തോന്നാതിരുന്നില്ല - ‘മുജ്ജന്മ ബന്ധം’ എന്നൊക്കെ പറയുന്നത് ഇതുപോലെ വല്ലതിനെയുമാണോ ആവോ? കൂട്ടുകാരെന്നു പറയാന്‍ കാര്യമായി ആരും ഇല്ലാതിരുന്ന എനിക്ക് വരും ദിവസങ്ങളില്‍ നല്ല ഒരു കൂട്ടുകാരിയായിരിക്കും അവള്‍ എന്ന് ഒരു തോന്നല്‍...

ആദ്യമായി ക്ലാസ്സില്‍ വന്നു കയറിയ ദിവസം മുതല്‍ എന്നും മുടങ്ങാതെ കൃത്യസമയത്ത് ക്ലാസ്സില്‍ എത്തുമായിരുന്ന അവളോട് തോന്നിയ വികാരത്തില്‍ സ്നേഹത്തേക്കാളേറെ ബഹുമാനമായിരുന്നോ? അറിയില്ല. ബെന്നി മാഷിന്റെ ‘പെറ്റ്’ ആയ അവളോട് അല്പമെങ്കിലും ബഹുമാനം നിലനിര്‍ത്തുന്നതാണ് ‘ബുദ്ധി‘യെന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട, ‘ആള്‍ താമസ’മുള്ള ഏതു ‘തല’യ്ക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ.

പരിചയപ്പെട്ട ആദ്യ നാളുകളില്‍ ഞാന്‍ അവളോട് സംസാരിച്ചതേയില്ല. (സ്വഭാവം അറിയാതെ ഇടിച്ചു കയറിച്ചെന്ന് മുട്ടി വെറുതെ തടി കേടാക്കണ്ടല്ലോ?!) ഏഴാം ദിവസമാണ് ഞാന്‍ അവളോട് ആദ്യമായി സ്വതന്ത്രമായി സംസാരിച്ചത്. പരിചയപ്പെടലിന്റെ ഔപചാരികതകളില്ലാത്ത ആദ്യ സല്ലാപം. ഏതാനും നിമിഷങ്ങള്‍ കൊണ്ടുതന്നെ അവളെ എനിക്ക് വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു. പരിചയം സൌഹൃദമായി വളരാന്‍ ഏറെയൊന്നും താമസമുണ്ടായില്ല. എന്നെ ഏറെ സ്നേഹിക്കുന്ന ഏറ്റവും അടുത്ത നല്ല കൂട്ടുകാരിയായി മാറുകയായിരുന്നു അവള്‍. പിന്നീടങ്ങോട്ട് വാചാലമായ മൌനത്തിലൂടെ ഞങ്ങള്‍ ആരുമറിയാതെ പതിവായി സല്ലാപങ്ങളിലേര്‍പ്പെട്ടു പോന്നു. മറവി കൊണ്ടും അശ്രദ്ധ കൊണ്ടും അപൂര്‍വം ചിലപ്പോള്‍ വികൃതി കൊണ്ടും ചെയ്യാറുണ്ടായിരുന്ന കൊച്ചുകൊച്ചു തെറ്റുകളില്‍ നിന്ന് സ്നേഹപൂര്‍ണമായ ശാസനയോടെ എന്നെ നേര്‍ വഴിയിലേക്ക് നയിക്കുന്നത് അവള്‍ സ്വന്തം കര്‍ത്തവ്യമായി സ്വീകരിച്ചിരുന്നുവെന്ന് തോന്നിയിരുന്നു ചിലപ്പോള്‍. സ്കൂള്‍ ജീവിതത്തില്‍ ആദ്യമായി ക്ലാസ്സില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്‍‌തള്ളപ്പെട്ടിരുന്ന എനിക്ക് ‘അവകാശ’പ്പെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിക്കണമെന്ന വാശി ഉള്ളില്‍ പൂര്‍വാധികം ജ്വലിപ്പിച്ചതും അവള്‍ തന്നെ.

*******

ദിവസങ്ങള്‍ ആഴ്ചകളും മാസങ്ങളുമായി വളര്‍ന്നു.  അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ മികച്ച പ്രകടനം  പുറത്തെടുത്ത് രാഹുലിനെ പിന്‍‌തള്ളി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതോടെ അവളുമായുള്ള അടുപ്പം ദൃഢതരമാകുകയായിരുന്നു. അടക്കി നിര്‍ത്താനാവാത്ത ഒരു ആവേശം പോലെ. ഒരു ദിവസം കണ്ടില്ലെങ്കില്‍, മൌനമായെങ്കിലും ‘സംസാരിച്ചില്ലെ’ങ്കില്‍ മനസ്സ് അസ്വസ്ഥമാകുന്നതു പോലെ... ആദ്യ പ്രണയത്തിന്റെ ആകുലതകള്‍? ഇടയ്ക്ക് വല്ലാതെ സ്നേഹം തോന്നുന്ന ചില അത്യപൂര്‍വ നിമിഷങ്ങളില്‍ അവള്‍ കൈവെള്ളയില്‍ പ്രണയസമ്മാനമെന്നോണം അര്‍പ്പിക്കാറുള്ള ചെറു ചുംബനങ്ങള്‍ പതുക്കെ ഒരു ലഹരിയായി മാറുന്നത് തിരിച്ചറിയാന്‍ വൈകിയില്ല. ആഴ്ചയില്‍ ഒന്നു രണ്ടു തവണയെങ്കിലും ആ സ്നേഹചുംബനങ്ങള്‍ ഏറ്റുവാങ്ങാതെ ‘ഉറക്കം വരില്ലെ’ന്ന അവസ്ഥ. എന്റെ ‘ദൌര്‍ബല്യം’ തിരിച്ചറിഞ്ഞിട്ടോ എന്തോ, അവള്‍ സന്തോഷപൂര്‍വം സഹകരിക്കുന്നതും പതിവായി.

1991 ജനുവരി 15. സമയം 12.10. ഉച്ചയ്ക്കു മുന്‍പുള്ള അവസാന‍ പിരിയഡ് മാത്‌സാണ്. ബെന്നി മാഷിന്റെ നാല്‍പ്പതു മിനിറ്റ്. പതിവു പോലെ ക്ലാസ്സിലെത്തിയ സാര്‍ മുഖവുരയൊന്നുമില്ലാതെ നേരെ കാര്യപരിപാടികളിലേക്കു കടന്നു. ആദ്യം ‘ചോദ്യോത്തര വേള’യാണ്. ‘ചോദ്യോത്തരം’ എന്ന് പറയുന്നുണ്ടെങ്കിലും മിക്കപ്പോഴും സാറിന്റെ ചോദ്യങ്ങളുടെ മഹാപ്രളയത്തില്‍ കുട്ടികളുടെ ഉത്തരങ്ങള്‍ മുങ്ങിപ്പോകുകയാണ് പതിവ്. ‘ചോദ്യോത്തര പരിപാടി’യില്‍ സാറിന് ചില നിബന്ധനകളുണ്ട്. ഒന്ന്, ചോദ്യം ചോദിച്ചു കഴിയുന്ന ഉടന്‍ ഉത്തരം തുടങ്ങിയിരിക്കണം. ‘സ്റ്റാര്‍ട്ടിങ് ട്രബ്‌ള്‍’ ഉള്ളവര്‍ക്ക് നോ രക്ഷ. രണ്ട്: പറഞ്ഞു തുടങ്ങിയ ശേഷം ഇടയ്ക്ക് തെറ്റിയെന്നു തോന്നിയാല്‍ തിരുത്താന്‍ ‘നോ ചാന്‍സ്‘. (വാക്കിന് വിലയുണ്ടായിരിക്കണം - മാറ്റിപ്പറയരുത്!) പറഞ്ഞു വന്ന ഉത്തരം തെറ്റിയെന്നു മനസ്സിലായാല്‍ പിന്നെ മൌനമാണ് ഉത്തമം - മാനനഷ്ടത്തിനു പുറമേ ‘ഊര്‍ജ നഷ്ടം‘ കൂടി വരുത്തിവെക്കേണ്ടല്ലോ?

ആദ്യ ചോദ്യത്തിന് ശരിയുത്തരം പറയാനായാല്‍ ‘രക്ഷപ്പെട്ടു’ എന്നു കരുതിയെങ്കില്‍ തെറ്റി. ആദ്യ റൌണ്ടില്‍ ക്ലാസ് മുഴുവന്‍ ‘കവര്‍’ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ശരിയുത്തരം പറഞ്ഞവരുടെ ‘രണ്ടാമൂഴ’മാണ്. ചോദ്യങ്ങളുടെ ‘പെരുമഴക്കാലം’. പലപ്പോഴും ഒരേ ചോദ്യം തന്നെ തിരിച്ചും മറിച്ചും ആവര്‍ത്തിക്കും - വളച്ചൊടിച്ച്. ഒരേ കാര്യം പല തവണ ആവര്‍ത്തിച്ച് തിരിച്ചും മറിച്ചും ചോദിച്ചു കൊണ്ടിരുന്നാല്‍ ഏത് വമ്പനും ഒരു നിമിഷം ഒന്ന് പതറുമെന്ന ‘പോലീസ് മന:ശാസ്ത്ര’ത്തില്‍ സാറിന് ‘തകര്‍ക്കാന്‍ പറ്റാത്ത വിശ്വാ‍സ’മുണ്ടായിരുന്നെന്ന് തോന്നുന്നു.

(സാറിന്റെ ‘യുദ്ധ തന്ത്ര’ത്തിന്റെ ഏകദേശരൂപം പിടികിട്ടാന്‍ ലളിതമായ ഒരു ‘സാം‌പിള്‍’: ജ്യാമിതിയിലെ ഏറ്റവും പ്രശസ്തമായ സിദ്ധാന്തം - ‘പൈതഗോറസ് തിയറം’ -മട്ടത്രികോണത്തിന്റെ (right-angled triangle) കര്‍ണത്തിന്റെ(hypotenuse)യും മറ്റു വശങ്ങളുടെയും നീളങ്ങള്‍ തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന, മലയാളത്തില്‍ ‘പാദം2 + ലംബം2 = കര്‍ണം2’ അഥവാ a2 + b2 = c2 എന്ന് സമവാക്യ രൂപത്തില്‍ ഏതു കുട്ടിയും ‘മന:പാഠം’ പറയുന്ന സിദ്ധാന്തത്തെക്കുറിച്ചുള്ള ചോദ്യം സാറിന്റെ നാവില്‍ വരുന്നത് ഇങ്ങനെയാവും: ‘ഒരു മട്ട ത്രികോണത്തിന്റെ പാദത്തിന്റെ നീളം ‘a’യും ലംബത്തിന്റേത് ‘b’-യും കര്‍ണത്തിന്റേത് ‘c’യും ആണെങ്കില്‍ (a2 + b2 + c2)/2-ന്റെ വര്‍ഗമൂലം (square root) എന്തായിരിക്കും?‘ a2 + b2 = c2 ആണെന്നും അതുകൊണ്ട് a2 + b2 + c2 = 2c2 => (a2 + b2 + c2)/2 = c2; അതിന്റെ വര്‍ഗമൂലം ‘c’ അഥവാ ‘കര്‍ണം’ ആണെന്നും സെക്കന്‍‌ഡുകള്‍ക്കകം മനക്കണക്ക് കൂട്ടാന്‍ കഴിയാത്തവന്‍ ‘സമ്മാനം’ വാങ്ങാന്‍ എത്രയും വേഗം ഒരുങ്ങുന്നതാവും നല്ലത്. (സാറിന്റെ ‘ശൈലി’ ഇനിയും കൂടുതല്‍ വിശദീകരിക്കേണ്ടല്ലോ?))

അന്നത്തെ ‘യുദ്ധം’ ആദ്യ രണ്ടു റൌണ്ട് എളുപ്പം കഴിഞ്ഞു. കീഴടങ്ങാതെ നില്‍പ്പുള്ളത് ഈയുള്ളവനും പിന്നെ പഠിത്തത്തില്‍ എന്റെ ഏക എതിരാളിയായ രാഹുലും മാത്രം. (സ്കൂള്‍ ജീവിതത്തില്‍ എന്നെ പഠിത്തത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തേക്ക് - താല്‍ക്കാലികമായെങ്കിലും - പിന്‍‌തള്ളാന്‍ കഴിഞ്ഞ നേട്ടം രാഹുലിനു മാത്രം സ്വന്തമാണ്.) സാര്‍ അടുത്ത റൌണ്ടിനുള്ള തയ്യാറെടുപ്പോടെ എന്റെ അടുത്തേക്ക്. ചോദ്യശരവര്‍ഷം ആരംഭിക്കുകയായി. സാറിന്റെ ശൈലി നന്നായി അറിയാവുന്നതു കൊണ്ട് പ്രത്യസ്ത്രങ്ങളുമായി ‘ഏകാഗ്രതയുടെ ആള്‍‌രൂപ’മായി ഞാന്‍. ചോദ്യങ്ങളെ തുടര്‍ച്ചയായി വളച്ചൊടിക്കാനുള്ള ശ്രമത്തില്‍ സാര്‍ പോലും അറിയാതെ ചോദ്യങ്ങളില്‍ തെറ്റുകള്‍ കടന്നുകൂടുന്നത് തിരിച്ചറിയാനായത് ആ ഏകാഗ്രത ഒന്നുകൊണ്ടു മാത്രം. എന്നെ ‘കീഴടക്കാന്‍’ സാര്‍ പെടുന്ന പാടു കണ്ട് എനിക്ക് എന്തോ വിഷമം തോന്നി. ഒന്നുമല്ലെങ്കിലും സാറല്ലേ... ഇങ്ങനെ വല്ലാതെ ‘അദ്ധ്വാനിപ്പിക്കു’ന്നത് ശരിയല്ല’ എന്ന മട്ടില്‍. പിന്നെ അധികം ആലോചിച്ചില്ല, തീരുമാനമെടുക്കാന്‍. കുറേ നേരം അങ്ങനെ ‘ഓടിച്ച’ ശേഷം ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം തെറ്റിച്ച് തോറ്റുകൊടുക്കുക - കൊച്ചു കുട്ടികളോടൊപ്പം കളിക്കുമ്പോള്‍ അവരുടെ സന്തോഷത്തിനു വേണ്ടി തോറ്റു കൊടുക്കുന്നതു പോലെ.

അധികനേരം കാത്തിരിക്കേണ്ടിവന്നില്ല പറ്റിയ അവസരം വന്നെത്താന്‍. ഇരുപത്തഞ്ചോളം ചോദ്യങ്ങളെ വിജയകരമായി നേരിട്ട ശേഷം ഒരു ‘സിം‌പിള്‍’ ചോദ്യത്തിന് ഉത്തരം മന:പൂര്‍വം തെറ്റിച്ചു - ശ്രദ്ധ പതറിയതു കൊണ്ടെന്നോണം. ‘ഹാവൂ...! രക്ഷപ്പെട്ടു...!’ എന്ന് സാര്‍ ആശ്വസിച്ചിരിക്കാം! അധികം വൈകാതെ രാഹുലും കീഴടങ്ങി. ഇനി കൈകള്‍ക്ക് ‘എക്‍സര്‍സൈസ്’ - സാറിനും കുട്ടികള്‍ക്കും.

ആദ്യ ഊഴം ഒന്നാമത്തെ ബെഞ്ചില്‍ ഇടത്തേയറ്റത്ത് ഇരിക്കുന്ന പ്രശാന്തിന്റേത്. പതിവുപോലെ കൈ നീട്ടിയ പ്രശാന്തിനു നേരെ സാറിന്റെ ‘ഓര്‍ഡര്‍’: ‘രണ്ടു കൈയും...’ ആരൊക്കെയോ ഒന്നു ഞെട്ടിയോ? ഞെട്ടാതിരുന്നവരെ കൂ‍ടി ഞെട്ടിച്ച് സാറിന്റെ ‘പ്രഖ്യാപനം’ പിന്നാലെ എത്തി - ‘ഇന്ന് അടി അഞ്ചെണ്ണമായിരിക്കും’. ‘നീലാകാശത്തു നിന്നൊരു വെള്ളിടി’ പോലെ എത്തിയ പ്രഖ്യാപനം നല്‍കിയ ഞെട്ടലില്‍ നിന്ന് മോചനമേകാനെന്നോണം ഒരു വിശദീകരണം പിന്നാലെ എത്തി. ‘ആദ്യത്തെ രണ്ടടി രണ്ടു കൈയിലുമായി... ടു ഇന്റു ടു - ഫോര്‍. പിന്നെ ഒന്ന് ഒരു കൈയില്‍ മാത്രമായും. അങ്ങനെ അഞ്ച്...’ ഫലത്തില്‍ അടി മൂന്നെണ്ണമേയുള്ളൂ എന്ന് ചുരുക്കം. ‘വിശദീകരണം’ കേട്ടപ്പോള്‍ ചിരിയാണ് വന്നതെങ്കിലും പാടുപെട്ട് അടക്കി. (വിധിച്ചത് മേടിച്ചാല്‍ പോരേ... (അടിയെ) വിളിച്ചു കയറ്റേണ്ടല്ലോ?)

അധികം കാത്തുനില്‍ക്കേണ്ടി വന്നില്ല. സാര്‍ എന്റെ മുന്‍പിലെത്തി. ഒറ്റയ്ക്കല്ല, കൂടെ അവളും ഉണ്ട് - എന്റെ കൂട്ടുകാരി. അവള്‍ എന്നെ നോക്കി ഒന്ന് ‘കണ്ണിറുക്കി’യോ? ‘നിനക്ക് ഇന്ന് നല്ല ‘സമ്മാനം’ വെച്ചിട്ടുണ്ട് സാര്‍...’ പ്രണയത്തിന്റെ ‘മൌനഭാഷ’ നല്ല വശമായിരുന്നല്ലോ എനിക്ക്. ‘സാരമില്ല. എന്നാലും ഞാനേ ജയിക്കൂ... നീ നോക്കിക്കോ...’

കൈ നീട്ടും മുന്‍പ് സാറിന്റെ ചോദ്യം എത്തി: ‘വിജിത്ത്, നീയല്ലേ ഇപ്പോള്‍ ക്ലാസ്സില്‍ ഫസ്റ്റ്?’ ‘അതെ സര്‍’ ‘അതായത് നീ ക്ലാസ്സിലെ മറ്റു കുട്ടികള്‍ക്ക് മാതൃകയാകേണ്ടവനാണ്. അപ്പോള്‍ നിനക്കു തരുന്ന ശിക്ഷയും മാതൃകാപരമാകണം. അതു കൊണ്ട്...’ ഒരു നിമിഷം നിര്‍ത്തി സാര്‍ തുടര്‍ന്നു: ‘നിനക്ക് അടി അഞ്ചല്ല, ആറെണ്ണമായിരിക്കും. എന്താ?’ നേരത്തേ മനസ്സില്‍ അടക്കിപ്പിടിച്ചിരുന്ന ചോദ്യം അടക്കി നിര്‍ത്താനായില്ല സാറിന്റെ ‘കുസൃതിച്ചോദ്യം’ കേട്ടപ്പോള്‍. ‘സര്‍, രണ്ടടി രണ്ടു കൈയിലുമായിട്ടാകുമ്പോള്‍ ‘ടു ഇന്റു ടു - ഫോര്‍‘ എന്നതിനെക്കാള്‍ ’ടു ബൈ ടു ഈക്വല്‍ ടു വണ്‍‘ എന്നല്ലേ കൂടുതല്‍ ശരിയാകുക?’ ‘വിനീതവിധേയ ശിഷ്യന്റെ’ ചോദ്യം സാറിനെ ഒരു നിമിഷം അമ്പരപ്പിച്ചിരിക്കുമെന്ന് ഉറപ്പ്. ‘വൈഡ്’ എന്നു കരുതിയ പന്തില്‍ ‘ക്ലീന്‍ ബൌള്‍ഡ്’ ആയ ബാറ്റ്‌സ്‌മാനെപ്പോലെ ഒരു നിമിഷം നിന്ന സാര്‍ പെട്ടെന്നു തന്നെ ‘സമനില’ വീണ്ടെടുത്തു. ‘ആ കണക്ക് ഏതായാലും തല്‍ക്കാലം വേണ്ട. എന്റെ കണക്കു മതി. ങും...’ ബാക്കി പറഞ്ഞില്ലെങ്കിലും ആ മൂളലിന്റെ അര്‍ഥം മനസ്സിലാക്കാന്‍ ഗണിച്ചുനോക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു. ഇരു കൈകളും മുഴുനീളത്തില്‍ മുന്നോട്ടു നീട്ടിപ്പിടിച്ചു - അല്പം വലത്തോട്ട് തിരിഞ്ഞ്, ക്ലാസ്സിലെ കുട്ടികള്‍ക്കു മുഴുവന്‍ കാണാനാവും വിധം. രണ്ടര മാസം കൊണ്ട് എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായി മാറിക്കഴിഞ്ഞിരുന്ന ആ ‘സുന്ദരിക്കുട്ടി’യുടെ മുന്‍പില്‍ കൈകള്‍ നീട്ടിക്കൊടുക്കാന്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.

നീട്ടിപ്പിടിച്ച കൈവെള്ളകളില്‍ അവളുടെ ആദ്യ ‘ചുംബനം‘. നേരിയ വേദന മാത്രം. പിന്നാലെ രണ്ടെണ്ണം കൂടി. ‘എണ്ണം തികഞ്ഞ’ സ്ഥിതിക്ക് കൈ പിന്‍‌വലിക്കാമായിരുന്നെങ്കിലും സാറിന്റെ ‘മനസ്സു വായിച്ചി’ട്ടെന്ന പോലെ ഞാന്‍ അതേപടി തന്നെ നിന്നു. വീണ്ടും രണ്ടു തവണ കൂടി. ‘ങും...’ സാറിന്റെ അടുത്ത മൂളല്‍ എന്റെ തലച്ചോറിലെ ‘ബഹുഭാഷാ വിദഗ്ദ്ധന്‍’ പരിഭാഷപ്പെടുത്തി: ‘ഇപ്പോഴത്തേക്ക് ഇതു മതി.. ഇരുന്നോളൂ...’ കൈകള്‍ പിന്‍‌വലിച്ച് ബെഞ്ചില്‍ ഇരുന്നപ്പോള്‍ വലതു കൈവെള്ളയില്‍ ചോര പൊടിഞ്ഞിരുന്നത് ആരുമറിഞ്ഞില്ല - അറിയിച്ചില്ല എന്നു പറയുന്നതാകും കൂടുതല്‍ ശരി.

ഇനി അടുത്തയാളിന്റെ ഊഴം. സാറിന്റെ കൈവിരലുകളില്‍ തൂങ്ങി നിഷ്കളങ്കയായ ഒരു കൊച്ചു കുട്ടിയെപ്പോലെ അവള്‍ അടുത്ത കൂട്ടുകാരന്റെ അടുത്തേക്കു നീങ്ങുന്നതു നോക്കി ഇരുന്നപ്പോള്‍ എന്തായിരുന്നു മനസ്സില്‍...? അന്നോളം നല്‍കിയതില്‍ വെച്ച് ഏറ്റവും ‘ആസ്വാദ്യ’വും ‘ഹൃദ്യവുമായ’  പ്രണയചുംബനങ്ങള്‍ സമ്മാനിച്ച കൂട്ടുകാരിയോടുള്ള അനവദ്യ പ്രണത്തിന്റെ ആര്‍ദ്രതയോ? അതോ അവള്‍ സമ്മാനിച്ച ചുംബനങ്ങള്‍ സഹര്‍ഷം ഏറ്റുവാങ്ങാനായതിന്റെ നിര്‍വൃതിയോ? അതോ ഏറെ പണിപ്പെട്ട് ധൈര്യം സംഭരിച്ച് അവതരിപ്പിച്ച ‘ടു ബൈ ടു തിയറം’ സാര്‍ ‘അംഗീകരിക്കാതിരുന്ന’തിന്റെ ‘നിരാശ’യോ? ഏതായാലും ചോര പൊടിയുന്ന കൈവെള്ളയില്‍ തെളിഞ്ഞുകിടന്ന ചൂരല്‍‌പ്പാടുകള്‍ നല്‍കിയ നീറ്റലിന്റെ ‘സുഖം’ നുകരാന്‍ ഉച്ചയ്ക്ക് ഊണു കഴിക്കുവോളം കാത്തിരിക്കേണ്ടിവന്നു എന്ന ‘വിഷമം’ മാത്രം ബാക്കിയായി...!!

*******

‘അടി’ക്കുറിപ്പ്: ഈ കഥയിലെ ചെറിയ ഒരു ഭാഗം ഒഴികെ ഒന്നും സാങ്കല്പികമോ ഭാവനാസൃഷ്ടമോ അല്ല. കഥാകൃത്തിന്റെ വിദ്യാഭ്യാസ ജീവിതത്തില്‍ നിന്നുള്ള ഒരു സംഭവത്തെ അല്പം ഭാവന കൂടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്നു എന്നു മാത്രം. ഈ കഥയിലെ എല്ലാ കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരോ ജീവിച്ചിരുന്നവരോ ആണ്. ആകയാല്‍ അവരില്‍ ആരെങ്കിലും ഇത് വായിക്കുന്ന പക്ഷം കഥാ‍കൃത്തിന്റെ കഴുത്തിനു പിടിക്കാന്‍ വരരുത് എന്ന് അഭ്യര്‍ഥിച്ചുകൊള്ളുന്നു.

(ഈ 'പ്രണയ കഥ'യെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടെ വരാം.)